തിരുവനന്തപുരം:രാവിലെ മുതൽ തീരമേഖലകളിൽ ആവേശം കത്തിജ്വലിച്ചു.വോട്ടർമാരുടെ നിലയ്ക്കാത്ത നിരയായിരുന്നു.ഉച്ചയ്ക്ക് മുമ്പ് തന്നെ വലിയൊരു വിഭാഗം വോട്ട് രേഖപ്പെടുത്തിയതോടെ വൈകിട്ട് ബൂത്തുകളിൽ വലിയ തിരക്കുണ്ടായില്ല. അഞ്ചുതെങ്ങ് കോട്ട മുതൽ വിഴിഞ്ഞം വരെയുള്ള ബൂത്തുകൾക്ക് മുന്നിൽ പ്രവർത്തകർ വീറും വാശിയുമായി നിന്നു. പലപ്പോഴും കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്ന രീതിയിലായിരുന്നു പ്രവർത്തകരുടെ കൂട്ടംകൂടൽ. പ്രശ്നബാധിത ബൂത്തുകളിൽ ശക്തമായ പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു. അനാവശ്യമായി പ്രവർത്തകരെ ബൂത്തിനുള്ളിൽ കടത്തിവിടാതെ സമാധാന അന്തരീക്ഷം കാക്കാൻ പൊലീസിനായി. എന്നാൽ ചില ബൂത്തുകളിൽ പ്രവർത്തകർ പൊലീസുമായി വാക്കേറ്റമായി. പ്രവർത്തകർ കൂട്ടത്തോടെ ബൂത്തിനുള്ളിൽ കടക്കുന്നതിനെ പൊലീസ് എതിർത്തത് പ്രവർത്തകരെ ചൊടിപ്പിച്ചു. പൂന്തറ സ്കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്താനെത്തിയ പ്രവർത്തകർക്ക് വോട്ടില്ലെന്ന് അറിഞ്ഞതോടെ വോട്ടർമാർ പ്രതിഷേധവുമായി രംഗത്തിറങ്ങി.
വനിതകൾ തമ്മിൽ തല്ല്
പള്ളിത്തുറ അബ്ദുൾ കലാം സ്മാരക സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ രണ്ട് യുവതികൾ തമ്മിൽ സംഘട്ടനമായി. കുടുംബപ്രശ്നം അടിയായി മാറുകയായിരുന്നു. പൊലീസും പ്രവർത്തകരും ഇടപെട്ട് ഇവരെ പിൻതിരിപ്പിച്ചു. ഇതേ സ്കൂളിലെ മറ്റൊരു ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ വോട്ടർക്ക് വോട്ട് ചെയ്യാനായില്ല. എെ.ഡി കാർഡിലെയും വോട്ടേഴ്സ് ലിസ്റ്റിലെയും ഫോട്ടോയിൽ വ്യത്യാസമുണ്ടെന്നും വോട്ട് നേരത്തെ ചെയ്തിരിക്കുന്നുവെന്നും പോളിംഗ് ഉദ്യോഗസ്ഥർ പറഞ്ഞതോടെ വോട്ടർ തർക്കത്തിലായി. തർക്കം മൂത്തെങ്കിലും വോട്ട് ചെയ്യാനാവാതെ മടങ്ങി. ബീമാപള്ളി സ്കൂളിലെ ബൂത്തിൽ കനത്ത സുരക്ഷയായിരുന്നു. വോട്ടെടുപ്പിന് താമസം നേരിട്ടതിനാൽ മണിക്കൂറോളം കാത്ത് നിന്നാണ് വോട്ടിട്ടത്.