
മുക്കം: തിരഞ്ഞെടുപ്പിൽ യു.ഡി.എഫും വെൽഫെയർ പാർട്ടിയുമായുള്ള കൂട്ടുകെട്ട് നാട്ടിൽ വിവാദമാകുമ്പോൾ മറുനാട്ടിൽ ആഘോഷമാകുന്നു. നാട്ടിൽ ഇത്രയും കാലം അകന്നു കഴിഞ്ഞ പ്രബല വിഭാഗങ്ങൾ ഐക്യപ്പെടുകയും ഒന്നിച്ച് തിരഞ്ഞെടുപ്പ് നേരിടുകയും ചെയ്യുന്നത് ചരിത്രമായാണ് ഖത്തർ മലയാളികൾ വിലയിരുത്തുന്നത്. ചേന്ദമംഗല്ലൂർ മേഖലയിലെ വെൽഫെയർ പാർട്ടിയുടെയും യു.ഡി.എഫിന്റെയും സ്ഥാനാർത്ഥികളെ വിജയിപ്പിക്കാനുള്ള പ്രവർത്തനം ആസൂത്രണം ചെയ്യാൻ അവർ 'അനുരാഗ നാട് ' എന്ന പേരിൽ പ്രത്യേക സംഗമവും സംഘടിപ്പിച്ചു.
വെൽഫെയർ പാർട്ടിയുമായി ബന്ധമില്ലെന്ന് കെ.പി.സി.സി പ്രസിഡന്റും താരീഖ് അൻവർ പോലുള്ള കോൺഗ്രസിന്റെ ചില ദേശീയ നേതാക്കളും ആണയിടുമ്പോൾ തന്നെ യു.ഡി.എഫ് കൺവീനർ എം.എം ഹസ്സനും കെ. മുരളീധരൻ എം.പി യും മറ്റും ഇത് തള്ളുകയാണ്. മുല്ലപ്പള്ളി രാമചന്ദ്രൻ അറിഞ്ഞുകൊണ്ടു തന്നെയാണ് ബന്ധമെന്ന് ഇവർ വെളിപ്പെടുത്തുകയും ചെയ്യുന്നു.
ഇതിനിടെയാണ് മുക്കം നഗരസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വെൽഫെയർ പാർട്ടിയുടെയും യു.ഡി.എഫിന്റെയും സ്ഥാനാർത്ഥികളെ വിജയിപ്പിക്കുന്നതിനുള്ള പദ്ധതി ആസൂത്രണം ചെയ്യാൻ ഇരുവിഭാഗത്തിലും പെട്ട ഖത്തറിലെ പ്രവർത്തകർ 'അനുരാഗ നാട് ' എന്ന തലക്കെട്ടിൽ അവിടെ നാട്ടുകാരുടെ സംഗമം സംഘടിപ്പിച്ചത്.
ഈ ഓൺലൈൻ സംഗമത്തിൽ മുക്കം നഗരസഭയിലെ യു.ഡി.എഫ്-വെൽഫെയർ പാർട്ടി സ്ഥാനാർഥികളും പ്രാദേശിക നേതാക്കളും പങ്കെടുത്തു. നാടിന്റെ മുന്നേറ്റവും വികസന പദ്ധതികളും യോഗത്തിൽ ചർച്ച ചെയ്‌തെതെന്നാണ് വിശദീകരണം.
സ്ഥാനാർഥികളായ സാറ കൂടാരം, ഫാത്തിമ കൊടപ്പന, എ. അബ്ദുൽ ഗഫൂർ ,റംല ഗഫൂർ, എം. മധു, ബബിത രാജീവൻ എന്നിവർ സംബന്ധിച്ചു. മുൻ കൗൺസിലർ പി. ഫീഖ് മാടായി, മറ്റു നേതാക്കളായ കെ.പി. അഹമ്മദു കുട്ടി, സുബൈർ കൊടപ്പന,
കെ.പി. അബ്ദുസലാം, കുണ്ടിയോട്ട് സുലൈമാൻ, മുനീർ താന്നികണ്ടി, റസാക്ക് ആയിപൊറ്റ, ബർക്കത്തുള്ള ഖാൻ, എം.കെ. മുഹമ്മദ് കുട്ടി, ചാലക്കൽമജീദ്, മോഡമുഹമ്മദ്, ചക്കിങ്ങൽ അബ്ദുറഹ്മാൻ, ബൈജു കച്ചേരി, ആലി തൃക്കമ്പറ്റ, സാലി കൊടപ്പന, എം.കെ. മുഹമ്മദു കുട്ടി, സി.കെ ഇബ്രാഹിംകുട്ടി, കെ. അഫ്സൽ, കെ. സഫീറുറഹ്മാൻ എന്നിവർ സംബന്ധിച്ചു.