
എസ്തപ്പാൻ എന്നൊരു പഴയ മലയാളചിത്രമുണ്ട്. അതിലെ നായകൻ, കടപ്പുറത്തെ സിദ്ധനായ എസ്തപ്പാൻ, കുട്ടികൾ  തന്റെ  നേരെ വലിച്ചെറിയുന്ന കല്ലുകൾ പലഹാരങ്ങളാക്കി തിരിച്ചെറിഞ്ഞുകൊടുക്കുന്നു. കാൽനൂറ്റാണ്ടുമുമ്പ്- കേരള സർവകലാശാലയുടെ അന്നത്തെ വൈസ് ചാൻസലർ പ്രൊഫ. ഡോ. ജോൺ  വി. വിളനിലത്തിനെതിരെ വിദ്യാർത്ഥികൾ തെരുവിലിറങ്ങി. അദ്ദേഹം  വ്യാജ ബിരുദക്കാരനാണെന്നാരോപിച്ചായിരുന്നു പ്രക്ഷോഭം. ഒട്ടേറെ കല്ലുകൾ, ഒട്ടുവളരെ ചെളി, അദ്ദേഹത്തിന് നേരെ പാഞ്ഞുചെന്നു. മുമ്പോ പിമ്പോ ഒരു വൈസ്  ചാൻസലറോ സർവകലാശാലയോ ഇങ്ങനെയൊന്ന്  നേരിട്ടിരിക്കയില്ല. 'വിളനിലം  സമരം" എന്ന പേരിൽ കുപ്രസിദ്ധമായ ഇൗ പ്രക്ഷോഭം  കെട്ടടങ്ങി. ഇതേ വിഷയത്തിൽ  ഡോ. വിളനിലത്തിനെതിരെ സമർപ്പിക്കപ്പെട്ട ഹർജി ഹൈക്കോടതി തള്ളുകയും ചെയ്തു. വിരമിക്കുന്നതുവരെ അദ്ദേഹം സ്ഥാനത്ത് തുടർന്നു.
തന്റെ നേരെ എറിയപ്പെട്ട കല്ലുകൾക്കും ചെളിക്കും പകരം ഡോ. വിളനിലം വിദ്യാർത്ഥി സമൂഹത്തിനുനേരെ എറിഞ്ഞത് എറിഞ്ഞുകൊണ്ടേയിരിക്കുന്നത്, പകരം വയ്ക്കാനില്ലാത്ത അറിവിന്റെ വെളിച്ചമാണ്. അരനൂറ്റാണ്ടിലധികം നീണ്ട സ്വദേശ, വിദേശ സർവകലാശാലകളിലെ അദ്ധ്യാപനത്തിലൂടെയും അദ്ധ്യാപന, ഗവേഷണ സപര്യകളുടെ വല്ലരികളിൽ പൂത്തുകായ്ച്ച ഒട്ടനവധി ഗ്രന്ഥങ്ങളിലൂടെയും അദ്ദേഹം അറിവിന്റെ വെളിച്ചം വാരിവിതറുന്നു.  ഇംഗ്ളീഷ് - മലയാളം ഉച്ചാരണ നിഘണ്ടു അടക്കം ഇംഗ്ളീഷിലും  മലയാളത്തിലുമായി പഠന ഗവേഷണ ഗ്രന്ഥങ്ങൾ  ആ  തൂലികയിൽ പിറന്നു.
