v

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ തലസ്ഥാനം ഇന്ന് വിധിയെഴുതും. ജില്ലയിലെ 3,281 പോളിംഗ് ബൂത്തുകളിലായി 28,26,190 സമ്മതിദായകരാണ് വോട്ടവകാശം വിനിയോഗിക്കുന്നത്. രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്.ആകെ വോട്ടർമാരിൽ 14,89,287 പേർ സ്ത്രീകളും 13,36,882 പേർ പുരുഷന്മാരും 21 പേർ ട്രാൻസ്‌ജെൻഡേഴ്സുമാണ്. ത്രിതല പഞ്ചായത്തുകളിൽ 18,37,307 പേർക്കാണു സമ്മതിധാനാവകാശമുള്ളത്. ഇതിൽ 8,63,363 പേർ പുരുഷൻമാരും 9,73,932 പേർ സ്ത്രീകളും 12 പേർ ട്രാൻസ്‌ജെൻഡേഴ്സുമാണ്.തിരുവനന്തപുരം കോർപറേഷനിൽ ആകെ 8,02,799 വോട്ടർമാരുണ്ട്. 3,84,726 പുരുഷന്മാരും 4,18,065 സ്ത്രീകളും എട്ടു ട്രാൻസ്‌ജെൻഡേഴ്സുമുണ്ട്. നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിൽ ആകെ വോട്ടർമാർ 64,475 ആണ്. ഇതിൽ 30,239 പുരുഷന്മാരും 34,236 സ്ത്രീകളുമുണ്ട്. നെടുമങ്ങാട് മുനിസിപ്പാലിറ്റിയിൽ 25,879 പുരുഷന്മാരും 30,086 ഒരു ട്രാൻസ്‌ജെൻഡറുമടക്കം 55,966 വോട്ടർമാരുണ്ട്. ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലെ 32,658 വോട്ടർമാരിൽ 17,675 പേർ പുരുഷന്മാരും 14,983 പേർ സ്ത്രീകളുമാണ്. വർക്കല മുനിസിപ്പാലിറ്റിയിൽ 15,000 പുരുഷന്മാരും 17,985 സ്ത്രീകളുമടക്കം 32,985 വോട്ടർമാരാണുള്ളത്.1,727 തദ്ദേശ സ്ഥാപന വാർഡുകളാണ് ജില്ലയിലുള്ളത്.73 ഗ്രാമപഞ്ചായത്തുകളിലായി 1,299 വാർഡുകളും 11 ബ്ലോക്ക് പഞ്ചായത്തുകളിലായി 155 വാർഡുകളും ജില്ലാ പഞ്ചായത്തിൽ 26 വാർഡുകളുമാണ് ത്രിതല പഞ്ചായത്തുകളിലുള്ളത്. നാലു മുനിസിപ്പാലിറ്റികളിലായി 147 ഡിവിഷനുകളുണ്ട്. തിരുവനന്തപുരം കോർപറേഷനിൽ 100 വാർഡുകളാണുള്ളത്. ജില്ലയിലെ ആകെ പോളിംഗ് സ്റ്റേഷനുകളിൽ 814 എണ്ണം നഗരമേഖലയിലാണ്. 2,467 ഗ്രാമീണ പോളിംഗ് സ്റ്റേഷനുകളുമുണ്ട്. 16,405 ജീവനക്കാരെയാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്. പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്നലെ പൂർത്തിയായി. ബൂത്തുകളിൽ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ ഉൾപ്പെടെയുള്ള പോളിംഗ് സാമഗ്രികൾ എത്തിച്ചു. ഇവയുടെ സുരക്ഷയ്ക്ക് പ്രത്യേക പൊലീസ് സംഘത്തെയും വിവിധ ബൂത്തുകളിലായി നിയോഗിച്ചിട്ടുണ്ട്.