കാട്ടാക്കട: കാട്ടാക്കട ക്രിസ്‌ത്യൻ കോളേജിലെ ബൂത്തിൽ സി.പി.എം - കോൺഗ്രസ് തർക്കം സംഘർഷത്തിൽ കലാശിച്ചു. ബൂത്തിനുള്ളിൽ ഇരുവിഭാഗവും തമ്മിലുണ്ടായ തർക്കമാണ് പുറത്ത് അടിയിൽ കലാശിച്ചത്. കോൺഗ്രസിന്റെ ബൂത്ത് ഇൻ ഏജന്റായ ശർമത് ലാൽ പുറത്തിറങ്ങിയപ്പോൾ ഒരു സംഘമെത്തി ബൂത്തിലെ പ്ര‌ശ്‌നം ഉന്നയിച്ച് ചോദ്യം ചെയ്‌തു. തർക്കത്തിനിടെ ഇവർ ശർമത്ത് ലാലിനെ മർദ്ദിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് കൂടുതൽ പൊലീസ് സ്ഥലത്തെത്തി. പൂവച്ചൽ പഞ്ചായത്തിലെ തോട്ടമ്പറ വാർഡിലെ ബൂത്താണിത്. കോളേജിന് മുന്നിൽ തടിച്ചുകൂടിയവരെ കാട്ടാക്കട സി.ഐ ബിജു കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വിരട്ടിയോടിച്ചു. മർദ്ദനത്തിൽ പരിക്കേറ്റ ശർമത്തിനെ മലയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശർമത് ലാൽ കാട്ടാക്കട പൊലീസിൽ പരാതി നൽകി.