ആയിരം പൂർണചന്ദ്രൻമാരെ ദർശിച്ചുകഴിഞ്ഞിട്ടും ഇൗ  ഗുരുനാഥന്റെ പ്രജ്ഞയ്ക്കും ധിഷണയ്ക്കും  മങ്ങലേറ്റിട്ടില്ല, തൂലിക വറ്റിയിട്ടില്ല. കൊടികളുടെയോ ക്ളിക്കുകളുടെയോ ആഘോഷ, ആവേശക്കമ്മിറ്റികളുടെയോ താങ്ങോ  ആരവമോ ഇല്ലാതെ, നിശബ്ദ സേവനത്തിന്റെ നൈരന്തര്യം. വിളനിലം എന്ന പദം കമ്മ്യൂണിക്കേഷൻ എന്ന വിശാലപദത്തിന്റെ ഭാഷാപര്യായമായി മാറിയതുപോലെ. അദ്ദേഹത്തിന്റെ 'മാസ് കമ്മ്യൂണിക്കേഷൻ റിസർച്ച്" എന്ന ഏറ്റവും പുതിയ ഗ്രന്ഥം കഴിഞ്ഞവർഷമാണ് പുറത്തിറങ്ങിയത്. അതിന്റെ  മുഖവുരയിൽ അമേരിക്കയിലെ ടെമ്പിൾ സർവകലാശാലയിൽ പ്രൊഫസർ എമരിറ്റസ് ആയ ജോൺ എ. ലെന്റ്  തന്റെ വിദ്യാർത്ഥി കൂടിയായ വിളനിലത്തെപ്പറ്റി എഴുതുന്നത് ഇങ്ങനെ: ''ജോൺ തന്റെ വിശാലമായ വിജ്ഞാനം അദ്ധ്യാപനത്തിലൂടെയും എഴുത്തിലൂടെയും പങ്കുവയ്ക്കുന്നത് നിരന്തരം ചോദ്യങ്ങൾ ഉയർത്തിക്കൊണ്ടാണ്. ആ ചോദ്യങ്ങൾക്കുത്തരം കണ്ടെത്താൻ ശ്രമിക്കുന്നതിനൊപ്പം അദ്ദേഹം വിദ്യാർത്ഥി, വായനാസമൂഹങ്ങളെ ചിന്തിപ്പിക്കുകയും ചെയ്യുന്നു. മാതൃകാപരമായൊരു അദ്ധ്യാപന രീതി ആണിത്. ഗൗരവമാർന്ന ചോദ്യങ്ങൾക്കുള്ള  ഉത്തരങ്ങൾ ഒന്നിച്ചുതേടൽ. ഒാർമ്മയിൽ മാത്രം അധിഷ്ഠിതമായ, അദ്ധ്യാപകനിൽ നിന്നു വിദ്യാർത്ഥിയിലേക്ക് മാത്രം ഒഴുകുന്ന ഏകദിശാ സ്വഭാവമുള്ള അദ്ധ്യാപന രീതിയല്ല ഇത്. ""
തന്റെ ഗ്രന്ഥങ്ങളിലൂടെ ഡോ. വിളനിലം ചോദ്യങ്ങൾ ഉയർത്തിക്കൊണ്ടിരിക്കുന്നു. ഇൗ ചോദ്യങ്ങൾ ലളിതമാണ്. ശക്തവും അടിസ്ഥാനവർഗ സ്പർശിയുമാണ്. അവയിലും  അവയുടെ ഉത്തരങ്ങളിലും സാമൂഹിക തിന്മകളുടെ അടിവേരിളക്കുന്ന മുനകളുണ്ട്. മനുഷ്യ സംസ്കാരത്തെ വാർത്തെടുത്ത കമ്മ്യൂണിക്കേഷൻ എന്ന മഹാപ്രക്രിയയിൽനിന്നു നീണ്ടുവരുന്ന സാമൂഹിക മാറ്റത്തിനുവേണ്ടി തിന്മകളുടെ മേൽ കുത്തിക്കയറുന്ന മുനകൾ. ഡോ. വിളനിലത്തിന്റെ ജീവിത ദൗത്യത്തെ ഒരു വാക്കിൽ ഒതുക്കാം, കമ്മ്യൂണിക്കേഷൻ.
''കമ്മ്യൂണിക്കേഷൻ എന്നത് വിശാലമായ ഒരു പദമാണ്. അതിന്റെ ഭാഗം മാത്രമാണ് ജേർണലിസം.കമ്മ്യൂണിക്കേഷൻ സാഹിത്യ ബന്ധിയല്ല. അതൊരു ശാസ്ത്രമാണ്, സോഷ്യൽ സയൻസ്. ആധുനിക സാങ്കേതിക വിദ്യയുടെയോ ഉപകരണങ്ങളുടെയോ തേരിലേറാതെ ജനകോടികളെ പ്രചോദിപ്പിക്കുകയും അണിനിരത്തുകയും ചെയ്ത മഹാത്മാഗാന്ധി, ദി വൺ മാൻ, മീഡിയം ഒഫ് കമ്മ്യൂണിക്കേഷൻ ആണ്. കേരളീയ നവോത്ഥാന നായകൻ ശ്രീനാരായണഗുരുദേവൻ ഏറ്റവും മികച്ച സാമൂഹിക ശാസ്ത്രജ്ഞൻ കൂടിയാണ്.""അദ്ദേഹം പറയുന്നു.
