
നീറ്റ് മെഡിക്കൽ റാങ്ക് ലിസ്റ്റിൽ ഇടം നേടിയ ഒരു വിദ്യാർത്ഥിയായ ഞാൻ ഓർമ്മ വച്ച കാലം മുതൽ വായിച്ചു ശീലിച്ച പത്രമെന്ന സ്വാതന്ത്ര്യത്തിലാണ് ഈ കത്തെഴുതുന്നത്.
എനിക്ക് 'കീം"ൽ ഗവ. കോളേജിൽ എം.ബി.ബി.എസ് കിട്ടാൻ സാദ്ധ്യതയില്ലെങ്കിലും 3000ന് ഉള്ളിൽ റാങ്കുണ്ട്. കഠിന പരിശ്രമവും, വലിയ പ്രതീക്ഷയും വച്ചു പുലർത്തിയിരുന്നു. മാതാപിതാക്കളുടെ ചെറിയ സമ്പാദ്യവും വിദ്യാഭ്യാസ ലോണും ചേർത്ത് പഠനം നടത്താം എന്ന്
മോഹിച്ചു. അങ്ങനെ ഓപ്‌ഷൻ നൽകി. മറ്റൊരു കോഴ്സിനും ഓപ്‌ഷൻ നൽകിയിട്ടില്ല. എന്നാൽ ഇന്ന് പത്രത്തിലൂടെ അറിയാൻ കഴിഞ്ഞത് 10 മെഡിക്കൽ കോളേജുകൾ അവരുടെ ഫീസ് മൂന്നിരട്ടിയോളം വർദ്ധിപ്പിക്കാൻ പോകുന്നു എന്നാണ്. ജസ്റ്റിസ് രാജേന്ദ്രബാബു അദ്ധ്യക്ഷനായ സമിതി ഏതാനും ദിവസം മുമ്പ് പറഞ്ഞിരുന്ന ഫീസ് ഘടന കണ്ടാണ് എന്നെപ്പോലെ നിരവധി പേർ ഓപ്‌ഷൻ കൊടുത്തത്. പുതിയ വാർത്ത വലിയ ആഘാതമാണ്. പിൻവാങ്ങേണ്ടിവരുമെന്ന് തോന്നുന്നു. ഒ.ബി.സി വിഭാഗത്തിൽ പെടുന്ന (ഈഴവ) കുട്ടികൾക്ക് 1650ന് ഉള്ളിൽ റാങ്ക് വേണം. ഗവ. കോളേജിൽ പ്രവേശനം കിട്ടാൻ എന്നിരിക്കെ മുന്നോക്കത്തിലെ പിന്നാക്കക്കാർക്ക് കീയിൽ 8000 റാങ്ക് വരെയുള്ളവർക്ക് കഴിഞ്ഞ തവണ, പ്രവേശനം കിട്ടി എന്ന 'അനീതി " അല്ലെങ്കിൽ 'വിരോധാഭാസം" നിലനിൽക്കുന്നു.
മാതാപിതാക്കളെയോർത്താൽ എനിക്ക് ജീവിതം തുടർന്നേ പറ്റൂ. എനിക്ക് വലിയ തുക കൊടുക്കാതെ പഠിക്കാൻ അവസരം കിട്ടുമോ? പ്രതീക്ഷയുടെ നേർത്ത കണിക മനസിലൊളിപ്പിക്കുന്നു.
ഒരു വിദ്യാർത്ഥി
തിരുവനന്തപുരം
എണ്ണക്കമ്പനികളുടെ പകൽ കൊള്ള
കേന്ദ്ര ഭരണകൂട ത്തിന്റെ തലതിരിഞ്ഞ സാമ്പത്തിക നയത്തിന്റെ ഭാഗമായി നിത്യേനയെന്നോണം ഇന്ധന വില വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ നവംബർ 20 മുതൽ തുടങ്ങിയ പ്രതിദിന ഇന്ധന വിലവർധന മാറ്റമില്ലാതെ തുടരുന്നു. നവംബർ 20 മുതൽ രാജ്യത്തെ എണ്ണകമ്പനികൾ 14 തവണയാണ് ഇന്ധന വില വർധിപ്പിച്ചത്.സംസ്ഥാനത്ത് പലയിടത്തും പെട്രോൾ വില 85 രൂപയുടെയും ഡീസൽ വില 80 രൂപയുടെയും അടുത്ത് എത്തി നിൽക്കുന്നു. സമീപകാലത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയിരിക്കുകയാണ് ഇന്ധനവില. രാജ്യാന്തരവിപണിയിലെ അസംസ്‌കൃത എണ്ണ വിലയും ഡോളർരൂപ വിനിമയവും അടിസ്ഥാനമാക്കിയാണ് രാജ്യത്ത് ഇന്ധനവില എണ്ണക്കമ്പനികൾ നിശ്ചയിക്കാറുള്ളത്. മാസങ്ങളായി രാജ്യാന്തരവിപണിയിൽ അസംസ്‌കൃത എണ്ണ വില 40 ഡോളറായി തുടർന്നു കൊണ്ടിരിക്കമ്പോഴാണ് എണ്ണക്കമ്പനികളുടെ ഈ പകൽ കൊള്ള. ഇത് ഈ മഹാമാരിക്കാലത്ത് ജന ജീവിതം കൂടുതൽ ദുസ്സഹമാക്കാനെ ഉപകരിക്കൂ
പാറൽ അബ്ദുസ്സലാം സഖാഫി,
തൂത , മലപ്പുറം
പ്രഥമാദ്ധ്യാപകനല്ല പ്രധാന അദ്ധ്യാപകൻ
ഏറെക്കാലമായി സ്കൂളുകളുമായി ബന്ധപ്പെട്ട കത്തിടപാടുകളിൽ ശ്രദ്ധയിൽ പെട്ടിട്ടുള്ള വാക്കാണ് 'പ്രഥമാദ്ധ്യാപകൻ." കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ച ജോഷി ബി. ജോൺ മണപ്പള്ളിയുടെ 'അദ്ധ്യാപകരുടെ തസ്തികമാറ്റത്തിലെ അനീതികൾ" എന്ന ലേഖനത്തിലും പ്രഥമാദ്ധ്യാപക തസ്തികയിലേക്ക് ഉണ്ടാകുന്ന ഒഴിവുകളിലേക്ക് എന്ന വാക്യം കാണാനിടയായി. പ്രഥമ എന്നാൽ ആദ്യത്തെ എന്നാണ്. നിരവധി അദ്ധ്യാപകർ ഉൾപ്പെടെ സർവസാധാരണയായി ഉപയോഗിച്ചുവരുന്നതും 'പ്രഥമാദ്ധ്യാപകൻ" എന്ന പദം തന്നെയാണ്. എന്നാൽ വിദ്യാഭ്യാസ മേഖലയുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്ന ഈ വാക്കിന്റെ ശരിയായ രൂപം 'പ്രധാന അദ്ധ്യാപകൻ" എന്നതാണെന്നു ശ്രദ്ധയിൽപ്പെടുത്തുന്നു.
സതീന്ദ്രൻ. ബി
പെരുമ്പുഴ