
മാഹി: മറഡോണയെക്കുറിച്ച് കവിതയെഴുതി, ഒടുവിൽ കാൽപ്പന്ത് കളിയുടെ ' ദൈവത്തിന്റെ 'ഛായാപടം സ്വന്തം വീട്ടിന്റെ ചുമരിൽ മാലയിട്ട് ആരാധിക്കുന്ന ഒരാൾ മയ്യഴിയിലുണ്ട്. ഡീഗോ മറഡോണയെക്കുറിച്ച് പ്രിയപ്പെട്ട ഡിഗോ എന്ന കവിത യുവകവി രാജേഷ് പനങ്ങാട്ടിൽ എഴുതിയിട്ട് ഏതാണ്ട് ഒരു വ്യാഴവട്ടക്കാലം കടന്നു പോയി. 'എവിടെയാവും മഴ പെയ്യുന്നത് ? എന്ന അദ്ദേഹത്തിന്റെ കവിതാ സമാഹാരത്തിൽ ഈ കവിത ഉൾപ്പെടുത്തിയിരുന്നു. നിനച്ചിരിക്കാതെ ഫുട്ബാൾ മാന്ത്രികൻ
മരിച്ചു. പക്ഷെ കവിയുടെ ഓർമ്മകളിൽ മറഡോണ ഇന്നും അസ്തമിക്കാത്ത യൗവനത്തോടെ, മൈതാനങ്ങളിലൂടെ പന്തുമായി ഓടിക്കൊണ്ടിരിക്കുന്നു. അദ്ധ്യാപകനായ രാജേഷ്, ഫുട്ബാൾ കമ്പക്കാരനും, മറഡോണയുടെ കടുത്ത ആരാധകനുമാണ്.
മാഹി സിവിൽ സ്റ്റേഷനടുത്തുള്ള തന്റെ വീട്ടിൽ രാജേഷ് മറോഡോണയുടെ ഫോട്ടോയ്ക്ക് തന്റെ മക്കളെ കൊണ്ട് മാലയിട്ട് ആദരിക്കുമ്പോൾ കൂടെയുണ്ടായത് സുഹൃത്തുക്കളും മാഹി അഖിലേന്ത്യാ ഫുട്ബാൾ ടൂർണ്ണമെന്റിന്റെ സംഘാടകരായ കെ.സി. നികിലേഷ്, ബാബൂട്ടി, രാജേഷ് കുമാർ, റിജേഷ്, പ്രവീൺ എന്നിവരൊക്കെയായിരുന്നു.
രാജേഷിന്റെ വരികളിൽ നിന്ന്:
'പ്രിയപ്പെട്ട ഡീഗോ... നീ ഇട്ടേച്ചു പോയ മൈതാനങ്ങളിൽ പിന്നെ കളിച്ചത് ഞങ്ങടെ സദാചാരത്തിന്റെ നിറം മാറ്റ പ്രിയരായ ഓന്തുകളായിരുന്നു. സംസ്‌കാരത്തിന്റെ ഉഭയജീവികളായിരുന്നു...'