
ആലക്കോട്: അറ്റകുറ്റപ്പണികൾ യഥാസമയം നടത്താതെ ഉപയോഗശൂന്യമാക്കിയ ആലക്കോട്ടെ പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ തകർച്ചയുടെ വക്കിൽ. മൂന്നു പതിറ്റാണ്ട് മുമ്പ് നിർമ്മിച്ച ഈ കെട്ടിടം കൊണ്ട് പഞ്ചായത്തിന് യാതൊരുവിധ ഉപകാരവുമുണ്ടായിട്ടില്ല. ആലക്കോട് ടൗണിലുള്ള ഈ കെട്ടിടത്തിലേയ്ക്ക് ഒന്നെത്തിനോക്കിയാൽ ഇതിന്റെ ദയനീയാവസ്ഥ ബോദ്ധ്യമാകും. വയറിംഗ് പലതവണ മാറ്റി ലക്ഷങ്ങൾ തുലച്ചതല്ലാതെ യാതൊരു പ്രയോജനവുമുണ്ടായിട്ടില്ല. കുടിവെള്ളമില്ലാത്തതിനാൽ ബദൽ സംവിധാനമെന്ന നിലയ്ക്ക് സ്ഥാപിച്ച മഴവെള്ള സംഭരണിയും പരാജയമായി. പൊതുപരിപാടികൾക്ക് വേണ്ടിയും വിവാഹ ആവശ്യങ്ങൾക്കു വേണ്ടിയും വാടകയ്ക്ക് കൊടുക്കാൻ പറ്റാത്തതിനാൽ കെട്ടിടം കൊണ്ട് നാട്ടുകാർക്കും ഉപകാരമില്ല. കെട്ടിടം പൊളിച്ചുനീക്കി പുതിയത് നിർമ്മിക്കുന്നതിന് സർക്കാരിൽ നിന്നും അനുമതി ലഭിച്ചതായും ഉടനെ നിർമ്മാണം തുടങ്ങുമെന്നുമുള്ള പ്രഖ്യാപനങ്ങൾ മാത്രമാണ് ബാക്കി. അടുത്ത പഞ്ചായത്ത് ഭരണസമിതിയുടെ കാലത്തെങ്കിലും ഇതിനൊരു ശാപമോക്ഷമുണ്ടാകുമോയെന്നാണ് നാട്ടുകാരുടെ ചോദ്യം.