1935 ആഗസ്റ്റ് 11ന്  ചെങ്ങന്നൂരിൽ അദ്ധ്യാപക ദമ്പതികളായ ചാണ്ടി വർഗീസ് വിളനിലത്തിന്റെയും ഏലിയാമ്മ വർഗീസ് വിളനിലത്തിന്റെയും മകനായി ജനിച്ച വിളനിലം 12-ാം വയസിൽ തന്നെ ലണ്ടൻ ചേംബർ ഒഫ് കൊമേഴ്സ് നടത്തിയ അന്താരാഷ്ട്ര തല ഇംഗ്ളീഷ് ടൈപ്പ് റൈറ്റിംഗ് പരീക്ഷയിൽ ഡിസ്റ്റിംഗ്ഷനോടെ പാസായി പ്രതിഭ തെളിയിച്ചു. രസതന്ത്രത്തിൽ ബിരുദം നേടിയ ശേഷം കൊല്ലം  ഫാത്തിമ  മാതാ നാഷണൽ കോളേജിൽ ഡെമോൺസ്ട്രേറ്റർ ആയി. ഇതിനിടെ ഭാഷയോടും സാഹിത്യത്തോടുമുള്ള  അഭിനിവേശം വർദ്ധിച്ചുവന്നു. അത്  ബനാറസ് ഹിന്ദുസർവകലാശാലയിൽ കൊണ്ടെത്തിച്ചു. അവിടെനിന്ന് ഇംഗ്ളീഷ്  സാഹിത്യത്തിൽ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടി. തിരുവല്ല മാർത്തോമാ കോളേജിലും കോഴിക്കോട് ദേവഗിരി കോളേജിലും അദ്ധ്യാപകനായിരുന്ന ശേഷം ചെന്നൈയിൽ (അന്നത്തെ  മദ്രാസ് ) എം.ആർ.എഫിൽ ചേർന്നു.മുംബയ്യിലെ സെൻട്രൽ ലേബർ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ഡിപ്ളോമ നേടിയ ശേഷം കമ്പനിയുടെ പേഴ്സണൽ ട്രെയിനിംഗ് വിഭാഗത്തിൽ സേവനമനുഷ്ഠിക്കുന്നതിനൊപ്പം ഹൗസ് ജേർണലിന്റെ എഡിറ്റിംഗും നിർവഹിച്ചു. ആ സമയത്താണ് ഇന്റർ പേഴ്സണൽ  കമ്മ്യൂണിക്കേഷൻ, മാസ് കമ്മ്യൂണിക്കേഷൻ  എന്നീ വിഷയങ്ങളിൽ വിളനിലത്തിന്റെ ശ്രദ്ധ പതിഞ്ഞത്. ഇൗ വിഷയങ്ങളിലെ അന്വേഷണം അദ്ദേഹത്തെ അമേരിക്കയിൽ എത്തിച്ചു. ഫിലാഡെൽഫിയയിലെ ടെമ്പിൾ സർവകലാശാലയിൽനിന്ന് കമ്മ്യൂണിക്കേഷനിൽ എം.എസ് (മാസ്റ്റർ ഒഫ് സയൻസ്) നേടി. മാസ്റ്റർ ഒഫ് സയൻസിനായി സമർപ്പിച്ച തീസിസ് പിന്നീട് ന്യൂയോർക്ക് സ്റ്റേറ്റ് സർവകലാശാല ഗ്രന്ഥ രൂപത്തിൽ പ്രസിദ്ധീകരിച്ചു. ഇറാനിലെ ഷായെ സ്ഥാനഭ്രഷ്ടനാക്കിക്കൊണ്ട്  അവിടെ നടന്ന വിപ്ളവം അമേരിക്കൻ മാദ്ധ്യമങ്ങൾ വളച്ചൊടിക്കുന്നത് വിളനിലത്തിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. മദ്ധ്യപൂർവേഷ്യൻ രാജ്യങ്ങളോട് വിശേഷിച്ച് മുസ്ലിം രാജ്യങ്ങളോട് കാണിക്കുന്ന വിവേചനത്തെ വിമർശനാത്മകമായി വിശകലനം ചെയ്ത് തീസിസ് തയ്യാറാക്കാൻ തീരുമാനിച്ചു. ഇതിനായി അമേരിക്കയിലെ ന്യൂയോർക്ക് ടൈംസ്, ലോസ് ആഞ്ചലസ് ടൈംസ്, അറ്റ്ലാൻഡാ ടൈംസ്, വാഷിംഗ്ടൺ പോസ്റ്റ്  ഇന്ത്യയിലെ ടൈംസ് ഒഫ് ഇന്ത്യ, ഹിന്ദുസ്ഥാൻ ടൈംസ്, ദ ഹിന്ദു, സ്റ്റേറ്റ്സ്മാൻ എന്നീ പത്രങ്ങളിലെ ആറുമാസത്തെ റിപ്പോർട്ടുകൾ വിശകലനത്തിന് വിധേയമാക്കി. ചോദ്യാവലിയുടെ അടിസ്ഥാനത്തിൽ സർവേയും നടത്തി. അമേരിക്കൻ മാദ്ധ്യമങ്ങളെ വിമർശിക്കുന്ന പഠനം അവിടെയുള്ള സർവകലാശാലകൾ സ്വീകരിക്കുമോ എന്നായി സംശയം. തുടർന്ന് പ്രൊഫ. ജോൺ എ. ലെന്റിന്റെ ഉപദേശപ്രകാരം നെതർലാൻഡ്സിലെ ആംസ്റ്റർ ഡാം സർവകലാശാലയിൽ കമ്മ്യൂണിക്കേഷൻ വകുപ്പുതലവനായ പ്രൊഫ. (ഡോ). ഡെനിസ് മക് ക്വയിലിന് മുമ്പാകെ പഠനം സമർപ്പിച്ചു. തുടർന്ന് പിഎച്ച്.ഡി ലഭിച്ചു. 1982 മുതൽ കേരള സർവകലാശാലയുടെ  കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം വകുപ്പിന്റെ തലവനായി. കോഴ്സിന്റെ സമഗ്രത വർദ്ധിപ്പിക്കാനും പ്രവേശനപരീക്ഷ കുറ്റമറ്റ രീതിയിൽ നടത്താനും ചുക്കാൻ പിടിച്ചു. കുട്ടികൾക്ക് പരിശീലനം നൽകാൻ 'ദ റിപ്പോർട്ടർ" എന്ന സായാഹ്ന പത്രം പുറത്തിറക്കുകയും ചെയ്തു. 1992 ൽ കേരള സർവകലാശാല വൈസ് ചാൻസലറായി.
സർവകലാശാലയിലെ 38 വകുപ്പുകളിലും ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സിസ്റ്റം കൊണ്ടുവന്നതും പല ബിരുദ കോഴ്സുകളും തൊഴിലധിഷ്ഠിതമാക്കിയതും ഡോ. വിളനിലത്തിന്റെ പരിശ്രമഫലമായാണ്. ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സിസ്റ്റം കൊണ്ടുവന്നതും സെനറ്റിലെയും സിൻഡിക്കേറ്റിലെയും രാഷ്ട്രീയ അതിപ്രസരം തടയാൻ ശ്രമിച്ചതും അദ്ദേഹത്തെ പലരുടെയും കണ്ണിലെ കരടാക്കി. അൺ എയ്ഡഡ് കോളേജുകൾക്ക് അഫിലിയേഷൻ നൽകുന്നത് കർക്കശ പരിശോധനയ്ക്കുശേഷം മതിയെന്ന് അദ്ദേഹം നിലപാടെടുത്തു. കോളേജ്  അദ്ധ്യാപകർ ഏറ്റവും ആനുകൂല്യം കൈപ്പറ്റുന്നവരും ഏറ്റവും അലസരും ആണെന്ന പരാമർശത്തോടെ പ്രതിഷേധം കടുത്തു. നാനാദിശകളിലെ എതിർപ്പ് ഉരുണ്ടുകൂടി 'വിളനിലം സമരം" ആയി അവതരിപ്പിക്കുകയായിരുന്നു. 1996 ൽ വൈസ് ചാൻസലർ പദവിയിൽ നിന്ന് അദ്ദേഹം വിരമിച്ചു. 1998 ൽ യു.ജി.സി ഡോ. വിളനിലത്തെ പ്രൊഫസർ എമരിറ്റസ് പദവി നൽകി ആദരിച്ചു. ഭഗൽപൂർ സർവകലാശാല ഡി. ലിറ്റ് നൽകി. അമേരിക്കയിലെ ടെമ്പിൾ, പെൻസിൽ വാനിയ, ഇന്ത്യയിലെ ധാർവാർ, മാംഗ്ളൂർ, ഭോപാൽ, ഭുവനേശ്വർ എന്നീ സർവകലാശാലകളിൽ വിസിറ്റിംഗ് പ്രൊഫസറായിരുന്നു ഡോ. വിളനിലം. ഒട്ടനവധി സർവകലാശാലകളിൽ പ്രഭാഷകനും. യു.ജി.സിയുടെ സ്വയംഭരണ വിഭാഗമായ നാക് (നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ)പിയർ ടീമിന്റെ ചെയർമാൻ എന്ന നിലയിൽ 2002-2003 മുതൽ വിവിധ സർവകലാശാലകൾ സന്ദർശിച്ചിട്ടുണ്ട്.
