1

കുളത്തൂർ: ആദ്യം മിന്നുകെട്ട്, അവിടുന്ന് പോളിംഗ് ബൂത്തിൽ..... വിവാഹം കഴിഞ്ഞുടൻ വോട്ടിടാനെത്തിയ നവ ദമ്പതികൾ വോട്ടർമാർക്ക് കൗതുകമായി. തിരുവനന്തപുരം നഗരസഭയിലെ പൗണ്ടുകടവ് വാർഡിലെ വലിയവേളി ഗവ. എൽ.പി സ്‌കൂളിലെ ബൂത്താണ് അസുലഭ മഹൂർത്തതിന് സാക്ഷിയായത്.

ശംഖുംമുഖം സ്വദേശി പ്രതീഷ് ലോറൻസും വലിയ വേളി സ്വദേശി വിയാനി ടൈറ്റസും തമ്മിലുള്ള വിവാഹം വെട്ടുകാട് മാദ്രേ ദേ ദേവൂസ് ചർച്ചിൽ ഇന്നലെയാണ് നടന്നത്. വലിയവേളിയിലെ വോട്ടറായ വിയാനിയുടെ വോട്ട് ചെയ്യാനാണ് ദമ്പതികