
പെരിന്തൽമണ്ണ: ഗവ. ഹൈസ്‌കൂളിൽ നിന്നും അമ്പതിനായിരം രൂപയുടെ ഇലക്ട്രിക് കേബിൾ മോഷണം പോയ കേസിൽ പ്രതി അറസ്റ്റിൽ.
ചെർപ്പുളശ്ശേരി കാറൽമണ്ണ സ്വദേശി കൈതക്കൽ ഉണ്ണികൃഷ്ണനാണ്(40) അറസ്റ്റിലായത്.
ഒരാഴ്ച മുമ്പാണ് കേസിനാസ്പദമായ സംഭവം. നിർമ്മാണത്തിലിരിക്കുന്ന പെരിന്തൽമണ്ണ ബോയ്സ് എച്ച്.എസ്.എസിൽ നിന്നും അമ്പതിനായിരത്തോളം രൂപ വിലവരുന്ന ഇലക്ട്രിക് കേബിൾ മോഷണം പോയതായി കോൺട്രാക്ടർ പെരിന്തൽമണ്ണ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഷാഡോ സി.സി.ടി.വി കാമറകൾ പരിശോധിച്ചും അടുത്തിടെ ജയിലിൽ നിന്നിറങ്ങിയ പ്രതികളെക്കുറിച്ച് അന്വേഷിച്ചുമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
സമാന കേസിൽ പെരിന്തൽമണ്ണ പൊലീസ് നേരത്തെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. വിവിധ ജില്ലകളിലും ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്. പെരിന്തൽമണ്ണ ഇൻസ്‌പെക്ടർ സി.കെ.നാസർ, എസ്.ഐ
ഹേമലത, എ.എസ്.ഐ അബ്ദുൾ സലീം, പ്രത്യേക അന്വേഷണസംഘത്തിലെ കൃഷ്ണകുമാർ, സജീർ, മിഥുൻ, കബീർ, ഷാജി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.