തിരുവനന്തപുരം: വോട്ട് ചെയ്യാനെത്തുന്ന സമ്മതിദായകർ കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്ന് കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. വോട്ടർമാർ മാസ്ക് ധരിച്ചുമാത്രമേ പോളിംഗ് ബൂത്തിലേക്ക് പ്രവേശിക്കാൻ പാടുള്ളൂ. പോളിംഗ് ബൂത്തിലേക്കു പ്രവേശിക്കുമ്പോഴും പുറത്തേക്കു പോകുമ്പോഴും നിർബന്ധമായും സാനിറ്റൈസർ ഉപയോഗിക്കണം. തിരിച്ചറിയൽ സമയത്തു മാത്രമേ ആവശ്യമെങ്കിൽ മാത്രമേ മാസ്ക് മാറ്റാവൂ. ബൂത്തിനകത്ത് ഒരേ സമയം മൂന്നു വോട്ടർമാർക്കു സാമൂഹിക അകലം പാലിച്ചു കയറാം. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു നിയോഗിച്ചിട്ടുള്ള എല്ലാ ഉദ്യോഗസ്ഥരും ഫെയ്സ് ഷീൽഡ്, മാസ്‌ക്, സാനിറ്റൈസർ, കൈയുറ എന്നിവ ഉപയോഗിക്കണം. പോളിംഗ് ഏജന്റുമാർക്കും മാസ്‌കും സാനിറ്റൈസറും നിർബന്ധമാണെന്നും കളക്ടർ പറഞ്ഞു.
കൊവിഡ് രോഗികളുടെ വോട്ടിംഗ്
ഇന്നലെ വൈകിട്ട് മൂന്നിനു ശേഷവും ഇന്ന് വോട്ടെടുപ്പ് അവസാനിക്കുന്നതു വരെയും കൊവിഡ് ബാധിതരാകുന്നതും നിരീക്ഷണത്തിൽ പോകേണ്ടവർക്കും ബൂത്തിലെത്തി വോട്ട് ചെയ്യാം. അവർ വൈകിട്ട് ആറിനു മുൻപ് ബൂത്തിലെത്തണം. വോട്ടെടുപ്പ് അവസാനിക്കുന്ന സമയത്ത് ക്യൂവിലുള്ള മുഴുവൻ സാധാരണ വോട്ടർമാരും വോട്ട് ചെയ്ത ശേഷം മാത്രമേ ഇവരെ വോട്ട് ചെയ്യാൻ അനുവദിക്കൂ. ഡെസിഗ്‌നേറ്റഡ് ഹെൽത്ത് ഓഫിസർ നൽകുന്ന സാക്ഷ്യപത്രവും നിർബന്ധമാണ്. കഴിയുന്നതും പി.പി.ഇ കിറ്റ് ധരിക്കണം. സ്പെഷ്യൽ വോട്ടർമാർ പോളിംഗ് സ്റ്റേഷനിൽ കയറും മുൻപ് ഉദ്യോഗസ്ഥരും ഏജന്റുമാരും നിർബന്ധമായും പി.പി.ഇ കിറ്റ് ധരിക്കണം.