mask-and-sanitizer

തിരുവനന്തപുരം: ചെല്ലുമ്പോൾ കൈയിൽ പുരട്ടാൻ സാനിറ്റൈസർ. പിന്നെ ആദ്യം കാണുന്ന പോളിംഗ് ഉദ്യോഗസ്ഥനെ സ്ലിപ്പ് കാണിക്കുമ്പോൾ വോട്ടിംഗ് നടപടി തുടങ്ങുകയായി. വിരലിന് പകരം വോട്ടിംഗ് മെഷീനിൽ പേന കുത്തി വോട്ടു ചെയ്യുന്നതാണ് സുരക്ഷയെന്നറിഞ്ഞ് മിക്കവരും അതും തപ്പിയെടുത്താണെത്തിയത്.

പോളിംഗ് ഉദ്യോഗസ്ഥരെല്ലാം എൻ 95 മാസ്ക് ധരിച്ചിരുന്നു. ചിലരാണെങ്കിൽ ഒപ്പം ഫേസ് ഷീൽഡും ധരിച്ചു. ക്യൂവിൽ അകലം പാലിക്കാൻ രണ്ടടി ദൂരത്തിൽ പോളിംഗ് ഉദ്യോഗസ്ഥർ വട്ടം വരച്ചിരുന്നു. ആദ്യം വോട്ടു ചെയ്യാനെത്തിവർ കളം ചാടിച്ചാടിയാണ് നീങ്ങിയത്. പിന്നീട് മിക്കയിടങ്ങളിലും വട്ടം ഒരിടത്തും ക്യൂ മറ്റൊരിടത്തുമായി. അകലം രണ്ടടിയിൽ നിന്നും 10 സെന്റീമീറ്ററുമായി. എന്നാലും പരസ്പരം തൊടാതെ നിൽക്കാൻ എല്ലാവരും ശ്രമിച്ചു.

മാസ്കിട്ട് വോട്ടിട്ടപ്പോൾ സുരക്ഷിതത്വം തോന്നിയെന്ന് മറനല്ലൂർ കണ്ടള സ്കൂളിൽ വോട്ടിട്ടിറങ്ങിയ ബിജുവും സന്തോഷും പറഞ്ഞു. ജീവിതത്തിലെ ആദ്യത്തെ വോട്ടു തന്നെ മാസ്കിട്ട് സാനിറ്റൈസർ പുരട്ടി ചെയ്തത്തിന്റെ ത്രില്ലിലാണ് കന്നിവോട്ടർമാർ. 'പുറത്തുപോകുമ്പോൾ മാസ്ക് വയ്ക്കാറുണ്ട്. വോട്ടു ചെയ്യാൻ പോയപ്പോഴും അങ്ങനെ തന്നെ. ആദ്യവോട്ട് ചെയ്തതിന്റെ സന്തോഷം ഉണ്ടായിരുന്നു''- പുഞ്ചക്കരിയിൽ വോട്ടിട്ട് കോളേജ് വിദ്യാർത്ഥിനി ഭാവന എസ്. ഭാസി പറഞ്ഞു.

പോളിംഗ് സാമഗ്രികൾക്കൊപ്പം മാസ്ക്,​ ഗ്ലൗസ്,​ ഷീ‌ൽഡ് തുടങ്ങിയവ ഉൾപ്പെടെയാണ് പോളിംഗ് ഉദ്യോഗസ്ഥർ എത്തിയത്. നിശ്ചിത സമയം കഴിഞ്ഞപ്പോൾ ഉപയോഗിച്ച മാസ്ക് മാറ്റി പുതിയവ ധരിച്ചു. എപ്പോഴും മാസ്കും ധരിച്ചിരിക്കുമ്പോൾ വല്ലാത്ത ബുദ്ധിമുട്ടാണ് പോളിംഗ് ഉദ്യോഗസ്ഥാനായ പ്രദീപ് പറഞ്ഞു.

ആദ്യമായിട്ടാണ് മാസ്കും ഷീ‌ൽഡുമൊക്കെ ധരിച്ചിരിക്കേണ്ടി വരുന്നത്. ഇടയ്ക്കു സമയം കിട്ടമ്പോൾ പുറത്തേക്കിറങ്ങി ഫേസ് ഷീൽഡ് ഊരി. പക്ഷേ,​ മാസ്‌ക് ഊരാൻ പേടിയായിരുന്നു. ഏതുവഴിയാ കൊവിഡ് വരികയെന്ന് പറയാൻ കഴിയല്ലല്ലോ. അദ്ധ്യാപികയായ റെജീന പറഞ്ഞു. വൈകിട്ട് അഞ്ച് കഴിഞ്ഞപ്പോഴേക്കും കാെവിഡ് രോഗികളെ കാത്തിരിപ്പായി ഉദ്യോഗസ്ഥർ. അങ്ങനെ വരികയാണെങ്കിൽ ധരിക്കാൻ പി.പി.ഇ കിറ്റും ബൂത്തുകളിലെത്തിച്ചിരുന്നു. അപൂർവം ബൂത്തുകളിൽ മാത്രമാണ് കൊവിഡ് രോഗികളെത്തിയത്.