meena

മുപ്പതോളം സിവിൽ സർവീസുകാർക്ക് വോട്ടില്ല

തിരുവനന്തപുരം: നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പ് നടപടികൾക്ക് ചുക്കാൻ പിടിക്കുന്ന സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനായില്ല. വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ ചീഫ്സെക്രട്ടറി ഡോ. വിശ്വാസ് മേത്ത ഉൾപ്പെടെ മുപ്പതോളം സിവിൽസർവീസ് ഉദ്യോഗസ്ഥർക്കാണ് സമ്മതിദാനാവകാശം നഷ്ടമായത്.

പൂജപ്പുര രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിക്ക് സമീപത്തെ മില്ലെനിയം അപ്പാർട്ട്മെന്റിൽ താമസക്കാരായ ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് ഉദ്യോഗസ്ഥരാണിവർ.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പൂജപ്പുര എൽ.ബി.എസ് വനിതാ പോളി ടെക് നിക്കിലായിരുന്നു വോട്ട്. അന്ന് വോട്ട് ചെയ്ത ചീഫ് സെക്രട്ടറിയും മീണയും അടക്കമുള്ളവർ വോട്ടർ പട്ടികയിൽ പേര് ഉണ്ടാവുമെന്ന വിശ്വാസത്തിലായിരുന്നു.

ബൂത്തും ക്രമനമ്പറും അറിയാനായി തിങ്കളാഴ്ച ലിസ്റ്റ് പരിശോധിച്ചപ്പോഴാണ് പേരില്ലെന്ന് അറിഞ്ഞത്. അന്തിമ പട്ടികയിൽ മാറ്റം സാധ്യമല്ലാത്തതിനാൽ ഒന്നും ചെയ്യാനായില്ല. ബൂത്തു തല ഓഫീസറുടെ ശ്രദ്ധക്കുറവും ഇതിനു കാരണമായി.

2015ലെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ പട്ടികയെ ആധാരമാക്കിയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ വോട്ടർ പട്ടിക പുതുക്കിയത്. 2015ൽ കേരളത്തിന് പുറത്ത് ഡെപ്യൂട്ടേഷനിലായിരുന്നു മീണ അടക്കമുള്ളവർ.

''ലോക്‌സഭാ വോട്ടർ പട്ടികയിൽ പേരുണ്ടായിരുന്നതിനാൽ ഈ ലിസ്റ്റിലും ഉണ്ടാകുമെന്ന് കരുതി. ആരെയും കുറ്റപ്പെടുത്താനില്ല. പരാതി നൽകുന്നില്ല. ബൂത്ത് ലെവൽ ഓഫീസർക്ക് ഇക്കാര്യം പരിശോധിക്കാമായിരുന്നു.

-ടിക്കാറാം മീണ