
തിരുവനന്തപുരം: ഇന്നലെ നടന്ന നിശബ്ദ പ്രചാരണത്തിനുശേഷം മുന്നണികൾ വിജയസാദ്ധ്യതയെക്കുറിച്ച് രാത്രിവൈകിയും കണക്കെടുത്തെങ്കിലും പല സ്ഥലങ്ങളിലും പിടിതരാതെ നിൽക്കുകയാണ് വോട്ടർമാരുടെ മനസ്. മുന്നണികൾക്ക് സ്വാധീനമുള്ള വാർഡ് പ്രദേശങ്ങളിലെ സ്ഥാനാർത്ഥികൾ, പൊതുസമ്മതനായ സ്ഥാനാത്ഥികൾ എന്നിവരാണ് ഇതിനോടകം വിജയം ഉറപ്പിച്ചിട്ടുള്ളത്. എന്നാലും അമിത ആത്മവിശ്വാസം അപകടമാകുമെന്ന വിലയിരുത്തലിനെ തുടർന്ന് പ്രവർത്തനത്തിൽ അല്പംപോലും അലംഭാവം ഉണ്ടാകാതിരിക്കാൻ ശ്രമിക്കുകയാണ് പ്രവർത്തകർ. മാസ് സ്‌ക്വാഡ് ഓരോ വാർഡ് അടിസ്ഥാനത്തിലും വിവിധ മുന്നണികൾ നടത്തി. കൊവിഡ് നിയന്ത്രണം അനുസരിച്ച് പ്രവർത്തകരെ കൂടുതലായി പങ്കെടുപ്പിക്കരുതെന്ന നിയമം ഉണ്ടായിരുന്നെങ്കിലും കൊടികളുമായി നൂറുകണക്കിന് പ്രവർത്തകരാണ് മാസ് സ്‌ക്വാഡിൽ പങ്കെടുത്തത്. വീടുകളിൽ കയറി വോട്ടഭ്യർത്ഥന നടത്താതെ റോഡിലൂടെ നിശബ്ദമായി നടന്നായിരുന്നു പ്രചാരണം. ഏറ്റവും കൂടുതൽ ആൾക്കാരെ പങ്കെടുപ്പിക്കുന്ന മുന്നണി ജയിക്കുമെന്ന തോന്നലുണ്ടാക്കുന്നതിലൂടെ ആടി നിൽക്കുന്ന വോട്ടുകൾ തങ്ങളുടെ പെട്ടിയിലാക്കുക എന്നതായിരുന്നു ലക്ഷ്യം. സ്ഥാനാർത്ഥികൾ ഒറ്റയ്‌ക്ക് സന്ദർശനം നടത്തി വോട്ട് ഉറപ്പിക്കുകയും ചെയ്‌തു. കൊടിതോരണങ്ങൾ അലങ്കരിക്കുന്നതിനെച്ചൊല്ലി ചിലയിടങ്ങളിൽ ചില്ലറ വാഗ്വാദങ്ങളുമുണ്ടായി. പോളിംഗ് ഏജന്റുമാരായി പാർട്ടി തലത്തിൽ തീരുമാനിച്ച പ്രവർത്തകർക്ക് പാസ് ഇന്നലെ വൈകിട്ടോടെ എത്തിച്ചു.
