തിരുവനന്തപുരം: തലസ്ഥാനത്ത് കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചെന്ന പരാതിയിൽ ഒരാൾ അറസ്റ്റിൽ. കോർപ്പറേഷനിലെ പാളയം വാർഡിലെ സംസ്കൃത കോളേജ് ബൂത്ത് നമ്പർ അഞ്ചിൽ വൈകിട്ട് മൂന്നോടെയാണ് സംഭവം. കാട്ടാക്കട തൂങ്ങാംപ്പാറ കിള്ളി മുഹമ്മദ് ജാസി മൻസിലിൽ നാസറിനെയാണ് (53)കന്റോൺമെന്റ് പൊലീസ് പിടികൂടിയത്. ഇയാൾ ഇടത് മുന്നണി കോൺഗ്രസ് (എസ്) ഭാരവാഹിയാണെന്ന് പൊലീസ് പറഞ്ഞു. പാളയം ബർമ്മാസ് 2724ൽ മുഹമ്മദ് മുസ്തഫ (68) എന്നയാളിന്റെ വോട്ടാണ് ഇയാൾ ചെയ്യാൻ ശ്രമിച്ചത്. യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ ഏജന്റുമാർ പരാതിപ്പെട്ടതിനെ തുടർന്ന് പ്രിസൈഡിംഗ് ഓഫീസർ പൊലീസിനെ വിളിച്ചുവരുത്തി അറസ്റ്റിന് നിർദ്ദേശം നൽകുകയായിരുന്നു. നാസറിനെ കണ്ടപാടെ ഏജന്റുമാർ സംശയം പ്രകടിപ്പിച്ചു. പിന്നാലെ കൂടുതൽ ചോദ്യം ചെയ്‌തതോടെ ഏജന്റുമാരെ ഇയാൾ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ഇതോടെയാണ് പ്രിസൈഡിംഗ് ഓഫീസർ ഇടപെട്ടത്. മുസ്തഫ നിലവിൽ ഏറണാകുളത്താണ് താമസിക്കുന്നതെന്ന് ഏജന്റുമാർ പറഞ്ഞു. മുൻ കൗൺസിലറിന്റെ നേതൃത്വത്തിലാണ് കള്ളവോട്ടിന് ശ്രമം നടന്നതെന്ന് ബി.ജെ.പി പ്രവർത്തകർ ആരോപിച്ചു.