pinarayi-vijayan

തിരുവനന്തപുരം: നാലര വർഷത്തെ എൽ.ഡി.എഫ് ഭരണത്തിൽ സംസ്ഥാനത്താകെയുണ്ടായ വികസന, ക്ഷേമ പ്രവർത്തനങ്ങൾക്ക് അംഗീകാരമേകുന്ന ജനവികാരമാണ് നാട്ടിലെന്നും, സർക്കാരിനെതിരെ വലതുപക്ഷം സംഘടിതമായി നടത്തുന്ന നുണപ്രചാരണങ്ങൾക്ക് ജനങ്ങൾ വിലകൽപ്പിക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുജനാധിപത്യ മുന്നണി ചരിത്രവിജയം നേടും. യു.ഡി.എഫിന്റെ നെടുംകോട്ടകൾ തകരുന്നതും ബി.ജെ.പിയുടെ കേരള പ്രതീക്ഷകൾ വീണ്ടും അസ്തമിക്കുന്നതുമായിരിക്കും ഈ തിരഞ്ഞെടുപ്പ് ഫലം. പ്രളയം, ഓഖി, നിപ പോലുള്ള ദുരന്തകാലത്തും കൊവിഡ് കാലത്തും ജനങ്ങൾ പട്ടിണിയാകാതിരിക്കാനും ജനജീവിതം ദുരിതക്കയത്തിലേക്ക് വീഴാതിരിക്കാനുമാണ് സർക്കാർ ശ്രദ്ധിച്ചത്. ലോക്ക്ഡൗൺ കാലത്ത് കമ്മ്യൂണിറ്റി കിച്ചൺ സ്ഥാപിച്ചും മരുന്നും ഭക്ഷണവുമെത്തിച്ചും അന്യസംസ്ഥാന തൊഴിലാളികളെ സംരക്ഷിച്ചും വൈദ്യുതി നിരക്കിലും റോഡ് നികുതിയിലും സബ്‌സിഡി നൽകിയും കേരളം രാജ്യത്തിന് മാതൃകയായി.
സർക്കാരിനെതിരെ അപവാദകഥകളുടെ പ്രളയം സൃഷ്ടിച്ച് 'അഴിമതിക്കെതിരെ വോട്ട്' എന്ന് പറഞ്ഞവർ അഴിമതിയുടെ ആഴങ്ങളിൽ മുങ്ങുകയാണ്. പ്രതിപക്ഷ നേതാവിനെതിരെ വരെ ഗുരുതരമായ കോഴയാരോപണമുയർന്നു. പാലാരിവട്ടം പാലം പോലെ തകർന്നുവീഴുകയാണ് ആ മുന്നണി. ദുരാരോപണങ്ങൾ മാദ്ധ്യമസഹായത്തോടെ പ്രചരിപ്പിക്കുന്നതല്ലാതെ മറ്റൊന്നും പറയാനാവാത്ത അവസ്ഥയിലാണ്. ഒാരോ തിരഞ്ഞെടുപ്പിലും കേരളം പിടിക്കുമെന്ന് അവകാശപ്പെടാറുള്ള ബി.ജെ.പിക്ക് ഇന്ന് അത്തരമൊരു അവകാശവാദമുന്നയിക്കാൻ കെല്പില്ല. കേന്ദ്ര അന്വേഷണ ഏജൻസികളെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ദുരുപയോഗിക്കുന്ന അവർ പ്രചാരണരംഗത്ത് വർഗീയതയുടെ വിഷം കലർത്താനും ശ്രമിക്കുന്നു.
. ആധുനിക ചികിത്സാ സംവിധാനങ്ങളുള്ള ആശുപത്രി ശൃംഖലയും, ഹൈടെക്കായി മാറിയ പൊതുവിദ്യാലയങ്ങളും, പച്ചപ്പും ഉത്പാദനക്ഷമതയും വീണ്ടെടുത്ത കൃഷിയിടങ്ങളും നാടിന്റെ മുഖം മാറ്റി. കിടപ്പാടം വിദൂര സ്വപ്‌നമായിരുന്ന രണ്ടര ലക്ഷത്തിലധികം കുടുംബങ്ങൾ സ്വന്തം വീടുകളിൽ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നു. ക്ഷേമപെൻഷനുകൾ വാങ്ങുന്നവരുടെ മുഖങ്ങളിലെ നിറഞ്ഞ ചിരിയും ഈ സർക്കാരിന്റെ നേട്ടമാണ്. അസാദ്ധ്യമെന്നെഴുതിത്തള്ളിയ ഗെയിൽ പൈപ്പ്‌ലൈൻ ഉൾപ്പെടെയുള്ള പദ്ധതികൾ യാഥാർത്ഥ്യമായതും ദേശീയപാതാ വികസനം സാദ്ധ്യമായതും സർക്കാരിന്റെ നിശ്ചയദാർഢ്യം കൊണ്ടാണ്. ഇതൊക്കെ ഏതെങ്കിലും കുപ്രചാരണത്തിന്റെ പഴമുറംകൊണ്ട് മറച്ചുപിടിക്കാനാവില്ല.
തിരഞ്ഞെടുപ്പടുക്കുമ്പോൾ അപവാദ പ്രചാരണങ്ങൾക്കും നുണകളുടെ നിർമ്മാണത്തിനും വലതുപക്ഷ കേന്ദ്രങ്ങൾ തയ്യാറാകുന്നു. അത്തരം ഹീനനീക്കങ്ങളെ തുറന്നുകാട്ടാൻ എൽ.ഡി.എഫ് പ്രവർത്തകരും, ജാഗ്രതയോടെ അവയെ കാണാൻ ജനങ്ങളും തയാറാകണം- മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.