
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരം ബി.ജെ.പിയും എൽ.ഡി.എഫും തമ്മിലാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. പോളിംഗിന് ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിയിൽ മുങ്ങിക്കുളിച്ച സി.പി.എമ്മിനെതിരെ വെല്ലുവിളി ഉയർത്തുന്നത് ബി.ജെ.പിയാണ്. കോൺഗ്രസ് തീർത്തും അപ്രസക്തമായി. യു.ഡി.എഫ് പലയിടത്തും ലീഗ് മുന്നണിയായി മാറി. ഇതിനെതിരെ ക്രൈസ്തവ മേഖലകളിൽ ശക്തമായ വികാരമുണ്ട്. അത് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. പാചകവാതകത്തിന് വില കൂടിയത് പ്രശ്നമാകില്ല. സബ്സിഡിയുള്ളതിനാൽ സാധാരണക്കാരെ വിലവർദ്ധന ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉച്ചയ്ക്ക് 12നാണ് ഉള്ളൂർ വാർഡിലെ കൊട്ടാരം ബൂത്തിൽ മുരളീധരൻ ഭാര്യ ഡോ.കെ.എസ്. ജയശ്രീയോടൊപ്പം വോട്ട് ചെയ്യാനെത്തിയത്. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ, കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് ആർ.എസ്. രാജീവ്, സ്ഥാനാർത്ഥി യു.എസ് കവിത എന്നിവർ ഒപ്പമുണ്ടായിരുന്നു. വോട്ട് ചെയ്ത ശേഷം വൈകിട്ടോടെ അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങി.