
വികസന വിരുദ്ധർക്കെതിരായ ജനവിധിയാവും ഈ തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടാവുക. വർഗീയതയ്ക്കെതിരെ മൃദുസമീപനം സ്വീകരിച്ചതിനുള്ള ശിക്ഷ യു.ഡി.എഫ് ഏറ്റുവാങ്ങുന്ന ജനവിധി കൂടിയാവും ഇത് .
വിഷമകരമായ സാമൂഹ്യ സാഹചര്യങ്ങളിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഇടതുപക്ഷ സർക്കാർ മികച്ച രീതിയിൽ ഭരണ നിർവ്വഹണം നടത്തിയത്. ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തവും, നാടിനെ ഗ്രസിച്ച മഹാരോഗവും , സംസ്ഥാനങ്ങളുടെ സാമ്പത്തിക സുസ്ഥിരതയെ തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങളും കേരളത്തിന്റെ പുരോഗതിക്ക് തടസ്സമായി. ജി.എസ്.ടി നടപ്പാക്കിയപ്പോൾ സംസ്ഥാന വരുമാനത്തിൽ വലിയ ഇടിവാണുണ്ടായത്.ഇന്ത്യയിൽ എവിടെയുമില്ലാത്ത സാമൂഹ്യസുരക്ഷാ പെൻഷനുകൾ എല്ലാ വിഭാഗം ജനങ്ങൾക്കും വിപുലമായ അളവിൽ വിതരണം ചെയ്യാനായി. ആറ് ദശലക്ഷം കുടുംബങ്ങൾക്കാണ് ഇതിന്റെ പരിരക്ഷയുറപ്പായത്. വിദ്യാഭ്യാസം ഡിജിറ്റലാക്കിയതിന്റെ ഗുണം അതിസാധാരണക്കാരായ കുട്ടികൾക്കാണ് . ആരോഗ്യരംഗത്തെ നവീകരണം കൊവിഡ്കാല പ്രതിരോധത്തെയും നിപ്പ രോഗപ്രതിസന്ധിയെയും ആത്മവിശ്വാസത്തോടെ അതിജീവിക്കാൻ സഹായിച്ചു.
ഭൂപരിഷ്കരണ നിയമങ്ങൾക്ക് ശേഷമുണ്ടായ എറ്റവും മികച്ച സാമൂഹ്യസുരക്ഷാ പദ്ധതിയാണ് ലൈഫ്. ഇന്ത്യയിലെ കൃഷിക്കാരാകെ കേന്ദ്രനയത്തിനെതിരെ രോഷാകുലരായി മുന്നോട്ട് വരുമ്പോൾ, കേരളത്തിലെ ഇടതുപക്ഷസർക്കാർ കൃഷിക്കാർക്ക് പരിരക്ഷയുറപ്പാക്കി. കിഫ്ബി വഴി 54000 കോടിയുടെ വികസനപ്രവർത്തനങ്ങൾ അതിവേഗത്തിൽ നടപ്പാക്കാനായത് കേരളത്തിന്റെ ഭാവിയെ മുൻകൂട്ടിക്കണ്ടുള്ള മികച്ച മൂലധന നിക്ഷേപമാണ്.
ന്യൂനപക്ഷങ്ങൾക്കും ദളിതർക്കും സ്ത്രീകൾക്കും ആദിവാസികൾക്കും പരിരക്ഷയും പരിഗണനയുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് ദേശശ്രദ്ധയാകർഷിച്ചു.
