
മലയിൻകീഴ്: മാറനല്ലൂർ ഡി.വി.എം.എൻ.എൻ.എം ഹയർ സെക്കൻഡറി സ്കൂളിൽ പോളിംഗ് മെഷീൻ ഉൾപ്പടെയുള്ള സാധനങ്ങൾ വാങ്ങാനെത്തിയവരുടെ തിരക്ക് കാരണം മാറനല്ലൂരിലും പരിസര പ്രദേശത്തും മണിക്കൂറുകളോളം ഗതാഗതം കുരുങ്ങി. പൊലീസ് ഏറെ പണിപ്പെട്ടാണ് ഗതാഗതകുരുക്ക് പരിഹരിച്ചത്. ഏഴ് പഞ്ചായത്തുകളിലെ 285 ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണമാണ് ഇവിടെ നടന്നത്. ഇത് കൈപ്പറ്റിയ ഉദ്യോഗസ്ഥർ പോകുന്നതിനുള്ള സ്വകാര്യ ബസുകളാണ് ഗതാഗതക്കുരുക്കിന് കാരണമായത്.
തിരക്കേറിയ ബാലരാമപുരം- കാട്ടാക്കട റോഡിന്റെ ഇരുവശങ്ങളിലുമായി ബസുകൾ പാർക്ക് ചെയ്തതിനാൽ മറ്റ് വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കുന്നുണ്ടായിരുന്നില്ല.
ഇരുചക്ര വാഹനയാത്രികർ ഉൾപ്പെടെ ഒന്നര മണിക്കൂറോളം റോഡിൽ കുരുങ്ങി. പുന്നാവൂർ, ചീനിവിള റോഡിൽ നിന്ന് എത്തിയ വാഹനങ്ങൾക്ക് പ്രധാന റോഡിലേക്ക് കടക്കാനാകാതെ വന്നതോടെ ഇടറോഡുകൾ ഉൾപ്പടെ ചെറുതും വലുതുമായ വാഹനങ്ങൾ കൊണ്ട് നിറഞ്ഞു. കാട്ടാക്കട ഭാഗത്ത് നിന്ന് എത്തിയ ആംബുലൻസിന് പോലും കടന്നുപോകാനാകാതെ വന്നതോടെ നാട്ടുകാരും ഗതാഗത നിയന്ത്രണം ഏറ്റെടുത്തു.
റോഡിന്റെ വശങ്ങളിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസുകൾ മുൻഗണനാ ക്രമമനുസരിച്ച് നിരനിരയായി ഒന്നര കിലോമീറ്ററോളം ദൂരത്തിൽ പാർക്ക് ചെയ്തതിന് ശേഷമാണ് ഗതാഗതക്കുരുക്കിന് പരിഹാരമായത്. കൊവിഡ് മാദണ്ഡങ്ങൾ പാലിച്ചാണ് പോളിംഗ് സാമഗ്രികളുടെ വിതരണം നടന്നതെന്നും വൈകിട്ട് മൂന്നോടെ വിതരണം പൂർത്തിയാക്കി എല്ലാവരെയും അവരുടെ പോളിംഗ് സ്‌റ്റേഷനുകളിൽ എത്തിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.