d

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ചെറുവയ്ക്കൽ വാർഡിൽ വോട്ടിംഗ് പുരോഗമിക്കുമ്പോഴും എൽ.ഡി.എഫ് സ്ഥാനാർത്ഥി സൂര്യ ഹേമൻ പാർട്ടി ബൂത്ത് ഓഫീസിലിരുന്ന് പി.ജി പരീക്ഷ എഴുതുന്ന തിരക്കിലായിരുന്നു. മുംബയിലെ അമിനിറ്രി കോളേജിൽ ജേർണലിസം രണ്ടാം വർഷ വിദ്യാർത്ഥിയായ സൂര്യയുടെ മൂന്നാം സെമസ്റ്റർ പരീക്ഷ ഇന്നലെയായിരുന്നു.കൊവിഡായതിനാൽ ഓൺലൈൻ വഴിയാണ് പരീക്ഷ. ഓൺലൈനിലൂടെ ചോദ്യങ്ങൾ അയയ്ക്കും. മൂന്നു മണിക്കൂറിനുള്ളിൽ പരീക്ഷ പൂർത്തിയാക്കി ഉത്തരപേപ്പർ കോളേജിന്റെ സൈറ്റിൽ അപ്‌ലോഡ് ചെയ്യണം. രാവിലെ 9.30 മുതൽ 12.30 വരെയായിരുന്നു പരീക്ഷ.

രാവിലെ 7ന് തന്നെ സൂര്യ ചെറുവയ്ക്കലിലെ 5ാം നമ്പർ ബൂത്തിലെത്തി വോട്ടർമാരെ കണ്ടു. പാർട്ടി ബൂത്ത് ഓഫീസിലിരുന്ന് പരീക്ഷ എഴുതാമെന്ന് പാർട്ടി പ്രവർത്തകരെ അറിയിച്ചപ്പോൾ അവരും സമ്മതം മൂളി. ഇതിനുള്ള സൗകര്യവും ഒരുക്കി. തിരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തിലാണ് സൂര്യയുടെ സെമസ്റ്റർ പരീക്ഷ ആരംഭിച്ചത്. ഇനിയും ആറു പരീക്ഷകൾ ബാക്കിയുണ്ട്. വോട്ടെണ്ണൽ ദിനമായ 16നുമുണ്ട് പരീക്ഷ. കോട്ടയം സെന്റ് ജോർജ് കോളേജിൽ നിന്നും രണ്ടാം റാങ്കോടെയാണ് സൂര്യ ബിരുദം പൂർത്തിയാക്കിയത്. തിരഞ്ഞെടുപ്പ് പരീക്ഷയിലും പി.ജി പരീക്ഷയിലും മികച്ച വിജയം നേടുമെന്ന പ്രതീക്ഷയിലാണ് ഈ ഇരുപത്തിരണ്ടുകാരി.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു പരീക്ഷ.രാത്രിയിലായിരുന്നു പഠനം.അതി രാവിലെ പ്രചാരണത്തിന് പോകുംമുമ്പ് കിട്ടുന്ന സമയവും പഠിക്കാറുണ്ടായിരുന്നു. മാദ്ധ്യമപ്രവർത്തകയാകണമെന്നാണ് ആഗ്രഹം. രാഷ്ട്രീയവും ഒപ്പമുണ്ടാകും.

-സൂര്യഹേമൻ