ഈ നാലര വർഷക്കാലത്ത് യു.ഡി.എഫ് കൂടുതൽ വർഗ്ഗീയപക്ഷത്തേക്ക് ചാഞ്ഞിരിക്കുന്നു. ഒരേസമയം ജമാഅത്തെ ഇസ്ലാമിയുടെ വെൽഫെയർ പാർട്ടിയോടും ബി.ജെ.പിയോടും മൃദുസമീപനമാണ്. പെട്രോളിയം വിലവർദ്ധനവിനെതിരെ ശബ്ദമുയർത്താൻ അവർക്കാവുന്നില്ല. അഴിമതിയുടെ ഭാഗമായി രണ്ട് യു.ഡി.എഫ് എം.എൽ.എമാർ ജയിലിലായി. വലിയ ജനവിഭാഗത്തിന്റെ പിന്തുണയുള്ള കേരള കോൺഗ്രസ്-എം മുന്നണി വിട്ടതോടെ യു.ഡി.എഫ് കൂടുതൽ ദുർബലമായി.
കേരളത്തിൽ ബി.ജെ.പി തമ്മിലടിയുടെ പേരിലാണ് ശ്രദ്ധിക്കപ്പെടുന്നത്. പല പ്രമുഖ നേതാക്കളും പ്രചാരണരംഗത്തില്ല. അക്രമരാഷ്ട്രീയ, കൊലപാതക രാഷ്ട്രീയനിലപാടുകളെ പ്രോത്സാഹിപ്പിക്കുന്ന ബി.ജെ.പി നിലപാടിന് ഇവിടെ അംഗീകാരം കിട്ടില്ല. നാല് കേന്ദ്ര ഏജൻസികളും സി.എ.ജിയും കേരളസർക്കാരിനെ അട്ടിമറിക്കാൻ ഓവർടൈം പ്രവർത്തിക്കുകയാണ്.
കേരളത്തിലെ സാധാരണ ജനങ്ങൾ ഈ സർക്കാരിന്റെ നേട്ടങ്ങളിൽ സംതൃപ്തരാണ്. തൊഴിലില്ലായ്മപ്രശ്നത്തെ മുഖ്യമായി കണ്ടുള്ള പരിഹാരനിർദ്ദേശങ്ങളാണ് എൽ.ഡി.എഫ് മാനിഫെസ്റ്റോ മുന്നോട്ടുവയ്ക്കുന്നത്. അടിത്തട്ടിലെ സാധാരണക്കാരെ പൊതുധാരയിലേക്കെത്തിക്കാനുള്ള മൈക്രോ പ്ലാനിംഗ് ഭാവികേരളത്തിന് ഏറെ ഗുണമാകും.മതനിരപേക്ഷതയുടെ കാര്യത്തിൽ ഓരോ ജില്ലയിലും ഓരോ നിലപാടാണ് യു.ഡി.എഫിന്. ഏത് വർഗീയതയോടും എൽ.ഡി.എഫിന് വിട്ടുവീഴ്ചയില്ല. പൗരത്വനിയമഭേദഗതിയുൾപ്പെടെ ന്യൂനപക്ഷ വിരുദ്ധ നിയമനിർമ്മാണങ്ങളെ എതിർക്കുന്നതിൽ മുഖ്യമന്ത്രിയും എൽ.ഡി.എഫും ഏറ്റവും മുൻപന്തിയിലാണെന്ന വിശ്വാസം ജനങ്ങൾക്കുണ്ട്.കേരളത്തിന്റെ ആർജ്ജിത നേട്ടങ്ങളെ സംരക്ഷിച്ച് കൂടുതൽ മികവിലേക്ക് സംസ്ഥാനത്തെ നയിക്കാൻ പിണറായി വിജയന്റെ നേതൃത്വത്തിൽ കേരള സർക്കാർ നടത്തുന്ന പരിശ്രമങ്ങൾക്ക് വലിയ ജനപിന്തുണ ലഭിക്കും. യു.ഡി.എഫിന്റെ കൂട്ടത്തകർച്ചയ്ക്കാണ് തിരഞ്ഞെടുപ്പാനന്തരം കേരളം സാക്ഷിയാവുക. ഇടതുപക്ഷ തുടർഭരണത്തിലേക്ക് കേരളം നീങ്ങും.