
ആറ്റിങ്ങൽ: മുദാക്കൽ പഞ്ചായത്തിൽ മൂന്നിടത്ത് വോട്ടിംഗ് യന്ത്രം തകരാറിലായതിനാൽ മണിക്കൂറുകളോളം പോളിംഗ് മുടങ്ങി. പരുത്തൂ അങ്കണവാടി, വാളക്കാട് ബഡ്സ് സ്കൂൾ എന്നിവിടങ്ങളിൽ വോട്ടിംഗ് തുടങ്ങി അരമണിക്കൂറ് കഴിഞ്ഞപ്പോൾ യന്ത്രം തകരാറിലായി. രണ്ടര മണിക്കൂറിലധികം കഴിഞ്ഞാണ് ഇവിടെ വോട്ടിംഗ് പുനരാരംഭിക്കാൻ സാധിച്ചത്. രാവിലെ മുതൽ നീണ്ട ക്യൂ ആയിരുന്നു. യന്ത്രത്തകരാറുകാരണം ഇരുനൂറോളം പേർ കാത്തുനിൽക്കേണ്ടിവന്നു. കുറേപ്പേർ കാത്തുനിൽക്കാതെ മടങ്ങിപ്പോയി. ഇവരെ അനുനയിപ്പിച്ചുകൊണ്ടുവരാൻ സ്ഥാനാർത്ഥികളും അണികളും നെട്ടോട്ടം തുടങ്ങി. മടങ്ങിപ്പോയവരെ വൈകിട്ടോടെ തിരിച്ച് ബൂത്തുകളിൽ എത്തിക്കാനുള്ള ശ്രമങ്ങളാണ് പിന്നീടുള്ള മണിക്കൂറുകളിൽ പാർട്ടി അണികൾ നടത്തിയത്.
കൈപ്പള്ളിക്കോണം വാർഡിലെ മുദാക്കൽ കൃഷിഭവനിലെ ബൂത്തിൽ പോളിംഗ് ആരംഭിച്ച് രണ്ടാമത്തെ ആൾ വോട്ടു ചെയ്യാൻ ശ്രമിച്ചപ്പോഴാണ് യന്ത്രം പിണങ്ങിയത്. എന്നാൽ ഇവിടെ 15 മിനിട്ടിനുള്ളിൽ ആശങ്ക ഒഴിവായി. യന്ത്രത്തിലേക്കുള്ള വൈദ്യുതി കണക്ഷൻ വിട്ടുപോയതായിരുന്നു ഇവിടത്തെ പ്രശ്നം. മുദാക്കൽ പഞ്ചായത്തിൽ പല ബൂത്തുകളിലും ബൊബൈൽ നെറ്റ് റേഞ്ച് ലഭിക്കാത്തതിനാൽ മണിക്കൂറിലെ വോട്ടിംഗ് ശതമാനം റിട്ടേണിംഗ് ഓഫീസർക്ക് ലഭിക്കാത്തത് പ്രശ്നമായി. റേഞ്ചില്ലാത്ത സ്ഥലങ്ങളിൽ നേരിട്ട് ഓഫീസർമാർ എത്തി കണക്കുകൾ ശേഖരിക്കേണ്ട അവസ്ഥയിലായിരുന്നു. മുദാക്കൽ പഞ്ചായത്തിൽ രാവിലെ ഒരു മണിക്കൂറിനുള്ളിൽ നല്ല പോളിംഗാണ് നടന്നത്.10 ശതമാനം പേർ ആദ്യ മണിക്കൂറിൽ പോൾ ചെയ്തു. എന്നാൽ പിന്നീട് മന്ദഗതിയിലായി. 9 മണിവരെ 15 ശതമാനം മാത്രമാണ് പോൾ ചെയ്തത്.എന്നാൽ പത്തു മണിയോടെ വലിയ ക്യൂ മിക്ക ഇടങ്ങളിലും ഉണ്ടായിരുന്നു.