
തിരുവനന്തപുരം: കൊവിഡ് ആശങ്കകൾ മറികടന്ന് തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ ഉത്സാഹ പോളിംഗ്. നിയന്ത്രണങ്ങൾക്കിടയിലും ആവേശം ജ്വലിപ്പിച്ച പ്രചാരണത്തിനു ശേഷം ഇന്നലെ ബൂത്തിലെത്തിയ അഞ്ചു ജില്ലകളിലായി ആകെ പോളിംഗ് 72.67 ശതമാനം. 2015 ൽ ഇത് 76.11ശതമാനമായിരുന്നെങ്കിലും, കൊവിഡ് പശ്ചാത്തലത്തിൽ പോളിംഗ് 70 ശതമാനത്തിൽ കുറയുമോ എന്നായിരുന്നു ആശങ്ക.
ഉയർന്ന പോളിംഗിൽ കഴിഞ്ഞ തവണത്തെപ്പോലെ ആലപ്പുഴയാണ് മുന്നിൽ- 77.11 %. ഒന്നാം ഘട്ടത്തിലെ കുറഞ്ഞ പോളിംഗ് തിരുവനന്തപുരത്ത് (69.61). കൊവിഡ് കാല പരിമിതികളിലും ആകെ പോളിംഗിലുണ്ടായ മികവ് നേട്ടമാകുമെന്ന് മുന്നണികൾ അവകാശപ്പെടുന്നു.തിരുവനന്തപുരം, കൊല്ലം കോർപ്പറേഷൻ പരിധികളിൽ പോളിംഗ് കുറഞ്ഞു. തീരമേഖലകളിൽ പൊതുവെ ആവേശം കുറവായിരുന്നു.
തലസ്ഥാന ജില്ലയിൽ ഉൾപ്പെടെ ചിലയിടങ്ങളിൽ വോട്ടിംഗ് യന്ത്രത്തിന്റെ തകരാർ കാരണം അല്പസമയം പോളിംഗ് നിറുത്തിവയ്‌ക്കേണ്ടി വന്നതൊഴിച്ചാൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളില്ല. ചില്ലറ വാക്കുതർക്കങ്ങളൊഴികെ എവിടെയും അനിഷ്ടസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കൊവിഡ് ബാധിതർക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കുമായി വൈകിട്ട് അഞ്ചു മുതൽ ആറു വരെ വോട്ടുചെയ്യാൻ സൗകര്യം ഒരുക്കിയിരുന്നു. പി.പി.ഇ കിറ്റ് ധരിച്ചെത്തിയ അപൂർവം വോട്ടർമാർ കൊവിഡ് കാല തിരഞ്ഞെടുപ്പിലെ കൗതുകക്കാഴ്ചയായി. അപൂർവം ബൂത്തുകളിൽ പോളിംഗ് അവസാനിക്കാൻ രാത്രി ഏഴു കഴിഞ്ഞു.
പത്തനംതിട്ട റാന്നിയിലും ആലപ്പുഴയിൽ ഹരിപ്പാട്ടുമായി രണ്ടു വോട്ടർമാർ പോളിംഗ് ബൂത്തിൽ കുഴഞ്ഞുവീണു മരിച്ചു. കൊവിഡ് ബാധിതനായിരുന്ന തിരുവനന്തപുരം ബാലരാമപുരം കോട്ടുകാൽക്കോണം വാർഡിലെ യു.ഡി.എഫ് റിബൽ സ്ഥാനാർത്ഥി ഫ്രാൻസിസ് വോട്ടെടുപ്പിനിടെ ആശുപത്രിയിൽ മരിച്ചു. കൊല്ലം ചാത്തന്നൂർ ഞവരൂർ ഹൈസ്കൂളിലെ ബൂത്തിൽ പോളിംഗ് ആരംഭിക്കുന്നതിനു മുമ്പ് പ്രിസൈഡിംഗ് ഓഫീസറുടെ ഭർത്താവ് മരിച്ചതിനെ തുടർന്ന് മറ്റൊരാൾക്ക് ചുമതല നൽകി.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്.
