വിതുര: ചെറ്റച്ചൽ മരുതുംമൂട് സ്വദേശാഭിമാനി ഗ്രന്ഥശാലയിലെ ബൂത്തിൽ വോട്ടുരേഖപ്പെടുത്തി മടങ്ങിയവർക്കുനേരെ കടന്നൽക്കൂട്ടത്തിന്റെ ആക്രമണം. സ്ത്രീകളും കുട്ടികളുമടക്കം 32 പേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. തൊളിക്കോട് പഞ്ചായത്തിലെ പുളിച്ചാമല, പരപ്പാറ, കുളമാൻകോട്, മേഖലകളിൽ താമസിക്കുന്നവർക്കാണ് പരിക്കേറ്റത്. കുളമാൻകോട് ജംഗ്ഷന് സമീപമുള്ള റബർതോട്ടത്തിലെ മരത്തിൽ കൂടുകൂട്ടിയിരുന്ന കടന്നലുകളാണ് ഇളകി നാട്ടുകാരെ ആക്രമിച്ചത്.

ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന പുളിച്ചാമല സ്വദേശിയായ വീട്ടമ്മയുടെ ദേഹത്ത് കടന്നൽകൂട് വീഴുകയായിരുന്നു. സംഭവ സമയത്ത് ഇതുവഴി വോട്ട് ചെയ്യാൻ വന്ന മുഴുവൻ പേരെയും കടന്നലുകൾ ആക്രമിച്ചു.

ഒരു മണിക്കൂറോളം പ്രദേശത്ത് കടന്നലുകളുടെ താണ്ഡവമായിരുന്നു. സംഭവത്തെ തുടർന്ന് ഒരു മണിക്കൂറോളം മരുതുംമൂട്- പരപ്പാറ റൂട്ടിൽ ഗതാഗതവും നിലച്ചു വോട്ടമാർ മറ്റ് വഴികളിലൂടെ പോയാണ് വോട്ട് രേഖപ്പെടുത്തിയത്. വിതുരയിൽ നിന്നും ഫയർഫോഴ്സ് എത്തിയപ്പോഴേക്കും കടന്നലുകൾ പറന്നുപോയിരുന്നു. വിതുര പൊലീസും സ്ഥലത്തെത്തി.

പരിക്കേറ്റവരെ വിതുര ഗവ. താലൂക്ക് ആശുപത്രിയിലും തൊളിക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിലും എത്തിച്ച് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. രണ്ടുപേർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടി. ആരുടെയും പരിക്ക് ഗുരുതരമല്ല. കുളമാൻകോട് മേഖലയിൽ കടന്നൽകൂട് നാട്ടുകാർക്ക് ഭീഷണി ഉയർത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി രണ്ടാഴ്ച മുൻപും കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ നടപടി സ്വീകരിക്കാൻ അധികാരികൾ തയ്യാറായിരുന്നില്ല. നേരത്തെയും വഴിയാത്രക്കാരായ ആറുപേരെ കടന്നലുകൾ ആക്രമിച്ചിരുന്നു.