
ആറ്റിങ്ങൽ: ആറ്റിങ്ങലിൽ വോട്ടർമാരുടെ ആവേശം പേളിംഗ് ബൂത്തുകളിൽ കാണാനായി. മിക്ക ബൂത്തുകളിലും രാവിലെ മുതൽ നീണ്ട നിരയായിരുന്നു. കൊവിഡ് ഭീതികാരണം പോളിംഗ് കുറയുമെന്നായിരുന്നു മുന്നണികളിലെ നിരീക്ഷകരുടെ അഭിപ്രായം. എന്നാൽ പ്രവചനങ്ങളെ മറികടന്ന് ജനം രാവിലെ 7 മുതൽ തന്നെ പോളിംഗ് ബൂത്തുകളിൽ എത്തുകയായിരുന്നു. സ്ത്രീകളുടെ നിരയായിരുന്നു എല്ലായിടത്തും കൂടുതൽ. തിക്കിതിരക്കിത്തന്നെയാണ് സ്ത്രീകളും പുരുഷന്മാരും ബൂത്തിനു മുന്നിൽ നിന്നത്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങലിൽ 74. 28 ശതമാനമായിരുന്നു പോളിംഗ്. എന്നാൽ ഇക്കുറി 69.36 ശതമാനം മാത്രമാണ്. പോസ്റ്റൽ വോട്ടുകൾ കൂടി വന്നാൽ കണക്കിൽ കുറച്ചു മാറ്റം വരുമെന്ന് റിട്ടേണിംഗ് ഓഫീസർ പറഞ്ഞു. മിക്ക ബൂത്തുകളിലും രാവിലേ മുതൽ നീണ്ട നിര കാണാമായിരുന്നു. രാവിലെ 7 മുതൽ തന്നെ പോളിംഗ് ബൂത്തുകളിൽ നല്ല തിരക്കായിരുന്നു. സ്ത്രീകളുടെ നിരയായിരുന്നു എല്ലായിടത്തും കൂടുതൽ. രാമച്ചംവിള സ്കൂൾ, അവനവഞ്ചേരി എച്ച്.എസ്, പരവൂർക്കോണം എൽ.പി.എസ്, കൊടുമൺ യു.പി.എസ്, നവഭാരത് എച്ച്.എസ്, ആറ്റിങ്ങൽ പോളിടെക്നിക് സ്കൂൾ, ബോയിസ് സ്കൂൾ എന്നിവിടങ്ങളിലാണ് ചില സമയങ്ങളിൽ അസാധാരണമായ വലിയ ക്യൂ കാണാനായത്. ഇതിൽ രാമച്ചം വിള സ്കൂളിൽ നാല് വാഡുകളിലെ ബൂത്താണ് പ്രവർത്തിക്കുന്നത്. ഇവിടെ എല്ലാ ബൂത്തുകളിലും മണിക്കൂറുകളോളം ക്യൂനിന്നാണ് ജനം വോട്ടു ചെയ്തത്. ആറ്റിങ്ങൽ നഗരസഭയിലെ ഗ്രാമം വാർഡിൽ ഒരു കൊവിഡ് രോഗിയും കച്ചേരി വാർഡിൽ ക്വാറന്റൈനിൽ കഴിയുന്ന ഒരാളും വോട്ടു രേഖപ്പെടുത്താനെത്തിയിരുന്നു. ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ 7.53 ശതമാനം പേരാണ് ഇവിടെ വോട്ടു ചെയ്തത്. 9 മണിയോടെ ഇത് 15.01 ശതമാനമായി. 12ന് 39.08 ശതമാനം. ഒരു മണിക്ക്- 46,59 ശതമാനം. രണ്ടു മണിയ്ക്ക് - 51.01 ശതമാനം. 3.30 ന് - 60 ശതമാനം . 4.17 ന് 64.83 ശതമാനം. 5 ന് 68.06 ശതമാനം.