
തിരുവനന്തപുരം: ലോക്ക് ഡൗണിൽ ആരംഭിച്ച ഓൺലൈൻ പഠനത്തോടൊപ്പം വീട്ടുമുറ്റത്തെ ജൈവ വൈവിദ്ധ്യത്തെക്കൂടി പഠിക്കുകയാണ് കാട്ടാക്കട ക്രിസ്‌ത്യൻ കോളേജിലെ സുവോളജി വിഭാഗം കുട്ടികൾ. സുവോളജി വിഭാഗം അദ്ധ്യാപിക ഡോ. റസീന കരീമിന്റെ നേതൃത്വത്തിലാണ് ഇത്തരത്തിലൊരു പാഠ്യേതര പ്രവർത്തിക്ക് തുടക്കം കുറിച്ചത്. മൊബൈൽ ഫോൺ വഴി വിവിധയിനം ജീവജാലങ്ങളുടെ ചിത്രങ്ങളെടുത്ത് വാട്സാപ്പ് ഗ്രൂപ്പ് വഴി പങ്കുവച്ച് അതിനെകുറിച്ച് കൂടുതൽ പഠിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 5 മാസം പിന്നിടുമ്പോൾ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 600ലധികം ജീവജാലങ്ങളുടെ ചിത്രങ്ങളാണ് കുട്ടികൾ പകർത്തിയത്. അദ്ധ്യാപകമാരായ റസീന കരീം, വിദ്യാർത്ഥികളായ അലീന എസ്.എം, ബാലഗോപാൽ എന്നിവരാണ് ഇതിന് നേതൃത്വം നൽകുന്നത്. കോളേജ് മാനേജർ ഡോ. സി.ആർ. ഗോഡ്‌വിൻ, പ്രിൻസിപ്പൽ ഡോ. വിൻസെന്റ് ജോയ് എന്നിവരും പിന്തുണ നൽകുന്നുണ്ട്.