
തിരുവനന്തപുരം:തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ സംസ്ഥാനത്ത് ദേശീയ കർഷക ബന്ദ് ഉണ്ടാവില്ല. കർഷക സമരത്തെ പിന്തുണച്ച് സംസ്ഥാനത്ത് നാളെ ഐക്യദാർഢ്യ പ്രകടനങ്ങൾ നടത്തുമെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം.പി അറിയിച്ചു. ട്രേഡ് യൂണിയനുകളുടെ സംസ്ഥാന കോ-ഓർഡിനേഷൻ കമ്മിറ്റി ഇക്കാര്യത്തിൽ ധാരണയിലെത്തിയിട്ടുണ്ട്. കർഷക സമരത്തോടു പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ച് വോട്ടെടുപ്പിൽ സജീവമാകുമെന്ന് യു.ഡി.എഫ് നേതാക്കളും പറഞ്ഞു. ബന്ദ് കാരണം തിരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ മാറ്റില്ലെന്നു സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷനും വ്യക്തമാക്കിയിരുന്നു. കോൺഗ്രസും, ഇടത് പാർട്ടികളുമടക്കം 18 പ്രതിപക്ഷ കക്ഷികൾ ഭാരത് ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്.