
കാസർകോട്: ജില്ലാ പഞ്ചായത്തിലെ എടനീർ ഡിവിഷനിൽ മങ്കമാരുടെ 'പ്രസ്റ്റീജ് ' പോരാട്ടം തകർക്കുകയാണ്. സ്വന്തം തട്ടകത്തിലെ അടിയൊഴുക്ക് കാരണം നേരിയ വോട്ടിന് കൈവിട്ടുപോയ ഡിവിഷൻ എന്തുവില കൊടുത്തും തിരിച്ചു പിടിക്കാൻ യു.ഡി.എഫ് ശക്തമായ ഇടപെടൽ നടത്തുമ്പോൾ ഡിവിഷൻ ഏതുവിധേനയും നിലനിർത്താനുള്ള പോരാട്ടമാണ് ബി.ജെ.പിയ്ക്ക്. മൂന്നാം സ്ഥാനത്തുള്ള ഇടതുമുന്നണി ഇത്തവണ ശക്തമായ സാന്നിദ്ധ്യം അറിയിച്ച് രംഗത്തുവന്നതോടെ ത്രികോണ പോരിന് വീറും വാശിയും കൈവന്നു.
വനിതാ സംവരണ ഡിവിഷനായ എടനീരിൽ ഇക്കുറി മത്സരിക്കുന്ന മൂന്ന് സ്ഥാനാർത്ഥികളും കഴിവും പരിചയസമ്പന്നരുമാണ് എന്ന പ്രത്യേകത കൂടിയുണ്ട്. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റും കഴിഞ്ഞ 15 വർഷമായി കുമ്പഡാജെ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന ഇ. ശൈലജ ഭട്ട് ആണ് ഒരു സ്ഥാനാർത്ഥി. മഹിളമോർച്ച മുൻ സംസ്ഥാന സെക്രട്ടറിയായിരുന്നു. അഞ്ചു വർഷം ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഷാഹിന സലിം ആണ് യു.ഡി.എഫ് സ്ഥാനാർത്ഥി. പി.ജിയും എം.ബി.എയും യോഗ്യതയുമുള്ള ഷാഹിന സലിം നടത്തിയ വികസന പ്രവർത്തനങ്ങൾ തന്നെയാണ് യു.ഡി.എഫിന്റെ പ്രചാരണ വിഷയം. വനിതാ ലീഗ് ജില്ലാ സെക്രട്ടറിയാണ്.
കാറഡുക്ക സ്വദേശിയും മഹിളാസംഘം ജില്ലാ വൈസ് പ്രസിഡന്റ്, എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ കൗൺസിൽ അംഗം എന്നീ നിലകളിൽ സജീവവുമായ സി. ജാനു ആണ് ഇടതുമുന്നണിക്ക് വേണ്ടി ജനവിധി തേടുന്നത്. ബദിയടുക്ക പഞ്ചായത്തിലെ ഒന്ന് മുതൽ 17 വരെയുള്ള വാർഡുകളും 19 ആം വാർഡും ചെങ്കള പഞ്ചായത്തിലെ രണ്ടു മുതൽ എട്ട് വരെയുള്ള വാർഡുകളും കുമ്പഡാജെ പഞ്ചായത്തിലെ ഒന്ന് മുതൽ നാലു വരെയുള്ള വാർഡുകളും എട്ട് മുതൽ 13 വരെയുള്ള വാർഡുകളും ബെള്ളൂർ പഞ്ചായത്തിലെ ഒന്ന് മുതൽ ആറു വരെയുള്ള വാർഡുകളും 12,13 വാർഡുകളും കാറഡുക്ക പഞ്ചായത്തിലെ ഒന്നും രണ്ടും വാർഡുകളും ചേർന്നതാണ് എടനീർ ഡിവിഷൻ. ഡിവിഷനിലെ 45 ഗ്രാമ പഞ്ചായത്ത് വാർഡുകളിൽ 22 വാർഡുകളിൽ ബി.ജെ.പിയും 17 വാർഡുകളിൽ യു.ഡി.എഫും നാല് വാർഡുകളിൽ എൽ.ഡി.എഫും രണ്ടു സ്വാതന്ത്രരുമാണ് നിലവിലുണ്ടായിരുന്നത്.
2015ൽ ബി.ജെ.പി ജില്ല പ്രസിഡന്റ് കെ. ശ്രീകാന്ത് 289 വോട്ടിനാണ് ലീഗിന്റെ എതിരാളി മാഹിൻ കേളോട്ടിനെ പരാജയപ്പെടുത്തിയിരുന്നത്. സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് അന്ന് യു.ഡി.എഫിലുണ്ടായ പ്രശ്നങ്ങൾ മുതലെടുക്കാൻ ശ്രീകാന്തിന് കഴിഞ്ഞിരുന്നു. ബദിയടുക്ക, നെക്രാജെ മേഖലകളിലെ വാർഡുകളിലെ എസ്.എൻ.ഡി.പി നേതാക്കളുടെയും പ്രവർത്തകരുടെയും ഇടപെടലും പിന്തുണയും ശ്രീകാന്തിന്റെ അന്നത്തെ മിന്നുന്ന വിജയത്തിന് പ്രധാന ഘടകമായിരുന്നു. ഇത്തവണയും ഡിവിഷനിൽ അടിയൊഴുക്കുകൾ പ്രകടമാണ്. എന്നാൽ അത് ആരെ തുണക്കുമെന്ന് കൃത്യമായി അറിയാൻ വോട്ടെണ്ണിക്കഴിയണം.