photo

ചിറയിൻകീഴ്: കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലും സ്ത്രീകളും വൃദ്ധരും അടക്കമുള്ളവർ എത്തിയതോടെ ചിറയിൻകീഴിൽ മികച്ച പോളിംഗ് രേഖപ്പെടുത്തി. ചിറയിൻകീഴ്, അഴൂർ ഗ്രാമപഞ്ചായത്തുകളിൽ വോട്ടെടുപ്പ് പൊതുവേ സമാധാനപരമായിരുന്നു. അഴൂർ ഗ്രാമപഞ്ചായത്തിൽ പലയിടത്തും വോട്ടിംഗ് യന്ത്രങ്ങൾ മണിക്കൂറുകളോളം പണിമുടക്കിയത് വോട്ടർമാരെ വലച്ചു. അഴൂർ ക്ഷേത്രം വാർഡിലെ അഴൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ, ഗാന്ധിസ്‌മാരകം വാർഡിലെ മാതശേരിക്കോണം യു.പി സ്‌കൂൾ, കൃഷ്‌ണപുരം വാർഡിലെ പെരുങ്ങുഴി പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ എന്നിവിടങ്ങളിലെ ബൂത്തുകളിലാണ് വോട്ടിംഗ് യന്ത്രം പണിമുടക്കിയത്. കമ്മ്യൂണിറ്റി ഹാൾ ഒഴികെയുള്ള മറ്റ് രണ്ടിടത്തും പുതിയ യന്ത്രമെത്തിച്ച് വോട്ടിംഗ് തുടർന്നെങ്കിലും മാതശേരിക്കോണം യു.പി സ്‌കൂളിൽ രണ്ടാമതെത്തിച്ച യന്ത്രത്തിലും തകരാറുണ്ടായി. ഇവിടെ തകരാറ് പരിഹരിച്ച ശേഷം വോട്ടിംഗ് പുനരാരംഭിച്ചു. ചില ബൂത്തുകളിൽ യന്ത്രങ്ങൾ പണിമുടക്കിയെങ്കിലും ഉടൻ പ്രശ്‌നം പരിഹരിക്കാനായി. ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ 19 വാർഡുകളിലും രാവിലെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. 33 ബൂത്തുകളിലാണ് ഇവിടെ പോളിംഗ് നടന്നത്. അഴൂർ ഗ്രാമപഞ്ചായത്തിലെ 18 വാർഡുകളിലായി 29 ബൂത്തുകളാണ് സജ്ജീകരിച്ചിരുന്നത്. ബൂത്തുകളിൽ തിരക്കേറിയത് കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ വെല്ലുവിളിയായി. ജില്ലാ പഞ്ചായത്ത് ചിറയിൻകീഴ് ഡിവിഷനിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ആർ. സുഭാഷ്, യു.ഡി.എഫ് സ്ഥാനാർത്ഥി എം.ജെ. ആനന്ദ്, ബി.ജെ.പി സ്ഥാനാർത്ഥി വക്കം.ജി. അജിത്ത് എന്നിവർ ബൂത്തുകൾ സന്ദർശിച്ചു. ബ്ലോക്ക്,​ പഞ്ചായത്ത് സ്ഥാനാർത്ഥികൾ അതത് ഡിവിഷനുകളിലെ പോളിംഗ് ബൂത്തുകളും സന്ദർശിച്ചു. തിരഞ്ഞെടുപ്പിൽ വൻവിജയം നേടുമെന്ന് എൽ.ഡി.എഫ്,​ യു.ഡി.എഫ് നേതാക്കൾ അവകാശപ്പെടുമ്പോൾ വലിയ മുന്നേറ്റം നടത്താൻ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. സ്വതന്ത്രരും റെബലുകളും അപ്രതീക്ഷിത മുന്നേറ്റം നടത്തിയത് മുന്നണികളെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്.