1966-ൽ 'മനുഷ്യൻ ചന്ദ്രനിലേക്ക്" എന്ന ശാസ്ത്രഗ്രന്ഥം പ്രസിദ്ധീകരിച്ചുകൊണ്ടാണ് ഗ്രന്ഥരചനാ മേഖലയിൽ പദമൂന്നിയത്. പരസ്യം എന്ന കൃതിക്ക് 1984 ലെ കേരള സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചു. മറ്റ് മലയാള കൃതികൾ: റബർ (1973), തൊഴിൽരോഗങ്ങൾ (1981), പിന്നീട്  ഇൗ കൃതി പുനഃപ്രസിദ്ധീകരിച്ചു. ആൽക്കഹോളിസം (1984) കമ്മ്യൂണിക്കേഷൻ (1985) ഒരേനാദം നാനാവിഷയം (1992) ആ ലോകം മുതൽ ഇ - ലോകം വരെ (2003) മാദ്ധ്യമങ്ങളും ആനുകാലിക സാമൂഹ്യ പ്രശ്നങ്ങളും (2005) 24 ഗവേഷണ ഗ്രന്ഥങ്ങൾ കൂടാതെ അദ്ദേഹം ഇന്ത്യയിലെയും വിദേശത്തെയും പ്രസിദ്ധീകരണങ്ങളിലായി നൂറുകണക്കിന് ലേഖനങ്ങൾ രചിച്ചു. ജേർണലുകൾ എഡിറ്റ് ചെയ്തു. എഡിറ്റോറിയൽ ബോർഡ് അംഗമായി പ്രവർത്തിച്ചു.
ചലനാത്മകവും ചൈതന്യഭരിതവുമായി തുടരുകയാണ് ആ കർമ്മോത്സുക ജീവിതം. തിരുവനന്തപുരം ശ്രീകാര്യത്തെ വസതിയിൽ ധൈഷണിക ആർഭാടങ്ങൾ മാത്രമേയുള്ളൂ. അക്ഷരങ്ങളുടെ ആശ്രമം. അവിടെ കുടുംബജീവിതത്തിലും കർമ്മജീവിതത്തിലും പങ്കാളിയായ ആനി വിളനിലം 'ആൻ..." എന്ന സ്നേഹപൂരിതമായ വിളിപ്പുറത്തുണ്ട്. കവി എൻ.എൻ. കക്കാടിന്റെ കാവ്യഭാഷണം പോലെ അവർ പരസ്പരം ഉൗന്നുവടികൾ ആയിരിക്കുന്നു. മക്കൾ രണ്ടും അമേരിക്കയിലാണ്.
ഉച്ചാരണത്തിന്റെ
വികല ഉച്ചാരണം
Pronunciation എന്ന വാക്കിന്റെ ഉച്ചാരണം ചില ഇംഗ്ളീഷ്  അദ്ധ്യാപകർ പോലും തെറ്റിക്കുന്നു. പ്രൊനൗൺസിയേഷൻ എന്നൊക്കെ! പ്രെനൺസിയേഷൻ ആണ് ശരി. ഇത്തരം വാക്കുകൾക്ക് ഉൗന്നൽ കൊടുത്തുകൊണ്ടാണ് ഡോ. വിളനിലം ഇംഗ്ളീഷ് -മലയാളം ഉച്ചാരണ നിഘണ്ടു രചിച്ചിട്ടുള്ളത്. 'Parent എന്ന വാക്ക് പാരന്റ് ആയതെങ്ങനെയോ..." അദ്ദേഹം ചിരിക്കുന്നു. അത് പേ...രന്റ് തന്നെ ആണ്. അതുപോലെ Apartheid അപാർത്തൈറ്റ് ആണ്. അപ്പാർത്തീഡ് അല്ലേയല്ല! 'a"എന്ന അക്ഷരത്തിന് ഉച്ചാരണം ഏഴുവിധത്തിലുണ്ട്. ചില വിദ്വാന്മാർ embrace നെ Embarrass ആക്കിക്കളയും, മറിച്ചും!