cm-raveendran

തിരുവനന്തപുരം: വ്യാഴാഴ്ച ചോദ്യംചെയ്യലിന് കൊച്ചിയിൽ ഹാജരാകാൻ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ് ലഭിച്ച മുഖ്യമന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രൻ ഇന്നലെ തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ അഡ്‌മിറ്റായി. ഇത് മൂന്നാം വട്ടമാണ് രവീന്ദ്രൻ ഇത്തരത്തിൽ ആശുപത്രിയിലാവുന്നത്.

കൊവിഡും ശ്വാസതടസവുമായിരുന്നു ഇതുവരെയുള്ള രോഗമെങ്കിൽ, ഇത്തവണ തലവേദനയും കടുത്ത ക്ഷീണവുമാണ്. പരിശോധനയ്ക്ക് ശേഷം രവീന്ദ്രനെ മെഡിസിൻ വാർഡിൽ അഡ്‌മിറ്റ് ചെയ്തു. അന്വേഷണത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമമെന്ന് വിലയിരുത്തുന്ന ഇ.ഡി, ഡോക്ടർമാരിൽ നിന്ന് ആരോഗ്യവിവരങ്ങൾ തിരക്കിയശേഷം രവീന്ദ്രനെ കസ്റ്റഡിയിലെടുത്തേക്കും. അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസം രവീന്ദ്രനെ ചോദ്യംചെയ്യാൻ വിളിപ്പിച്ചത് സംശയത്തോടെയാണ് സർക്കാർ കാണുന്നത്.

നവംബർ ആറിന് രവീന്ദ്രന് ഇ.ഡി ആദ്യം നോട്ടീസ് നൽകിയതിനു പിന്നാലെ, അദ്ദേഹത്തെ കൊവിഡ് ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കൊവിഡ് മുക്തനായി ഒരാഴ്ച ക്വാറന്റൈനും പൂർത്തിയാക്കിയ ശേഷമാണ് ഇ.ഡി രണ്ടാമതും നോട്ടീസ് നൽകിയത്. കൊവിഡ് മുക്തനായ ശേഷം രക്തത്തിൽ ഓക്സിജന്റെ അളവ് കുറയുന്നുവെന്നും, ശ്വാസതടസമുണ്ടെന്നും ചൂണ്ടിക്കാട്ടി രണ്ടാമതും ആശുപത്രിയിൽ അഡ്‌മിറ്റായി. ആരോഗ്യനിലയെക്കുറിച്ച് വിശദമായ റിപ്പോർട്ട് മെഡിക്കൽകോളേജ് സൂപ്രണ്ടിനോട് ആവശ്യപ്പെടാൻ ഇ.ഡി നീക്കം തുടങ്ങിയതോടെ, ആശുപത്രിയിൽ കിടത്തിയുള്ള ചികിത്സ ആവശ്യമില്ലെന്നും വീട്ടിൽ വിശ്രമിച്ച് ഫിസിയോതെറാപ്പി നടത്തിയാൽ മതിയെന്നും നിർദ്ദേശിച്ച് 27ന് രവീന്ദ്രനെ ഡിസ്ചാർജ് ചെയ്തു. കൊവിഡ് മുക്തനായ ശേഷം രവീന്ദ്രന് ന്യൂറോ സംബന്ധമായ പ്രശ്‌നങ്ങളുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. അതേസമയം,രവീന്ദ്രൻ ഇ.‌ഡി മുമ്പാകെ ഹാജരാകാത്തത് അനാവശ്യ വിവാദമുണ്ടാക്കുമെന്നായിരുന്നു സി.പി.എം നിലപാട്.

കടുപ്പിച്ച് ഇ.ഡി

@ രവീന്ദ്രന്റെ ബിനാമി സ്വത്തെന്ന് കരുതുന്ന വടകരയിലെ ആറ് സ്ഥാപനങ്ങളിൽ ഇ.ഡി റെയ്ഡും, ഊരാളുങ്കൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആസ്ഥാനത്ത് പരിശോധനയും നടത്തി.

@ രവീന്ദ്രന്റെയും കുടുംബാംഗങ്ങളുടെയും നിക്ഷേപങ്ങൾ, സ്വത്തുവകകൾ, പണമിടപാട്, വാടകയടക്കമുള്ള വരുമാനം, ഓഹരികൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു.

@ രവീന്ദ്രന്റെയും ഭാര്യയുടെയും സ്വത്തുവിവരങ്ങൾ രജിസ്ട്രേഷൻ വകുപ്പിൽ നിന്ന് തേടി.

കഴിഞ്ഞ അഞ്ചു വർഷത്തെ പണമിടപാട് വിവരങ്ങൾ ഊരാളുങ്കൽ സൊസൈറ്റിയോട് ആവശ്യപ്പെട്ടു.