
തിരുവനന്തപുരം: തലസ്ഥാന കോർപറേഷൻ വാർഡുകളിലെ പോളിംഗ് സ്റ്റേഷനുകളിലേക്കുള്ള സാമഗ്രികളുടെ വിതരണ കേന്ദ്രത്തിൽ കൊവിഡ് പ്രോട്ടോക്കോൾ കാറ്റിൽപ്പറത്തി ഉദ്യോഗസ്ഥർ തിക്കിത്തിരക്കി. കൊവിഡ് പശ്ചാത്തലത്തിൽ ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ കോർപറേഷന് നിർദ്ദേശം നൽകിയിരുന്നെങ്കിലും അതുണ്ടായില്ല. രണ്ടര മണിക്കൂറോളം തിരക്ക് തുടർന്നു. കളക്ടർ ഇടപെട്ട് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ഉൾപ്പെടെ സ്ഥലത്തെത്തിയാണ് ഉദ്യോഗസ്ഥരുടെ കൂട്ടം ഒഴിവാക്കിയത്.
കൊവിഡ് മാനദണ്ഡങ്ങൾ അവഗണിച്ച് ഉദ്യോഗസ്ഥരെ ഒരു സ്ഥലത്ത് ഒരേസമയം വിളിച്ചുകൂട്ടിയതിൽ ജില്ലാ ഭരണകൂടത്തിനും ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കുന്നതിൽ കോർപറേഷനും ഗുരുതരമായ വീഴ്ചയാണുണ്ടായത്. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ജില്ലാ ഭരണകൂടത്തോട് വിശദീകരണം തേടി.
ഇന്നലെ രാവിലെ എട്ടിനാണ് കോർപറേഷൻ പരിധിയിൽ ഡ്യൂട്ടിക്കു നിയോഗിച്ച ഉദ്യോഗസ്ഥർ പോളിംഗ് സാമഗ്രികളുടെ വിതരണകേന്ദ്രമായ നാലാഞ്ചിറ മാർ ഇവാനിയോസ് വിദ്യാനഗറിലെ സർവോദയ വിദ്യാലയത്തിലെത്തിയത്. നാല് റിട്ടേണിംഗ് ഓഫീസർമാരാണ് കോർപറേഷനിലുള്ളത്. 25 വാർഡുകൾ വീതം സ്‌കൂളിലെ നാല് സ്ഥലങ്ങളിലായാണ് സാമഗ്രികളുടെ വിതരണം നടന്നത്. 814പോളിംഗ് ബൂത്തുകളാണ് നഗരത്തിലുള്ളത്. ഒാരോ ബൂത്തിലും അഞ്ച് ഉദ്യോഗസ്ഥർ വീതമുണ്ട്. 15 ശതമാനം പേരെ പകരക്കാരായും വിളിച്ചിരുന്നു. അഞ്ചു പേരും എത്തി ഒപ്പിട്ടാൽ മാത്രമേ സാമഗ്രികൾ വിതരണം ചെയ്യൂവെന്നായിരുന്നു റിട്ടേണിംഗ് ഓഫീസർമാരുടെ നിർദ്ദേശം. ഇതാണ് ആൾക്കൂട്ടത്തിന് കാരണമായത്. ഭക്ഷണം വിതരണം ചെയ്ത സ്ഥലത്തും തിരക്കായിരുന്നു. 10മണിക്ക് മണ്ണന്തല പൊലീസ് സ്റ്റേഷനിൽ നിന്ന് ഒരു ജീപ്പും 10.15ന് ഡെപ്യൂട്ടി കമ്മിഷണർ ദിവ്യ ഗോപിനാഥും എത്തി. സബ്കളക്ടർ മാധവിക്കുട്ടി, കോർപറേഷൻ സെക്രട്ടറി ബിനി തുടങ്ങിയവരുമായി സംസാരിച്ചു. അതിനിടെ ആൾക്കൂട്ടം ഒഴിവാക്കാൻ അനൗൺസ്‌മെന്റ് നടത്തി. തുടർന്ന് ഓരോ ബൂത്തിലെയും പ്രിസൈഡിംഗ് ഓഫീസറും ഫസ്റ്റ് പോളിംഗ് ഓഫീസറും മാത്രം സാമഗ്രികൾ വാങ്ങാൻ എത്തിയാൽ മതിയെന്ന് നിർദ്ദേശിച്ചു. തുടർന്നാണ് ആൾക്കൂട്ടത്തിന് അയവുണ്ടായത്.
തിരക്ക് ഒഴിവാക്കാമായിരുന്നു
സർവോദയ വളപ്പിലെത്തിയ ഉദ്യോഗസ്ഥരെ അതത് വാഹനത്തിൽ കയറ്റി പോളിംഗ് സ്റ്റേഷനിലെത്തിച്ച ശേഷം സെക്ടറൽ ഓഫീസർമാരുടെ നേതൃത്വത്തിൽ സാമഗ്രികൾ ബൂത്തുകളിലെത്തിച്ചെങ്കിൽ തിരക്ക് ഒഴിവാക്കാമായിരുന്നു. അല്ലെങ്കിൽ സാമഗ്രികളുടെ വിതരണം നാല് റിട്ടേണിംഗ് ഓഫീസർമാരുടെ നേതൃത്വത്തിൽ നാല് കേന്ദ്രങ്ങളിലായി നടത്തേണ്ടിയിരുന്നതായും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.