
വിതുര: മലയോരമേഖലയിൽ ഇക്കുറി കനത്ത പോളിംഗ് രേഖപ്പെടുത്തി. പാർലമെന്റ് തിരഞ്ഞെടുപ്പിനെക്കാൾ വോട്ടിംഗ് ശതമാനം വർദ്ധിച്ചു. പ്രതികൂലകാലാവസ്ഥയേയും കൊവിഡിനെയും തരണം ചെയ്ത് രാവിലെ മുതൽ ബൂത്തുകളിൽ ധാരാളം പേർ വോട്ട് രേഖപ്പെടുത്തി. വോട്ടിംഗ് ആരംഭിച്ച രാവിലെ ഏഴിന് ശക്തമായ മഴ പെയ്‌തെങ്കിലും ആവേശം ഒട്ടും ചോരാതെ വോട്ടർമാർ ബൂത്തുകളിലേക്ക് പ്രവഹിക്കുകയായിരുന്നു. വിതുര പഞ്ചായത്തിലെ മേമല തേമല സ്‌കൂളിൽ വോട്ടിംഗ് മെഷ്യൻ തകരാറിലായെങ്കിലും അരമണിക്കൂർ കൊണ്ട് യന്ത്രം ശരിയാക്കി വോട്ടിംഗ് പുനരാരംഭിച്ചു. വിതുര, തൊളിക്കോട്, ആര്യനാട് പഞ്ചായത്തുകളിലെ ആദിവാസി മേഖലകളിലും കനത്ത പോളിംഗാണ് നടന്നത്. വനാന്തരങ്ങളിൽ നിന്നും കിലോമീറ്ററുകൾ നടന്ന് രാവിലെ തന്നെ നൂറുകണക്കിന് ആദിവാസികൾ വോട്ട് ചെയ്യുവാൻ എത്തി. ആദിവാസി മേഖലകളിലെ ബൂത്തുകളിൽ 75 മുതൽ 85 ശതമാനം വരെ വോട്ട് രേഖപ്പെടുത്തിയായാണ് കണക്ക്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ 72 ശതമാനമാനം പേരാണ് വിതുര തൊളിക്കോട് മേഖലയിലെ ആദിവാസി കേന്ദ്രങ്ങളിൽ നടന്ന് വോട്ട്. കൊവിഡ് മൂലം വോട്ടിംഗ് ശതമാനം ഗണ്യമായി കുറയുമെന്നാണ് രാഷ്ട്രീയ കക്ഷികൾ കരുതിയിരുന്നത്. സ്ത്രീ വോട്ടർമാരാണ് കൂടുതൽ എത്തിയത് കൊവിഡ് മൂലം വോട്ടിംഗ് കുറയുമെന്ന പ്രചാരണം മുൻനിറുത്തി മൂന്ന് മുന്നണികളും ആദിവാസി മേഖലകളിൽ ശക്തമായ പ്രചാരണമാണ് നടത്തിയിരുന്നത്. ഇത് വോട്ടിംഗിലും ദൃശ്യമായി. തോട്ടം മേഖലകളിലെ സ്ഥിതിയും വ്യത്യസ്തമല്ല. പൊൻമുടി, കുളിച്ചക്കര, ബോണക്കാട്, ബ്രൈമൂർ മേഖലകളിൽ മികച്ച പോളിംഗ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. എസ്റ്റേറ്റുകളിൽ താമസിക്കുന്ന 95 ശതമാനം പേരും സമ്മതിദാനാനാവകാശം രേഖപ്പെടുത്തി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വോട്ടെടുപ്പ് പരോഗമിച്ചത്. ഉച്ചയോടെ തന്നെ പോളിംഗ് അറുപത് ശതമാനം പിന്നിട്ടു. ഇതിനിടയിൽ പൊൻമുടിയിലും, ബോണക്കാട്ടും നിരവധി തവണ മഴ കോരിച്ചൊരിഞ്ഞു. മഴ ശമിച്ചതോടെ വീണ്ടും ധാരാളം വോട്ടർമാർ ബൂത്തിലേക്ക് ഒഴുകിയെത്തി.