
തിരുവനന്തപുരം: തെക്കൻ കേരളത്തിലെ പ്രമുഖരിൽ മിക്കവരും ആദ്യ മണിക്കൂറുകളിൽ തന്നെ വോട്ടിടും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ രാവിലെ ഏഴിന് പട്ടം ഗവ. മോഡൽ ഹയർ സെക്കൻഡറിസ്കൂളിൽ വോട്ട് ചെയ്യാനെത്തും. കേന്ദ്രമന്ത്രി വി. മുരളീധരൻ കൊച്ചുള്ളൂരിലെ ബൂത്തിൽ ഉച്ചയ്ക്ക് 12ന് വോട്ടിടും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആലപ്പുഴയിലെ തൃപ്പെരുന്തുറയിൽ രാവിലെ എട്ടിനും, ഐ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കൈതമന എൻ.എസ്.എസ് സ്കൂളിൽ രാവിലെ 9നും വോട്ടിടും.
ഡോ. ശശി തരൂർ എം.പി രാവിലെ 11ന് ജവഹർ നഗർ സ്കൂളിലും, കെ. മുരളീധരൻ എം.പി കോട്ടൺഹിൽ സ്കൂളിൽ രാവിലെ ഒമ്പതരയ്ക്കും വോട്ടിടും. സുരേഷ്ഗോപി എം.പിയും ഒ. രാജഗോപാൽ എം.എൽ.എയും ശാസ്തമംഗലം രാജാ കേശവദാസ് സ്കൂളിൽ രാവിലെ വോട്ടിടും. എം.എൽ.എമാരായ വി.എസ്. ശിവകുമാറും ശബരീനാഥനും രാവിലെ എട്ടോടെ കുടംബസമേതം ഇതേ സ്കൂളിൽ വോട്ടിടും. സി.പി.എം പോളിറ്റ് ബ്യൂറോ അംഗങ്ങളായ എം.എ. ബേബി സെന്റ് ജോസഫ് സ്കൂളിൽ രാവിലെ 10നും എസ്. രാമചന്ദ്രൻ പിള്ള 11ന് ബാർട്ടൻ ഹിൽ സ്കൂളിലും വോട്ട് ചെയ്യും.
യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ രാവിലെ 9.30ന് ജഗതി സ്കൂളിലും കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം. സുധീരൻ കുന്നുകുഴി സ്കൂളിൽ രാവിലെ 10നും, ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ ഫോർട്ട് ഹൈസ്കൂലും വോട്ട് രേഖപ്പെടുത്തും.
ആർച്ച് ബിഷപ്പ് ഡോ. സൂസപാക്യവും ബിഷപ്പ് ഡോ. ക്രിസ്തുദാസും രാവിലെ 8ന് ജവഹർ നഗറിലെ ബൂത്തിൽ വോട്ടു ചെയ്യും. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് രാവിലെ 7.15ന് സെന്റ് ജോസഫ് സ്കൂളിലും സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ ചെമ്പഴന്തി വാർഡിലെ മനയ്ക്കൽ എൽ.പി സ്കൂളിൽ രാവിലെ 7നും സംസ്ഥാന ട്രഷറർ ജെ. ആർ. പത്മകുമാർ രാവിലെ 7ന് പട്ടം സെന്റ് മേരീസ് സ്കൂളിലും സംസ്ഥാന സെക്രട്ടറി സി. ശിവൻകുട്ടി തിരുമല ഹൈസ്കൂളിൽ രാവിലെ എഴിനുംവോട്ടിടും.
ശിവഗിരിയിലെ സന്ന്യാസിമാർ മട്ടിൻമൂട് ജംഗ്ഷനിലെ ഇറിഗേഷൻ ഓഫീസിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തും. ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ ഇറിഗേഷൻ ഓഫീസിലെ ബൂത്തിലും, ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അരുവിപുറത്തും വോട്ടിടും.