prathi

പെരിന്തൽമണ്ണ: അറസ്റ്റ് ചെയ്യാൻ ശ്രമിച്ച സിവിൽ പൊലീസ് ഓഫീസറെയും രക്ഷപ്പെടുന്നതിനിടെ ബൈക്ക് യാത്രക്കാരനെയും കുത്തി പരിക്കേൽപ്പിച്ച കേസിൽ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. നിരവധി കഞ്ചാവുകേസുകളിലും മോഷണക്കേസുകളിലും ഉൾപ്പെട്ട പ്രതി അരക്കുപറമ്പ് മാട്ടറക്കൽ സ്വദേശി പിലാക്കാടൻ നിസാമുദ്ദീനെയാണ്(30) പൊലീസ് അറസ്റ്റ് ചെയ്തത്.
മാർച്ച് 13നാണ് സംഭവം. പെരിന്തൽമണ്ണ ഗവ. ആശുപത്രിയുടെ മുന്നിൽ വച്ച് തന്നെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ച സി.പി.ഒ പ്രമോദിനെ കത്തികൊണ്ടു കുത്തി വീഴ്ത്തിയ നിസാമുദ്ദീൻ രക്ഷപ്പെടാനായി ചെറുകര പുളിങ്കാവ് സ്വദേശിയെ തടഞ്ഞു നിറുത്തി ബൈക്ക് പിടിച്ചുവാങ്ങുകയും എതിർത്തപ്പോൾ കുത്തിപരിക്കേൽപ്പിക്കുകയും ചെയ്തു. പലതവണ നിസാമുദ്ദീന്റെ വീട്ടിൽ അന്വേഷണത്തിന്റെ ഭാഗമായി പരിശോധന നടത്തിയതിലുള്ള വിരോധവും പ്രമോദിനോട് നിസാമുദ്ദീനുണ്ടായിരുന്നു. ബൈക്ക് പിന്നീട് മാട്ടറയ്ക്കൽ വച്ച് പൊലീസ് കണ്ടെടുത്തു. തുടർന്ന് പ്രത്യേക ടീം രൂപവത്കരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവശേഷം ഒളിവിൽ പോയ നിസാമുദ്ദീൻ പാലക്കാട്, മഞ്ചേരി ഭാഗങ്ങളിലെ കഞ്ചാവു മാഫിയകളുടെ രഹസ്യകേന്ദ്രങ്ങളിലും അട്ടപ്പാടി ഭാഗങ്ങളിലും അരക്കുപറമ്പ് മലയിലും ഒളിവിൽ കഴിഞ്ഞു. ഇടയ്ക്ക് നാട്ടിലെത്തുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മഫ്തിയിൽ പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് നിസാമുദ്ദീനെ സാഹസികമായി പിടികൂടുന്നത്. കത്തി, ബ്ലേഡ് എന്നിവ എപ്പോഴും കൈയിൽ കൊണ്ടുനടക്കുന്ന നിസാമുദ്ദീൻ നാട്ടുകാരെയും മറ്റും ഭീഷണിപ്പെടുത്തിയിരുന്നു. പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ചവരെയും അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ പെരിന്തൽമണ്ണ, മാട്ടറക്കൽ ഭാഗങ്ങളിൽ കൊണ്ടുപോയി തെളിവെടുത്തു.

പെരിന്തൽമണ്ണ സ്റ്റേഷൻ പരിധിയിൽ 2016ൽ നടന്ന രണ്ട് വധശ്രമക്കേസുകളടക്കം നിരവധി കേസുകളിലെ പ്രതിയാണ് നിസാമുദ്ദീൻ. ജാമ്യത്തിലിറങ്ങി ഒളിവിൽ പോകുന്നതാണ് പതിവ്. പണം കൊടുത്ത് അട്ടപ്പാടി, തെങ്കര ഭാഗങ്ങളിൽ നിന്നുള്ള ഏജന്റുമാർ മുഖേന സംഘടിപ്പിക്കുന്നവരുടെ ജാമ്യത്തിലാണ് മിക്കപ്പോഴും ജയിലിൽ നിന്നു മിറങ്ങുന്നത്. മിക്ക കേസുകളിലും കോടതികൾ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഇൻസ്‌പെക്ടർ സി.കെ നാസർ, എസ്.ഐ ഹേമലത അഡി.എസ്.ഐമാരായ ഷംസുദ്ദീൻ, സുകുമാരൻ കാരാട്ടിൽ, വിശ്വംഭരൻ, പ്രത്യേക അന്വേഷണസംഘത്തിലെ മിഥുൻ, പ്രഫുൽ, ബിന്നി മത്തായി, സജീർ, ഷമീൽ, നികീഷ്, കൃഷ്ണകുമാർ, മനോജ്കുമാർ, രാജേഷ്, ദിനേശ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.