kseb

തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി കൊണ്ടുവരുമ്പോഴുണ്ടാകുന്ന അധികച്ചെലവിന്റെ ബാദ്ധ്യതകൂടി ഉപഭോക്താക്കളുടെ മണ്ടയ്ക്കാവുന്ന സ്ഥിതിയായി. പ്രസരണ ചാർജിൽ പവർ ഗ്രിഡ് കോർപറേഷൻ വരുത്തിയ മാറ്റത്തിനെതിരെ കെ.എസ്.ഇ.ബി നൽകിയ ഹർജി ഹൈക്കോടതി തള്ളിയതോടെയാണ് അധികബാദ്ധ്യത വൈദ്യുതി ബില്ലിൽ ചുമത്തുമെന്നുറപ്പായത്. അടുത്ത രണ്ടു വർഷത്തിനുള്ളിൽ കെ.എസ്.ഇ.ബി 1000 കോടിയോളം രൂപയാണ് പവർ ഗ്രിഡ് കോർപറേഷന് അധികം നൽകേണ്ടിവരിക. ഈ ഭാരം ഉപഭോക്താക്കളിലേക്ക് കൈമാറുമ്പോൾ യൂണിറ്റിന് 50 പൈസയെങ്കിലും വൈദ്യുതി നിരക്ക് കൂട്ടേണ്ടിവരുമെന്നാണ് കരുതുന്നത്.

അന്തർ സംസ്ഥാന വൈദ്യുതി ലൈനുകളുടെ പ്രസരണ നിരക്ക് അവ കടന്നുപോകുന്ന സംസ്ഥാനങ്ങൾ തുല്യമായി വഹിക്കണമെന്നാണ് പവർഗ്രിഡ് കോർപറേഷന്റെ തീരുമാനം. അതാണ് കേരളത്തിന് വിനയായത്. ഇക്കാര്യത്തിൽ ഇളവുതേടിയാണ് കെ.എസ്.ഇ.ബി ഹൈക്കോടതിയെ സമീപിച്ചത്. വൈദ്യുതി ഉത്പാദനച്ചെലവ് അടുത്ത വർഷത്തെ കെ.എസ്.ഇ.ബിയുടെ അധികച്ചെലവായി കണക്കിൽ വരികയും അതിന്റെ ബാദ്ധ്യത ഉപഭോക്താക്കളിൽ ചുമത്തുകയുമാണുണ്ടാവുക.

പവർ ഗ്രിഡ് കോർപറേഷന് അനുകൂലമായി റെഗുലേറ്ററി കമ്മിഷൻ ഇറക്കിയ ഉത്തരവിൽ ഇടപെടാൻ ന്യായം കാണുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എ.കെ.ജയശങ്കരൻനമ്പ്യാർ ഹർജി തള്ളിയത്. അന്തർസംസ്ഥാന വൈദ്യുതി ലൈനുകളുടെ പ്രസരണനിരക്ക് അവ കടന്നുപോകുന്ന സംസ്ഥാനങ്ങളാണ് വഹിച്ചിരുന്നത്. എന്നാൽ,​ ഉപയോഗിക്കാത്ത ലൈനുകളുടെ ശേഷിയുടെ ചെലവും എല്ലാ സംസ്ഥാനങ്ങളും കൂടി വഹിക്കണം എന്നാണ് പവർഗ്രിഡ് കോർപറേഷൻ ആവശ്യപ്പെടുന്നത്. കേരളത്തിനാവശ്യമായ വൈദ്യുതിയുടെ ഭൂരിഭാഗവും അന്തർസംസ്ഥാന ലൈനുകളിലൂടെയാണ് വരുന്നത്. എന്നാൽ,​ ലൈൻ ശേഷി പൂർണമായും വിനയോഗിക്കാത്ത സംസ്ഥാനങ്ങളുടെ വിഹിതവും കൂടി കേരളം നൽകേണ്ടിവരും. നവംബർ ഒന്നുമുതലാണിത് നിലവിൽ വന്നത്.

ഹൈക്കോടതി ഉത്തരവിന്റെ പകർപ്പുകിട്ടിയ ശേഷം തുടർനടപടി തീരുമാനിക്കുമെന്ന് വൈദ്യുതി ബോർഡ് ചെയർമാൻ അറിയിച്ചു. സുപ്രീംകോടതിയെ സമീപിക്കാനാണ് നീക്കം. നിയമപോരാട്ടത്തിൽ അനുകൂല വിധി ഉണ്ടായില്ലെങ്കിൽ സംസ്ഥാനത്ത് വൈദ്യുതി ചാർജ് വർദ്ധന അനിവാര്യമാകും.