local-body-election

തിരുവനന്തപുരം:കനത്ത പോളിംഗ് കാഴ്ചവച്ച് തെക്കൻ ജില്ലകളിലെ സമതിദായകർ തദ്ദേശ തിരഞ്ഞെടുപ്പിനെ വരവേറ്റതിനു പിന്നാലെ നാളെ മദ്ധ്യകേരളവും പാലക്കാട്, വയനാട് ജില്ലകളും പോളിംഗ് ബൂത്തിലെത്തും.

കൊവിഡ് കാലത്തെ ആദ്യഘട്ട വോട്ടെടുപ്പ് മുന്നണികളെ പോലും അമ്പരപ്പിക്കും വിധം ആവേശം നിറഞ്ഞതായിരുന്നു. കേരള കോൺഗ്രസ്-എം ജോസ് പക്ഷത്തിന്റെ മുന്നണിമാറ്റവും എറണാകുളത്തെ ട്വന്റി-ട്വന്റി സാന്നിദ്ധ്യവും കോട്ടയത്തെ ജനപക്ഷത്തിന്റെ ഇടപെടലും നാളത്തെ പോളിംഗിനെ ശ്രദ്ധേയമാക്കുന്നു.

സ്വർണക്കടത്തും അനുബന്ധ വിവാദങ്ങളും ഇടതിനെതിരെ യു.ഡി.എഫും എൻ.ഡി.എയും ആയുധമാക്കിയപ്പോൾ ജനക്ഷേമ ഇടപെടലുകളും വികസനനേട്ടങ്ങളും ഉയർത്തിക്കാട്ടി എൽ.ഡി.എഫ് തിരിച്ചടിച്ചു. സ്വർണക്കടത്ത് കേസിന് അനുബന്ധമായി വന്ന ഡോളർകടത്ത് വിവാദവും അതിൽ ഭരണതലപ്പത്തെ ഉന്നതന് പങ്കുണ്ടെന്ന ആരോപണവും അവസാന നിമിഷം ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കാൻ എതിർചേരികൾ ആയുധമാക്കുന്നുണ്ട്.

ജയിലുദ്യോഗസ്ഥരുടെ ഭീഷണിയുണ്ടായെന്ന സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റേതായി ഇന്നലെ പുറത്തുവന്ന മൊഴിയെ ചൊല്ലിയും ആരോപണ,പ്രത്യാരോപണങ്ങളുയരുന്നു.

കോട്ടയം, എറണാകുളം, വയനാട് ജില്ലകളിൽ 2015 ലുണ്ടായ ആധിപത്യം നിലനിറുത്താനുള്ള യു.ഡി.എഫ് പ്രതീക്ഷയെ തകിടം മറിക്കാൻ കേരള കോൺഗ്രസ്- ജോസ് കെ.മാണിയുടെ മുന്നണിമാറ്റം സഹായിക്കുമെന്നാണ് ഇടതു ചിന്ത. തൃശൂർ, പാലക്കാട് ജില്ലകളിലെ ആധിപത്യം നിലനിറുത്താനാകുമെന്ന് ഇടതുപക്ഷം പ്രതീക്ഷിക്കുമ്പോൾ, അത് മറിയുമെന്നാണ് യു.ഡി.എഫ് അവകാശവാദം.

പാലക്കാട് മുനിസിപ്പാലിറ്റിയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഭരിച്ച ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ ഇത്തവണ തൃശൂരിലും പാലക്കാട്ടും വലിയ നേട്ടം പ്രതീക്ഷിക്കുന്നു. തൃശൂർ കോർപ്പറേഷനിൽ 2015ൽ പിടിച്ചെടുത്ത ആറ് വാർഡുകൾ ഇരട്ടിയോ അതിലേറെയോ ആയി ഉയരാമെന്നാണ് കണക്കുകൂട്ടൽ. ഇന്നലെയായിരുന്നു പ്രചാരണസമാപനം. ഇന്ന് നിശബ്ദ പ്രചരണം.

...................

കോട്ടയം

യു.ഡി.എഫിന് മേൽക്കൈ. ജോസ് വിഭാഗത്തിന്റെ വരവ് ഗുണം ചെയ്യുമെന്ന് ഇടതുപ്രതീക്ഷ. ജോസ് ഇടതു പാളയത്തിലെത്തിയ ശേഷം ജില്ലാ പഞ്ചായത്ത് ഭരണം സാങ്കേതികമായി ഇടതിനൊപ്പമായിയെന്ന പ്രത്യേകതയുണ്ട്. 2015ൽ ഇടതിനൊപ്പം നിന്ന പി.സി. ജോർജിന്റെ ജനപക്ഷം സ്വതന്ത്രരായി നിൽക്കുന്നു.

എറണാകുളം

യു.ഡി.എഫിന് വ്യക്തമായ ആധിപത്യം. കിഴക്കമ്പലത്ത് ട്വന്റി- 20 സംഘടനയുടെ സ്വാധീനം ഡൽഹിയിൽ ആം ആദ്മി സൃഷ്ടിച്ചത് പോലൊരു ഇഫക്ടിന് വഴിയൊരുക്കിയിട്ടുണ്ട്. ഇത്തവണ അവർ കോർപ്പറേഷനിലെ മത്സരരംഗത്തും സജീവം. കോതമംഗലം, മൂവാറ്റുപുഴ മേഖലകളിൽ ജോസ് വിഭാഗത്തിനുണ്ടെന്ന് കരുതുന്ന സ്വാധീനം തുണയാകുമെന്ന് ഇടതുപ്രതീക്ഷ.

തൃശൂർ

ഇടത് ആധിപത്യം 2015ൽ. യു.ഡി.എഫ് തിരിച്ചുവരവിനായി കടുത്ത യുദ്ധത്തിൽ. കോർപ്പറേഷൻ പരിധിയിൽ ബി.ജെ.പിയും സ്വാധീനമുയർത്തി നില്പുണ്ട്.

പാലക്കാട്

വ്യക്തമായ ഇടതു മേൽക്കൈ. പാലക്കാട് മുനിസിപ്പാലിറ്റിയിലെ ബി.ജെ.പിയുടെ മുന്നേറ്റം ശക്തമായ ത്രികോണമത്സരത്തിന് വഴിയൊരുക്കിയിട്ടുണ്ട്. യു.ഡി.എഫും തിരിച്ചുവരവിനായി ശ്രമിക്കുന്നു.

വയനാട്

ഡി.ഐ.സി വന്ന ഇടക്കാലത്തൊഴിച്ചാൽ ജില്ലയിൽ എല്ലാ കാലത്തും യു.ഡി.എഫ് മേൽക്കൈ. 2015ൽ പക്ഷേ നഗരസഭകളിലും ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലും ഇടതിന് മുന്നേറ്റമുണ്ടായി. അത് നിലനിറുത്താനും ജില്ലാ പഞ്ചായത്ത് പിടിക്കാനുമുള്ള കഠിനയത്നത്തിൽ ഇടതുപക്ഷം.