കല്ലമ്പലം: തിരഞ്ഞെടുപ്പിൽ സാമൂഹിക അകലം പാലിക്കുന്നതിൽ വലിയ പ്രാധാന്യം നൽകിയിരുന്നുവെങ്കിലും പലയിടത്തും വീഴ്ച സംഭവിച്ചതായി ആക്ഷേപം. ആറടി വിട്ടു മാത്രമേ നിൽക്കാവൂ എന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം. ഇത് പാലിക്കാത്തവർക്കെതിരെ കർശന നടപടിയെടുക്കാൻ പൊലീസിനും നിർദ്ദേശമുണ്ടായിരുന്നു. എന്നാൽ പലയിടത്തും പൊലീസ് നോക്കുകുത്തിയായി. ആറടി പോയിട്ട് മൂന്നടി അകലം പോലും പാലിക്കാതെയാണ് മിക്ക പോളിംഗ് സ്റ്റേഷനുകളിലും വോട്ടെടുപ്പ് നടന്നത്. കരവാരം, നാവായിക്കുളം, പള്ളിക്കൽ, മടവൂർ, ഒറ്റൂർ, മണമ്പൂർ, ചെമ്മരുതി പഞ്ചായത്ത് പരിധിയിലെ ബൂത്തുകളിൽ ഉച്ചവരെ കനത്ത് പോളിംഗ് നടന്നുവെന്നാണ് കണക്കുകൾ. എന്നാൽ ഇവിടെയെല്ലാം നീണ്ട നിര പ്രത്യക്ഷപ്പെട്ടപ്പോൾ അകലം മറന്നു. നിയന്ത്രിക്കേണ്ട പൊലീസ് ഇത് കണ്ടില്ലെന്ന് നടിച്ചു. ബൂത്തിന് പുറത്ത് അണികൾ വോട്ടർമാരെ സ്വാധീനിക്കലും കൂട്ടം കൂടലുമായതോടെ കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപ്പറന്നു. നാവായിക്കുളത്ത് ഡീസന്റ്മുക്ക്, പുല്ലൂർമുക്ക്, വെട്ടിയറ എന്നീ ബൂത്തുകളിൽ കൂട്ടംകൂടലും വോട്ടർമാരെ സ്വാധീനിക്കലും ശക്തമായതോടെ പൊലീസിൽ പരാതി നൽകി. കല്ലമ്പലം പൊലീസ് ഇൻസ്പെക്ടർ ഐ. ഫറോസ് എത്തി നിയന്ത്രിക്കുകയും മറ്റു പോളിംഗ് സ്റ്റേഷനുകളിൽ നിർദ്ദേശം നൽകുകയും ചെയ്തെങ്കിലും വീണ്ടും പഴയപടിയായി. പള്ളിക്കൽ, പ്ലാച്ചിവിള വാർഡിൽ അയ്യങ്കാളി സ്മാരക കമ്മ്യൂണിറ്റി ഹാളിൽ നടന്ന വോട്ടെടുപ്പിനിടയിൽ രാവിലെ 9.30ന് വോട്ടിംഗ് യന്ത്രം തകരാറിലായി. അര മണിക്കൂറിലേറെ കഴിഞ്ഞാണ് പുനരാരംഭിച്ചത്. ഒറ്റൂർ പഞ്ചായത്ത് മൂന്നാം വാർഡിലും കരവാരം പഞ്ചായത്ത് പതിനഞ്ചാം വാർഡിലും വോട്ടിംഗ് യന്ത്രം പണിമുടക്കിയെങ്കിലും അര മണിക്കൂറിനുശേഷം വോട്ടെടുപ്പ് പുനരാരംഭിച്ചു.