തിരുവനന്തപുരം:പരസ്യ പ്രചാരണം അവേശം ചോരാതെ ഞായറാഴ്ച കൊട്ടി അവസാനിപ്പിച്ചുവെങ്കിലും ഇന്നലെയും സ്ഥാനാർത്ഥികൾ വോട്ടു ഉറപ്പിക്കാൻ ഓടിനടന്നു. ഒപ്പം നേതാക്കളും.തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകളിലെല്ലാം തന്ത്രങ്ങൾ മെനയുന്ന ചർച്ചകളാൽ സജീവമായിരുന്നു. കൊവിഡ് ഭീതിയിൽ പോളിംഗ് കുറയാതിരിക്കാനുള്ള തന്ത്രങ്ങൾക്കും മുന്നണികൾ രൂപം നൽകി. ആടിനിൽക്കുന്ന വോട്ടുകൾ ഉറപ്പിക്കാനായിരുന്നു പ്രധാനശ്രമം. അവസാന മണിക്കൂറുകളിലും മത്സരവീര്യവും പിരിമുറുക്കവും അയഞ്ഞിട്ടില്ല. കൊവിഡ് കാലത്ത് പ്രായമായവർ വോട്ട് ചെയ്യാൻ വരുമോയെന്ന ആശങ്ക പാർട്ടികൾക്കുണ്ട്. രാവിലെ തന്നെ പോളിംഗ് ബൂത്തുകളിലെത്തി സമ്മതിദാനാവകാശം വിനിയോഗിക്കാനാണ് സ്ഥാനാർത്ഥികൾ വോട്ടർമാരോട് അഭ്യർത്ഥിച്ചത്. അപരന്മാരുടെ സാന്നിദ്ധ്യം ഇത്തവണ കൂടുതലാണ്. പ്രത്യേകിച്ച് തിരുവനന്തപുരം കോർപറേഷനിൽ.

ഇഞ്ചോടിച്ച് മത്സരം നടക്കുന്ന കോർപറേഷനിലെ 12 വാർഡുകളിൽ ബി.ജെ.പിയുടെ സ്ഥാനാർത്ഥികളുടെ അപരർക്ക് താമര ചിഹ്നത്തോട് സാമ്യമുള്ള റോസാപ്പൂവ് ചിഹ്നമായി നൽകിയതിനെ ചൊല്ലിയുള്ള പരാതികളും ആക്ഷേപങ്ങളും ഇതുവരെ കെട്ടടങ്ങിയിട്ടില്ല. എതിർസ്ഥാനാർത്ഥി ഇവിടങ്ങളിൽ വിജയിക്കുകയും അപരർ റോസാപ്പൂവിലൂടെ നേടുന്ന വോട്ടുകൾ ഭൂരിപക്ഷത്തെക്കാൾ കൂടുകയും ചെയ്താൽ വിവാദം കടുക്കും.

 പുറമെ ആത്മവിശ്വാസം, ഉള്ളിൽ ചങ്കിടിപ്പ്

സ്ഥാനാർ‌ത്ഥികൾക്കൊപ്പം ജില്ലയിലെ വിവിധ പാർട്ടി നേതാക്കളും ഇന്നലെ നിശബ്ദ പ്രചാരണത്തിനു ശേഷം ചർച്ചകളിലും സജീവമായി. എം.എൽ.എമാരായ വി.എസ്.ശിവകുമാറും കെ.എസ്. ശബരീനാഥും വോട്ടർമാരെ കണ്ടു. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ,​സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആർ.അനിലും നിശബ്ദ പ്രചാരണ രംഗത്തുണ്ടായിരുന്നു. ബി.ജെ.പി സംസ്ഥാന നേതാക്കളായ പി.സുധീർ,​സി.ശിവൻകുട്ടി തുടങ്ങിയവരും ഇന്നലെ വോട്ടർമാരെ കണ്ടു.