ഓരോ വോട്ടും ഉറപ്പിച്ച്
-------------------------------------
ഇതുവരെയുള്ള പ്രചാരണം വോട്ടർമാരെ സ്വാധീനിക്കാനുള്ള ശ്രമം മാത്രമാണെന്നും തങ്ങൾക്ക് അനുകൂലമായ വോട്ടുകൾ കൃത്യമായി ചെയ്യിക്കുന്നതിലാണ് തങ്ങളുടെ വിജയമെന്നും മുന്നണികൾ കരുതുന്നു. അതിനായി കൃത്യമായ പദ്ധതികളാണ് മുന്നണികൾ തയ്യാറാക്കിയിട്ടുള്ളത്. നിശ്ചിത എണ്ണം വീടുകളുടെ ചുമതല ഒന്നോ രണ്ടോ പ്രവർത്തകർക്ക് വീതം തിരിച്ചുനൽകിയാണ് തങ്ങളുടെ വോട്ടുകൾ ഉറപ്പിക്കാൻ എൽ.ഡി.എഫ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ഉച്ചയ്‌ക്ക് മുമ്പ് പോളിംഗ് ബൂത്തിലെത്താത്ത വോട്ടർമാരുടെ ലിസ്റ്റെടുത്ത് കൃത്യമായി എത്തിക്കാനാണ് പദ്ധതി. യു.ഡി.എഫും ബി.ജെ.പിയും സമാനമായ പദ്ധതികൾക്ക് രൂപം നൽകിയിട്ടുണ്ട്.
കണക്കൂകൂട്ടൽ തകൃതി
------------------------------------------------
ജില്ലാ പഞ്ചായത്തിൽ 2010ലുണ്ടായ വിജയം ആവർത്തിക്കാനാണ് യു.ഡി.എഫിന്റെ പരിശ്രമം. എന്നാൽ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാൾ മികച്ച റിസൾട്ടാണ് എൽ.ഡി.എഫ് ലക്ഷ്യമിടുന്നത്. നിലവിലെ തങ്ങളുടെ സ്ഥിതി മെച്ചപ്പെടുത്താനാണ് ബി.ജെ.പി യുടെ പരിശ്രമം. 26 ഡിവിഷനുകൾ അടങ്ങുന്ന ജില്ലാ പഞ്ചായത്തിൽ 2010ൽ യു.ഡി.എഫ് - 14, എൽ.ഡി.എഫ്–12 എന്നതായിരുന്നു സ്ഥിതി. കഴിഞ്ഞതവണ 26ൽ 19 ഡിവിഷനും ഇടതുമുന്നണി നേടി. യു.ഡി.എഫ് ആറിലൊതുങ്ങി. വെങ്ങാനൂർ ഡിവിഷനിൽ ബി.ജെ.പി ആദ്യമായി ജയിച്ചു. വികസന പ്രവർത്തനങ്ങളുടെ ഫലമായി മൂന്നിൽ രണ്ടു സീറ്റും നേടുമെന്നാണ് എൽ.ഡി.എഫിന്റെ പ്രതീക്ഷ. പതിനഞ്ചിൽ കൂടുതൽ സീറ്റുകളുമായി ഭരണം നേടുമെന്നാണ് യു.ഡി.എഫ് കണക്കാക്കുന്നത്. കുറഞ്ഞത് അഞ്ചു സീറ്റുകളെങ്കിലും എൻ.ഡി.എ പ്രതീക്ഷിക്കുന്നു. 2010ൽ 11 ബ്ലോക്ക് പഞ്ചായത്തുകളിൽ അഞ്ചെണ്ണം എൽ.ഡി.എഫും ആറെണ്ണം യു.ഡി.എഫും നേടിയിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരെണ്ണം യു.ഡി.എഫും ബാക്കിയെല്ലാം എൽ.ഡി.എഫും നേടി. 2010ൽ ജില്ലയിലെ 73 ഗ്രാമപഞ്ചായത്തുകളിൽ 32 എണ്ണം എൽ.ഡി.എഫ്, 39 യു.ഡി.എഫ് എന്നതായിരുന്നു സ്ഥിതി. എന്നാൽ 2015ൽ 49 എൽ.ഡി.എഫിനും 21 യു.ഡി.എഫിനും മൂന്നെണ്ണം ബി.ജെ.പി.ക്കുമാണ് ലഭിച്ചത്. നാല് കോർപറേഷനുകളും ഭരണവും എൽ.ഡി.എഫിനായിരുന്നു.