
തിരുവനന്തപുരം: കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി കൂടാൻ സാദ്ധ്യതയുണ്ടെന്ന ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ് അവഗണിച്ച് നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തിയായിരുന്നു ജില്ലയിൽ പലയിടങ്ങളിലും പോളിംഗ് സ്റ്റേഷനുകളുടെ പ്രവർത്തനം. വോട്ടുചെയ്യാനെത്തിയവർ സാമൂഹ്യ അകലം പാലിക്കാതെ കൂട്ടംകൂടി നിൽക്കുന്നത് കണ്ടിട്ടും പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ടില്ല. പോളിംഗ് സ്റ്റേഷനുകളിൽ സൗകര്യമൊരുക്കുന്നതിലുള്ള പോരായ്‌മയാണ് ജനങ്ങൾ കൂട്ടംകൂടാൻ കാരണമായത്. നെയ്യാറ്റിൻകര സ്വദേശാഭിമാനി ടൗൺ ഹാളിൽ സാമൂഹ്യ അകലം പാലിക്കാതെ കൂട്ടം കൂടിയായിരുന്നു പോളിംഗ് നടന്നത്. ഉദ്യോഗസ്ഥർ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ വൈകിയതാണ് വോട്ടർമാർ കൂട്ടംകൂടാൻ കാരണമായതെന്ന് സ്ഥാനാർത്ഥികൾ പറഞ്ഞു. മിക്ക പോളിംഗ് സ്റ്റേഷനുകളിലും ഒറ്റവരിയായാണ് വോട്ടർമാരെ കടത്തിവിട്ടതെങ്കിലും ചിലയിടങ്ങളിൽ രണ്ടുവരിയായി ഒരേ വാതിലിലൂടെ കടത്തിവിട്ടു. വോട്ടർമാർ തമ്മിൽ ആറടി അകലം പാലിച്ചാണ് നിൽക്കേണ്ടതെന്ന നിർദ്ദേശം ഉണ്ടായിരുന്നെങ്കിലും അതൊന്നും ഫലംകണ്ടില്ല. പോളിംഗ് ബൂത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് സാനിറ്റൈസർ നൽകിയെങ്കിലും വോട്ട് ചെയ്‌ത് പുറത്തിറങ്ങുന്നവർക്ക് സാനിറ്റൈസർ ലഭിച്ചില്ലെന്ന പരാതിയും ഉണ്ടായി. അകത്തേക്ക് കയറാൻ ഒരു വാതിലും പുറത്തേക്കിറങ്ങാൻ മറ്റൊരു വാതിലും സജ്ജീകരിച്ച ബൂത്തുകളിലാണ് പുറത്തിറങ്ങുന്നവർക്ക് സാനിറ്റൈസർ നൽകാൻ കഴിയാതിരുന്നത്.