വോട്ടെടുപ്പ് ആരംഭിച്ച രാവിലെ ഏഴു മുതൽ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടത് പോളിംഗ് കുത്തനെ ഉയർത്തുമെന്ന പ്രതീക്ഷയുണർത്തിയെങ്കിലും വൈകിട്ട് 3 നു ശേഷം തിരക്കു കുറഞ്ഞു. ആദ്യഘട്ടത്തിൽ ഉശിരാർന്ന പോളിംഗ് ദൃശ്യമായതോടെ രണ്ടും മൂന്നും ഘട്ട വോട്ടെടുപ്പിനെക്കുറിച്ച് മുന്നണികളിൽ ആകാംക്ഷ ശക്തമായി. നാളെ കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിലും 14ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും വോട്ടെടുപ്പ് നടക്കും. 16 നാണ് വോട്ടെണ്ണൽ.
കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറന്നു
കൊവിഡ് നിയന്ത്രണങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷൻ കർശനമാക്കിയിരുന്നെങ്കിലും രാവിലെ മുതൽ വോട്ടർമാർ കൂട്ടമായി എത്തിയതോടെ ആറടി അകലം പാലിച്ച് നിൽക്കൽ ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ കാറ്റിൽ പറന്നു. മിക്കയിടത്തും വോട്ടർമാർ അര മണിക്കൂർ മുതൽ ഒന്നര മണിക്കൂർ വരെ കാത്തു നിന്നു. 11 മണിക്ക് പോളിംഗ് 31 ശതമാനത്തിലും ഉച്ചയ്ക്ക് 12.45 ന് 42 ശതമാനത്തിലുമെത്തി. ഉച്ചയ്ക്ക് രണ്ടിന് 50ഉം, മൂന്നിന് 61ഉം ശതമാനമായി . പിന്നീടുള്ള രണ്ടു മണിക്കൂറിൽ 10 ശതമാനമേ ഉയർന്നുള്ളൂ.
ജില്ലകളിലെ പോളിംഗ് ശതമാനം
(ബ്രായ്ക്കറ്റിൽ 2015ലേത് )
തിരുവനന്തപുരം- 69.61 ( 72.40)
കൊല്ലം- 73.28 (76.24)
പത്തനംതിട്ട- 69.68 (72.80)
ആലപ്പുഴ- 77.11 (80.80)
ഇടുക്കി- 74.49 (78.33)
തിരുവനന്തപുരം കോർപ്പറേഷൻ- 59.62 (62.9)
കൊല്ലം കോർപ്പറേഷൻ- 65.89 (69.9)
ഉയർന്ന പോളിംഗ് പെരുമ്പളം ദ്വീപിൽ
ആലപ്പുഴ: സംസ്ഥാനത്തെ ഏറ്റവും വലിയ ദ്വീപ് പഞ്ചായത്തായ പെരുമ്പളം ദ്വീപിൽ 87.32 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളുടെ അതിരുപങ്കിടുന്ന ദ്വീപാണിത്.
ചേർത്തല താലൂക്കിൽ വോട്ടർമാരുടെ എണ്ണം ഏറ്റവും കുറവുള്ള പഞ്ചായത്താണ് പെരുമ്പളം. 7838 വോട്ടർമാരാണ് ഇവിടെയുള്ളത്. 3848 പുരുഷന്മാരും 3990 സ്ത്രീകളും. ദ്വീപിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് അത്യാവശ്യഘട്ടങ്ങളിൽ മറുകരയിൽ എത്താൻ ജലഗതാഗത വകുപ്പിന്റെ ഒരു ബോട്ടും തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി സജ്ജീകരിച്ചിരുന്നു. ദ്വീപിന് അകത്തുള്ള യാത്രകൾ സുഗമമാക്കാൻ ആവശ്യമുള്ള വാഹനങ്ങൾ സാദാസമയം സജ്ജമായിരുന്നു. 13 വാർഡുകളിലായി 13 പോളിംഗ് സ്റ്റേഷനുകളാണ് പെരുമ്പളം പഞ്ചായത്തിൽ ഒരുക്കിയിരുന്നത്. 16.14 ചതുരശ്ര കിലോമീറ്ററാണ് പെരുമ്പളം പഞ്ചായത്തിന്റെ വിസ്തൃതി. അഞ്ചുകിലോമീറ്റർ നീളമുണ്ട്. രണ്ട് കിലോമീറ്ററാണ് വീതി.