teachers

കാസർകോട്: വിദ്യാഭ്യാസ വകുപ്പ് തിരഞ്ഞെടുത്ത പൊതുവിദ്യാലയങ്ങളിൽ പ്രീപ്രൈമറി കുട്ടികൾക്കായി ഏഴ് മൂലകൾ ഒരുങ്ങുന്നു. പാഠ്യപദ്ധതി വിനിമയത്തിൽ വിവിധഘട്ടങ്ങളിൽ പ്രവർത്തനങ്ങൾ അവതരിപ്പിക്കാൻ ക്ളാസിൽ പ്രധാന ഇടങ്ങൾ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ഇത്തരം മൂലകൾ ഒരുക്കുന്നത്.

ഇതിന് മുന്നോടിയായി ബി.ആർ.സികൾ കേന്ദ്രീകരിച്ചു കുട്ടികൾക്ക് വേണ്ടിയുള്ള കളിക്കോപ്പുകളുടെ നിർമ്മാണം ഘട്ടംഘട്ടമായി നടക്കുകയാണ്. ജില്ലയിൽ മാത്രം 74 വിദ്യാലയങ്ങളിൽ ഏഴ് മൂലകൾ ഒരുക്കും. പക്ഷെ ഇതിന്റെ അനുഭവങ്ങൾ കുട്ടികൾക്ക് ലഭിക്കുന്നതിന് സ്‌കൂളുകൾ തുറക്കുന്നത് വരെ കാത്തിരിക്കണമെന്ന പ്രയാസവുമുണ്ട്.

ശാസ്ത്രമൂല, പാവമൂല, ചിത്രകലാമൂല, സംഗീതമൂല, അഭിനയ മൂല, നിർമ്മാണമൂല, വായനാമൂല എന്നിങ്ങനെയാണ് മൂലകൾക്ക് പേരിട്ടിരിക്കുന്നത്. പ്രീപ്രൈമറി ക്ളാസുകളിലെ 'കളിപ്പാട്ടങ്ങൾ' എന്ന പുസ്തകത്തിന്റെ അടിസ്ഥാനത്തിൽ അനുഭവങ്ങൾ ഒരുക്കുന്നതിന് സഹായകരമാകുന്ന രീതിയിലാണ് ഇത് സജീകരിച്ചിരിക്കുന്നത് . കുട്ടികളിൽ ആത്മവിശ്വാസവും താത്പര്യവും ജനിപ്പിക്കുന്ന രീതിയിൽ കാണിക്കുന്നതിനായി അഞ്ചു വികാസത്തെ അടിസ്ഥാനപ്പെടുത്തിയാണ് മൂലകൾ സ്ഥാപിക്കുന്നത്. പാവകൾ, ചിത്രകലാ ചാർട്ടുകൾ, വായനാകാർഡുകൾ, കളി നോട്ടുകൾ, വടക്കുനോക്കി യന്ത്രം തുടങ്ങിയ നിരവധി പഠനോപകരണങ്ങളാണ് തിരഞ്ഞെടുക്കപ്പെടുന്ന അദ്ധ്യാപകർ തയ്യാറാക്കുന്നത്. സ്‌പെഷ്യലിസ്റ്റ് അദ്ധ്യാപകരും കലാകാരന്മാരായ അദ്ധ്യാപകരുമാണ് നേതൃത്വം നൽകുന്നത്. എസ്.എസ്.എ യുടെ സാമ്പത്തിക സഹായത്തോടെയാണ് ഈ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നത്. ബി.ആർ.സികൾ ഇതിനായി മൂന്ന് ദിവസം വീതമുള്ള ശില്പശാലകളാണ് നടത്തിവരുന്നത്. ഹൊസ്ദുർഗ് ബി.ആർ.സിയുടെ ഭാഗമായി നടത്തിയ പഠനോപകരണ ശില്പശാലക്ക് ചിത്രകാരനും സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവുമായ പ്രമോദ് അടുത്തിലയാണ് നേതൃത്വം നൽകിയത്. ഡി.പി.സി രവീന്ദ്രൻ ശില്പശാലക്ക് തുടക്കം കുറിച്ചു.


കുട്ടികളിൽ വളർത്തിയെടുക്കുന്ന

അഞ്ചു വികാസങ്ങൾ

1. ശാരീരിക ചാലക വികാസം

2. സാമൂഹിക വൈകാരിക വികാസം

3. സർഗ്ഗാത്മക സൗന്ദര്യ വികാസം

4.ഭാഷാ വികാസം.

5. വൈജ്ഞാനിക വികാസം


ബൈറ്റ്


പൊതുവിദ്യാലയങ്ങളിലെ പ്രീപ്രൈമറി ക്ളാസുകളിലെ കുട്ടികളിൽ പുതിയ അവബോധം ഉണ്ടാക്കുകയും തുടർന്നുള്ള പഠനങ്ങളിൽ മുഴുകുന്നതിന് ആത്മവിശ്വാസം വർദ്ധിപ്പിക്കുകയുമാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇപ്പോൾ എല്ലാം ഒരുക്കി വെക്കുകയാണ്. സ്‌കൂളുകൾ തുറന്നതിന് ശേഷം മാത്രമേ ഈ പുതിയ അനുഭവങ്ങൾ കുട്ടികൾക്ക് ലഭിക്കുകയുള്ളൂ.


പി. രാജഗോപാലൻ

(ബി.ആർ.സി കോ ഓർഡിനേറ്റർ)