
തിരുവനന്തപുരം:ഏതു നിമിഷവും മലവെള്ളപ്പാച്ചിൽ ഉണ്ടായേക്കാവുന്ന കരവച്ചന തോട്ടിലൂടെ, ഈറച്ചെടികൾ വകഞ്ഞുമാറ്റി തിരിച്ചറിയൽ കാർഡുകളുമായി വരികയാണ് കാടിന്റെ മക്കൾ.പേപ്പാറ ഉൾവനത്തിൽ കരവച്ചനയ്ക്ക് അക്കരെയുള്ള മലയരികിൽകഴിയുന്ന 20 കുടുംബങ്ങളിലുള്ളവരാണിവർ. ഇക്കരെ എത്തിയാൽ പോരാ, ജീപ്പിൽ പത്തു കിലോമീറ്റർ താണ്ടണം പോളിംഗ് ബൂത്തിലെത്താൻ. തിരിച്ച് ഊരിലെത്തുംവരെ മനസിൽ തീയാണ്. എങ്കിലും അവർ ജനാധിപത്യത്തിലെ അധികാരം വിനിയോഗിക്കാൻ എത്തുകയാണ്.
കണ്ടാൽ തോടാണെങ്കിലും മലമുകളിൽ മഴ പെയ്താൽ ആറു പോലാകും. കുറച്ചു നാൾ മുമ്പ് തടിപ്പാലം ഒലിച്ചുപോയി. കല്ലു നിറഞ്ഞ തോട്ടിൽ വലിയ ചതിക്കുഴികളുമുണ്ട്. ഇന്നലെ രാവിലെ ചെറിയ മഴയുണ്ടായപ്പോൾ ഒന്നു പേടിച്ചെന്ന് ഭഗവാൻ കാണി. മലവെള്ളപ്പാച്ചിലുണ്ടായാൽ 20 കുടുംബങ്ങളും ഒറ്റപ്പെടും.
പേപ്പാറ ഡാമിന്റെ നിർമ്മാണം നടന്നപ്പോൾ അവിടെ കഴിഞ്ഞിരുന്ന കാണിക്കാരെയാണ് പൊടിയകാല ഊരിലേക്ക് മാറ്റിയത്. ഊരിന്റെ ഒരറ്റമാണ് കരവച്ചന. മറ്റേയറ്റം കുറുവൻപാറയും. ഊരിലാകെ 75 കുടുംബങ്ങളുണ്ട്. വിതുര ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ പെടുന്ന സ്ഥലമാണ് പൊടിയകാല ഊര്.
തിരഞ്ഞെടുപ്പ് കാലത്ത് നൽകുന്ന വാഗ്ദാനങ്ങളൊക്കെ അധികാരികൾ മറക്കുകയാണെന്നാണ് ഇവരുടെ പരാതി. ''ഒരു വോട്ടുണ്ട്, അത് പോയി ചെയ്യും ഒന്നും പ്രതീക്ഷിക്കുന്നില്ല..'' 70 കാരിയായ അരുവിയുടെ വാക്കുകളിലുണ്ട് എല്ലാം.
''പൊടിയകാല ഊരിൽ പോളിംഗ് ബൂത്ത് ഉണ്ടായിരുന്നുവെങ്കിൽ ഈ ബുദ്ധിമുട്ട് ഉണ്ടാകുമായിരുന്നില്ല. ആകെയുണ്ടായിരുന്ന ഒരു ബസ് ഇപ്പോൾ വരുന്നേ ഇല്ല. തിരഞ്ഞെടുപ്പ് ദിവസമെങ്കിലും ബസ് അയയ്ക്കാമായിരുന്നു. ''
- ശ്രീകുമാർ കാണി, ഊര് മൂപ്പൻ.