snake

മ്യാൻമർ യാങ്കോണിലെ ബുദ്ധവിഹാരം വാസ്തവത്തിൽ ഒരു പാമ്പുകളുടെ സങ്കേതം കൂടിയാണ്. ബുദ്ധ സന്യാസിയായ വിലാതയാണ് ഇവിടെ പാമ്പുകളുടെ രക്ഷകൻ. പെരുമ്പാമ്പിനെയും അണലിയെയും മൂർഖനെയുമൊക്കെ വിലാത ശ്രദ്ധാപൂർവ്വം പരിചരിക്കുന്നത് ഏവർക്കും കൗതുകമുണർത്തുന്ന കാഴ്ചയാണ്. എല്ലാ ജീവജാലങ്ങളും ഭൂമിയുടെ അവകാശികളാണെന്ന ചിന്തയിൽ നിന്നാണ് പാമ്പുകളെ സംരക്ഷിക്കുക എന്ന ദൗത്യത്തിലേയ്ക്ക് അദ്ദേഹം എത്തിച്ചേർന്നത്.

പാമ്പുകളെ പിടികൂടുന്നവർ ചർമ്മത്തിനും വിഷത്തിനുമായി അവയെ ഇല്ലായ്മ ചെയ്യുന്നതും ശരിയായ സംരക്ഷണം ലഭിക്കാത്തതിനാൽ കരിഞ്ചന്തയിൽ പാമ്പുകൾ ഹിംസിക്കപ്പെടുന്നതും ഇവിടെ പതിവാണ്. അങ്ങനെയാണ് വിവിധ സർക്കാർ ഏജൻസികളും നാട്ടുകാരും പിടികൂടുന്ന പാമ്പുകളെ ഈ സംരക്ഷണകേന്ദ്രത്തിലെത്തിക്കാൻ തുടങ്ങിയത്.

സംരക്ഷിക്കുന്ന പാമ്പുകളെല്ലാം തന്റെ മക്കളാണെന്നാണ് അറുപത്തൊമ്പതുകാരനായ വിലാത പറയുന്നത്. പാമ്പുകൾക്കാവശ്യമായ ശുശ്രൂഷ ചെയ്യുന്നത് ഇദ്ദേഹമാണ്. വനത്തിലേക്ക് തിരികെ പോകാനുള്ള അതിന് ശേഷം അവ ഇഴഞ്ഞു നീങ്ങുന്നത് കാണുമ്പോൾ അതിയായ സന്തോഷം തോന്നാറുണ്ടെന്നാണ് വിലാത പറയുന്നത്. മനുഷ്യരുമായുള്ള നിരന്തരസമ്പർക്കത്തിലൂടെ പാമ്പുകൾക്ക് മനസികസമ്മർദം ഉണ്ടാകുമെന്നും അതിനാൽ അവയെ സ്വാഭാവിക ജീവിതത്തിലേക്ക് തുറന്നുവിടുന്നതാണ് ഉത്തമമെന്നും വിലാത പറയുന്നു. ആളുകളിൽ നിന്ന് സംഭാവനയായി ലഭിക്കുന്ന പണമുപയോഗിച്ചാണ് പാമ്പുകൾക്കാവശ്യമുള്ള കാര്യങ്ങൾ ഒരുക്കുന്നത്. ആവാസവ്യവസ്ഥയിൽ പാമ്പുകൾക്കും പ്രധാനപ്പെട്ട പങ്കുണ്ടെന്നും അതിനാൽ അവയെ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും വിലാത ആവർത്തിക്കുന്നു.

വന്യജീവികടത്ത് വൻതോതിൽ നടക്കുന്ന ഏഷ്യൻ രാജ്യങ്ങളിൽ മുമ്പന്തിയിലാണ് മ്യാൻമർ. ചൈനയിലേക്കും തായ്‌ലന്റിലേക്കുമാണ് പ്രധാനമായും വന്യജീവികളെ കടത്തുന്നത്.