
ശ്രീകാര്യം: നഗരസഭ ചെമ്പഴന്തി വാർഡിലെ ബൂത്തിലും പോത്തൻകോട് ഗ്രാമ പഞ്ചായത്തിലെ ചില ബൂത്തുകളിലും കള്ളവോട്ട് നടന്നതായി പരാതി. ചെമ്പഴന്തി മണയ്ക്കൽ എൽ.പി സ്‌കൂളിലെ 7ാം നമ്പർ ബൂത്തിൽ കള്ളവോട്ട് ചെയ്‌തെന്ന ആരോപണത്തെ തുടർന്ന് അരമണിക്കൂറോളം വോട്ടെടുപ്പ് നിറുത്തിവച്ചു. കന്നിവോട്ട് ചെയ്യാനെത്തിയ കരിഷ്‌മ എന്ന യുവതിയുടെ വോട്ട് മറ്റാരോ ചെയ്‌തതാണ് പ്രശ്‌നത്തിന് കാരണം. ബി.ജെ.പിയുടെ ഒത്താശയോടെയാണ് കള്ളവോട്ട് നടന്നതെന്ന് ആരോപിച്ച് ബഹളംവച്ച സി.പി.എം പ്രവർത്തകർ റിട്ടേണിംഗ് ഓഫീസർക്ക് പരാതി നൽകി. തുടർന്ന് ബി.ജെ.പിയുടെ ഇൻ ഏജന്റിനെ ബൂത്തിൽ നിന്ന് പിൻവലിക്കണമെന്ന് റിട്ടേണിംഗ് ഓഫീസർ ആവശ്യപ്പെട്ടു. ഇത് ചോദ്യംചെയ്‌ത് ബി.ജെ.പി പ്രവർത്തകരും മുതിർന്ന നേതാക്കളും സ്ഥലത്തെത്തിയതോടെ തർക്കമുണ്ടായി. തുടർന്ന് കൂടുതൽ പൊലീസെത്തിയാണ് തർക്കം പരിഹരിച്ച് വോട്ടിംഗ് പുനരാരംഭിച്ചത്. എന്നാൽ ഈ ബൂത്തിൽ ഐഡന്റിറ്റി കാർഡ് ആവശ്യപ്പെടാതെ വോട്ടുചെയ്യാൻ അനുവദിച്ച റിട്ടേണിംഗ് ഓഫീസർക്കെതിരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടുണ്ട്. ചർച്ചയെ തുടർന്ന് ബന്ധപ്പെട്ട രേഖകളുടെ അടിസ്ഥാനത്തിൽ യുവതിക്ക് ടെൻഡർ വോട്ട് അനുവദിച്ചു. പോത്തൻകോട് പഞ്ചായത്തിലെ അയിരൂപ്പാറ ഫാർമേഴ്‌സ് ബാങ്കിലെ 6ാമത്തെ ബൂത്തിലും കള്ളവോട്ട് നടന്നു. ഇവിടെ രാവിലെ 11.30ഓടെ വോട്ടുചെയ്യാനെത്തിയ പോത്തൻകോട് പൊയ്‌കവിള വീട്ടിൽ ഗീതാകുമാരിയുടെ വോട്ടാണ് മറ്റാരോ ചെയ്‌തത്. പരാതിയെ തുടർന്ന് ഇവിടെയും ടെൻഡർ വോട്ട് അനുവദിച്ചു.