
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിതരായവരുടെയും ക്വാറന്റൈനിൽ കഴിയുന്നവരുടെയും വോട്ടുകൾ രേഖപ്പെടുത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ച സ്പെഷ്യൽ പോളിംഗ് ഓഫീസർമാർ രാഷ്ട്രീയ പക്ഷപാതം കാട്ടുന്നുവെന്ന പരാതി വ്യാപകമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
തൃശൂർ അടക്കമുള്ള ജില്ലകളിൽ നിന്ന് പരാതികൾ വ്യാപകമായ സ്ഥിതിക്ക് ഇത്തരം ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ജോലികളിൽ നിന്നൊഴിവാക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അടിയന്തരമായി തയാറാകണം.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ സ്പെഷ്യൽ ഓഫീസർമാർ വോട്ട് രേഖപ്പെടുത്തുന്നവരിൽ നിന്ന് സത്യവാങ്മൂലം പോലും കൈപ്പറ്റുന്നില്ലെന്ന പരാതി വ്യാപകമാണ്. ബാലറ്റ് പേപ്പർ സ്വീകരിച്ചുവെന്നതിന്റെ രസീത് പോലും കൊടുക്കാൻ പലരും തയാറാകുന്നില്ല. ഇതെല്ലാം വോട്ടുകളിൽ കൃത്രിമം കാണിക്കാനോ വോട്ടുകൾ തട്ടിയെടുക്കാനോ ആണെന്ന് സംശയിക്കണം. തൃശൂർ ഡി.സി.സി അദ്ധ്യക്ഷനും സ്ഥലം എം.പിയും ജില്ലാ വരണാധികാരിക്കും നഗരസഭാ റിട്ടേണിംഗ് ഓഫീസർക്കും പരാതി നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.