amrin

ആദ്യ സിനിമയിൽ അഭിനയിച്ചു തുടങ്ങും മുമ്പേ വാർത്താ പ്രാധാന്യം നേടിയ പുതുമുഖ നടിയാണ് അമ്രിൻ ഖുറേഷി . പിതാവ് സജിത്ത് ഖുറേഷി പ്രശസ്ത തെലുങ്കു ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമാണെന്നത് മാത്രമല്ല അതിനു കാരണം. ഈ ഹൈദരാബാദുകാരിയുടെ അരങ്ങേറ്റം പ്രശസ്ത ബോളിവുഡ് സംവിധായൻ രാജ്‌കുമാർ സന്തോഷിയുടെ 'ബാഡ് ബോയ്' എന്ന സിനിമയിലൂടെയാണെന്നതും ശ്രദ്ധേയമാണ്. മാത്രമല്ല, ബാഡ്‌ ബോയിയുടെ ചിത്രീകരണം തുടങ്ങും മുമ്പേ ആന്റണി ഡിസൂസ സംവിധാനം ചെയ്യുന്ന സിനിമയിലേക്കും കരാർ ചെയ്യപ്പെട്ടു . രണ്ടു മെഗാ ബോളിവുഡ് സിനിമകളിൽ കരാർ ചെയ്യപ്പെട്ടതോടെ ഉത്തരേന്ത്യൻ മാദ്ധ്യമങ്ങൾ ' ഭാവി ഭാഗ്യ താര ' മായിട്ടാണ് അമ്രിൻ ഖുറേഷിയെ വിശേഷിപ്പിക്കുന്നത്. ഇതോടെ ബോളിവുഡിന്റെ ശ്രദ്ധാ കേന്ദ്രമായിരിക്കെയാണ് അമ്രിൻ. കഴിഞ്ഞ ദിവസം ആദ്യ ചിത്രത്തിന്റെ മുംബയിലെ ഷൂട്ടിംഗ് കഴിഞ്ഞ് അമ്രിൻ ഖുറേഷി ജന്മനാടായ ഹൈദരാബാദിൽ എത്തി. ചിത്രത്തിന്റെ ഗാനരംഗ ചിത്രീകരണത്തിനായാണ് താരം എത്തിയത്. മേക്കപ്പൊന്നുമില്ലാതെ സാധാരണക്കാരിയായി എയർ പോർട്ടിൽ വന്നിറങ്ങിയ അമ്രിനെ സ്‌ക്രീനിൽ കാണും മുമ്പേ മീഡിയകളിൽ കണ്ട മുഖപരിചയത്തിൽ ആരാധകർ വട്ടമിട്ടിരുന്നു. ഇപ്പോൾ വിമാനത്താവളത്തിൽ നിന്നും പകർത്തിയ ഈ ചിത്രങ്ങളാണ് സമൂഹ മാദ്ധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. താരത്തിന്റെ ചിത്രങ്ങൾ മാത്രമല്ല വീഡിയോയും സോഷ്യൽ മീഡിയയിൽ പറപറക്കുകയാണ്. തന്റെ കന്നി ചിത്രത്തിലെ അഭിനയവിശേഷങ്ങളും താരം മാദ്ധ്യമങ്ങളുമായി പങ്കുവച്ചിരുന്നു.

"ഹൈദരാബാദ് എന്റെ ജന്മ സ്ഥലമാണ് .സെക്കന്ദ്രാബാദിലെ ശിവ ശിവാനി സ്‌കൂളിലാണ് ഞാൻ പഠിച്ചത് .അതിനു ശേഷം മുംബയിലെ ആക്ടിംഗ് സ്‌കൂളിൽ ചേർന്ന് അഭിനയം പഠിച്ചു . ബാഡ് ബോയ്‌സിൽ അവസരം കിട്ടിയതും നായികയായി അഭിനയിച്ചതും ഓർക്കുമ്പോൾ സ്വപ്നമാണോ എന്ന് തോന്നി പോകുന്നു .മുംബയിൽ നിന്നും ജന്മദേശത്തിൽ നായികയായി മടങ്ങി എത്തിയ ത്രില്ലിലാണ് ഞാൻ . ബാഡ്‌ബോയിയിൽ മിഥുൻ ചക്രവർത്തിയുടെ മകൻ നാമേഷ് ചക്രവർത്തിയാണ് എന്റെ നായകൻ . എനിക്ക് മലയാളം ഉൾപ്പെടെ എല്ലാ സൗത്ത് ഇന്ത്യൻ ഭാഷാ സിനിമകളിലും അഭിനയിക്കാൻ ആഗ്രഹമുണ്ട്"

- അമ്രിൻ ഖുറേഷി