തിരുവനന്തപുരം​: മികച്ച വിജയം നേടുമെന്ന് തിരഞ്ഞെടുപ്പിന് മുമ്പേ ശുഭാപ്‌തി വിശ്വാസം പ്രകടിപ്പിച്ച മൂന്നു മുന്നണികൾക്കും പോളിംഗ് കഴിഞ്ഞപ്പോഴും ആത്മവിശ്വാസത്തിന് കുറവില്ല. മൂന്ന് മുന്നണികളും മികച്ച വിജയം അവകാശപ്പെടുന്നു. പോളിംഗ് കഴിഞ്ഞുള്ള ശതമാനക്കണക്കുകൾ കൂട്ടിയും കിഴിച്ചുമാണ് മുന്നണി നേതൃത്വങ്ങൾ വിജയം ഉറപ്പിക്കുന്നത്.

വിജയം നേടും: എൽ.ഡി.എഫ്

തദ്ദേശ തിരഞ്ഞടുപ്പിൽ എൽ.ഡി.എഫ് മികച്ച വിജയം നേടുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു. പോളിംഗ് കഴിഞ്ഞതോടെ ആത്മവിശ്വാസം കൂടി. ഭൂരിപക്ഷമില്ലാതെ ഭരിച്ച കോർപറേഷനിൽ ഇത്തവണ 50ൽ കൂടുതൽ സീറ്ര് നേടും. ജില്ലാ പഞ്ചായത്തിലും എൽ.ഡി.എഫിന് ഭൂരിപക്ഷം ലഭിക്കും. ഭൂരിഭാഗം ബ്ലോക്ക് പഞ്ചായത്തുകളിലും ഗ്രാമ പഞ്ചായത്തുകളിലും എൽ.ഡി.എഫ് മികച്ച വിജയം നേടും. സർക്കാരിനെതിരായ പ്രചാരണങ്ങളൊന്നും വിലപ്പോയിട്ടില്ല. ബി.ജെ.പിക്ക് സീറ്ര് കുറയും. ജില്ലാ പഞ്ചായത്തിൽ ഉണ്ടായിരുന്ന സീറ്രും നഷ്ടപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

 തിരിച്ചുപിടിക്കും: യു.ഡി.എഫ്

തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിൽ ഇത്തവണ മികച്ച വിജയം കരസ്ഥമാക്കുമെന്ന് ഡി.സി.സി പ്രസ‌ിഡന്റ് നെയ്യാറ്രിൻകര സനൽ പറ‌ഞ്ഞു. യു.ഡി.എഫ് കേന്ദ്രങ്ങളിൽ പ്രത്യേകിച്ച് തീരദേശ മേഖലകളിൽ മികച്ച പോളിംഗാണ് നടന്നത്. സ്വർണക്കള്ളക്കടത്തിനെ തുടർന്നുണ്ടായ രാഷ്ട്രീയ സാഹചര്യം യു.ഡി.എഫിന് അനുകൂലമാവും. ഇടതുസർക്കാരിന്റെ അഴിമതിയും തദ്ദേശ സ്ഥാപനങ്ങളെ സർക്കാർ അവഗണിച്ചതും പ്രതിഫലിക്കും. ഗ്രാമങ്ങളിലും നഗരങ്ങളിലും ഇത്തവണ യു.ഡി.എഫിന് മേൽക്കോയ്‌മയുണ്ടാകും.

 അനുകൂലമായ വികാരം: ബി.ജെ.പി

സംസ്ഥാന സർക്കാരിന്റെ അഴിമതിക്കെതിരായ ശക്തമായ ജനവികാരമാണ് പോളിംഗിൽ കണ്ടതെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് പറഞ്ഞു. കൊവിഡ് ഭീഷണിയെപ്പോലും വകവയ്‌ക്കാതെയുള്ള തിരക്ക് സർക്കാരിനോടുള്ള ജനങ്ങളുടെ പ്രതിഷേധമാണ് സൂചിപ്പിക്കുന്നത്. ബി.ജെ.പിക്ക് അനുകൂലമാണിത്. കോർപറേഷൻ ഭരണം പിടിച്ചെടുക്കുന്ന ബി.ജെ.പി ജില്ലയിലെ നഗരസഭകളിലും ആധിപത്യം സ്ഥാപിക്കും. ജില്ലാ - ബ്ലോക്ക് - ഗ്രാമ പഞ്ചായത്തുകളിലും ബി.ജെ.പി മികച്ച പ്രകടനം നടത്തുമെന്നാണ് പോളിംഗ് നൽകുന്ന സൂചനയെന്ന് രാജേഷ് പറഞ്ഞു.