
തിരുവനന്തപുരം: കൊവിഡ് മൂലം പ്രവർത്തനങ്ങൾ മന്ദഗതിയിലായതിനാൽ ഐ.എസ്.ആർ.ഒ.യുടെ അഭിമാന പദ്ധതിയായ ഗഗൻയാൻ ബഹിരാകാശ മനുഷ്യ ദൗത്യത്തിന്റെ വിക്ഷേപണം ഒരുവർഷം വൈകുമെന്ന് ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ. കെ. ശിവൻ പറഞ്ഞു.
ഗഗൻയാനിന്റെ മുന്നോടിയായി ആദ്യത്തെ ആളില്ലാ ബഹിരാകാശ പരീക്ഷണ പേടകം ഇൗ മാസം വിക്ഷേപിക്കേണ്ടതായിരുന്നു. അത് ആറുമാസത്തേക്കെങ്കിലും മാറ്റിവെയ്ക്കേണ്ടിവരും.
2021 ഡിസംബറിലാണ് നാല് ഇന്ത്യൻ ബഹിരാകാശ യാത്രികരുമായി ഇന്ത്യയുടെ സ്വന്തം ബഹിരാകാശ പേടകം വിക്ഷേപിക്കാനിരുന്നത്. ഇതിന് മുന്നോടിയായി ഇൗ വർഷം ഡിസംബറിലും അടുത്ത വർഷം ജൂണിലും ഒാരോ ആളില്ലാ പേടകം ബഹിരാകാശത്തേക്ക് അയക്കേണ്ടതായിരുന്നു. എന്നാൽ കൊവിഡ് മൂലം പദ്ധതിപ്രവർത്തനങ്ങളിൽ കാലതാമസമുണ്ടായി. പുതിയ സമയ ക്രമം പ്രഖ്യാപിച്ചിട്ടില്ല. 2018 ലെ സ്വാതന്ത്ര്യദിന സന്ദേശത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഗഗൻയാൻ പദ്ധതി പ്രഖ്യാപിച്ചത്.
കൊവിഡ് ഇന്നലെ 3272
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 3272 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 33,758 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.69 ആണ്. 23 മരണങ്ങളും സ്ഥിരീകരിച്ചു. 2859 പേർക്ക് സമ്പർക്ക രോഗബാധ. 328 പേരുടെ ഉറവിടം വ്യക്തമല്ല. 36 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. 4705 പേരുടെ ഫലം നെഗറ്റീവായി. 59,467 പേരാണ് ചികിത്സയിലുള്ളത്. നിരീക്ഷണത്തിലുള്ളത് 3,09,887 പേർ.