pana

വർക്കല: വർക്കല നഗരസഭ ഉൾപ്പെടെ സമീപ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലും തിരഞ്ഞെടുപ്പ് പൊതുവേ സമാധാനപരമായിരുന്നെങ്കിലും ചില ഒറ്റപ്പെട്ട വാക്കേറ്റങ്ങളുണ്ടായി. വർക്കല നഗരസഭയിലെ ബൂത്ത് നമ്പർ 175, മട്ടിൻമൂട് ശിവഗിരി സെൻട്രൽ സ്കൂൾ, അനക്സ് കെട്ടിടത്തിലെ പോളിംഗ് സ്റ്റേഷനിൽ തുടക്കത്തിൽ വോട്ടിംഗ് യന്ത്രം തകരാറിലായെങ്കിലും തുടർന്ന് യന്ത്രം മാറ്റിസ്ഥാപിച്ച് ഒരു മണിക്കൂറോളം വൈകിയാണ് വോട്ടെടുപ്പ് നടന്നത്. നഗരസഭയിലെ വാർഡ് 33-ലെ ബൂത്തിൽ സഹോദരങ്ങളായ വോട്ടർമാരുടെ പേരുകളിൽ വന്ന ആശയക്കുഴപ്പം ചില തർക്കങ്ങൾക്ക് കാരണമായി. ബൂത്ത് നമ്പർ 6 പുല്ലാനികോട് പോളിംഗ് സ്റ്റേഷൻ പരിസരത്ത് ബി.ജെ.പി-സി. പി.എം. പ്രവർത്തകർ തമ്മിൽ വാക്കേറ്റവും അസഭ്യം വിളിയും നടന്നു. പൊലീസെത്തി രംഗം ശാന്തമാക്കി. ബഹളമുണ്ടാക്കിയ ഒരാളെ കസ്റ്റഡിയിലെടുത്തു. ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ വാർഡ് 19-ൽ ഉൾപ്പെട്ട ബൂത്തിൽ ചില രാഷ്ട്രീയ സംഘടനകളുടെ പ്രവർത്തകർ ബൂത്തിനകത്ത് കയറി വോട്ട് അഭ്യർത്ഥന നടത്തിയത് വാക്കേറ്റത്തിന് കാരണമായി. ശിവഗിരി മഠത്തിലെ സന്യാസിമാരും, ബ്രഹ്മചാരികളും ശിവഗിരി മട്ടിൻമൂട്ടിലെ ഇറിഗേഷൻ ഓഫീസിലെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ ഇറിഗേഷൻ ഓഫീസിലും ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അരുവിപ്പുറത്തുമാണ് വോട്ട് രേഖപ്പെടുത്തിയത്. സ്വാമി വിശാലനന്ദ, സ്വാമി ഗുരുപ്രസാദ്, സ്വാമി ഋതംഭരാനന്ദ എന്നിവരും വോട്ട് രേഖപ്പെടുത്തി.