d

തിരുവനന്തപുരം: തുടക്കം മുതൽ ആവേശം ചോരാത്ത വോട്ടെടുപ്പാണ് ജില്ലയിൽ കണ്ടത്.നഗരങ്ങളെ അപേക്ഷിച്ച് ഗ്രാമങ്ങളിൽ വോട്ടെടുപ്പിനോട് താത്പര്യം കൂടുതലായിരുന്നു. രാവിലെ ഏഴ് മണിക്ക് തുടങ്ങിയ വോട്ടെടുപ്പിൽ ഒരുമണിക്കൂറിനുള്ളിൽത്തന്നെ പത്തുശതമാനം പേരും വോട്ട് ചെയ്ത് മടങ്ങി.വോട്ടെടുപ്പ് തുടങ്ങി മൂന്നര മണിക്കൂർ പിന്നിടുന്നതിനിടെ 22.38 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. ജില്ലയിലെ ആകെ പുരുഷ വോട്ടർമാരിൽ 25.72 ശതമാനവും വനിതാ വോട്ടർമാരിൽ 19.43 ശതമാനവും പേർ വോട്ട് രേഖപ്പെടുത്തി. തിരുവനന്തപുരം കോർപറേഷനിൽ അതുവരെ 18.65 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിൽ 21.73ഉം നെടുമങ്ങാട് മുനിസിപ്പാലിറ്റിയിൽ 19.92ഉം ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിൽ 23.52ഉം വർക്കല മുനിസിപ്പാലിറ്റിയിൽ 22.21ഉം ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. കൊവിഡ് സാഹചര്യത്തിലെ കരുതൽ മുന്നിൽക്കണ്ട് ഉച്ചയോടെ തന്നെ ജില്ലയിൽ അൻപത് ശതമാനം പേരും വോട്ട് ചെയ്തു. വൈകിട്ട് നാലുമണിയോടെ പോളിംഗ് അറുപത് ശതമാനം കടന്നു. ഗ്രാമപ്രദേശങ്ങളിൽ 70 ശതമാനത്തിലേറെയാണ് പോളിംഗ്. കിഴക്കൻ പ്രദേശത്ത് പോളിംഗ് താത്പര്യം കൂടുതലായിരുന്നു. തീരദേശത്ത് കുറവും.

നഗരത്തിലെ നാല് മുനിസിപ്പൽ പ്രദേശങ്ങളിൽ ഗ്രാമങ്ങളിലെ അത്രയും ആവേശം പ്രകടമായിരുന്നില്ല. രാവിലെ 11മണിയോടെയാണ് 30ശതമാനം പോളിംഗിലെത്തിയത്.അൻപത് ശതമാനം പോളിംഗിലെത്താൻ വൈകിട്ട് മൂന്ന് മണിവരെ കാത്തിരിക്കേണ്ടിവന്നു.

തിരുവനന്തപുരം നഗരത്തിൽ വാശിയേറിയ പ്രചാരണമായിരുന്നെങ്കിലും വോട്ടെടുപ്പിൽ ആ വീറും വാശിയും മുൻ തിരഞ്ഞെടുപ്പിലത്രയും പ്രതിഫലിച്ചില്ല. രാവിലെ ഏഴിന് വോട്ടെടുപ്പ് തുടങ്ങിയപ്പോൾ പലയിടത്തും വൻ നിര ദൃശ്യമായിരുന്നു. പത്തുശതമാനം വോട്ടർമാരും രാവിലെ 9 മണിക്ക് മുമ്പ് വോട്ട് ചെയ്ത് മടങ്ങി. നഗരത്തിലെ എട്ട് ലക്ഷം വോട്ടർമാരിൽ ഒരുലക്ഷം പേരും പത്തുമണിയോടെ വോട്ട് ചെയ്തു. 11മണിയായപ്പോഴേക്കും 25ശതമാനം പേരും വോട്ട് ചെയ്തു. പിന്നീട് വോട്ടെടുപ്പ് മന്ദഗതിയിലായി. സ്ത്രീവോട്ടർമാരാണ് നഗരത്തിൽ അധികമെങ്കിലും വോട്ടെടുപ്പിൽ മുന്നിൽ നിന്നത് പുരുഷൻമാർ തന്നെ. തീരദേശത്ത് വോട്ടെടുപ്പ് രാവിലെ മുതൽ മന്ദഗതിയിലായിരുന്നു. ഉച്ചയോടെ അതും മങ്ങി. പലയിടത്തും ഒന്നോ രണ്ടോ പേരുമാത്രമാണ് വൈകിട്ട് മൂന്ന്മണിക്ക് ശേഷം ഇവിടങ്ങളിലുണ്ടായിരുന്നത്. അതേസമയം വട്ടിയൂർക്കാവ്,പൊന്നുമംഗലം, ഞാണ്ടൂർക്കോണം എന്നിവിടങ്ങളിൽ കനത്ത പോളിംഗായിരുന്നു. പൊന്നുമംഗലത്ത് ഉച്ചയ്ക്ക് തന്നെ പോളിംഗ് 60ശതമാനം കടന്നു.

#ജില്ലയിലെ പോളിംഗ്

2015 - 2020

ജില്ലാപഞ്ചായത്ത് 76.22 - 77.54

മുനിസിപ്പാലിറ്റികൾ 76.47 - 71.97

കോർപറേഷൻ 62.9 -59.62

ആകെ 71.9 - 69.61

# വോട്ടെടുപ്പ് കുതിപ്പ്

തിരുവനന്തപുരം കോർപറേഷൻ

രാവിലെ 8ന് 7 %

രാവിലെ 9 ന് 10%

രാവിലെ 10.30ന് 20%

രാവിലെ 11ന് 25%

ഉച്ചയ്ക്ക് 12ന് 30%

ഉച്ചയ്ക്ക് 2ന് 40%

ഉച്ചയ്ക്ക് 3.30ന് 50%

ഉച്ചയ്ക്ക് 4.15ന് 53%

വൈകിട്ട് 5 ന് 59.62%

#ജില്ലയിലെ കുതിപ്പ്

രാവിലെ 8ന് 7%

രാവിലെ 9 ന് 15%

രാവിലെ 11ന് 30%

ഉച്ചയ്ക്ക് 12ന് 45%

ഉച്ചയ്ക്ക് 2ന് 50%

വൈകിട്ട് 3ന് 53%

വൈകിട്ട് 4ന് 63%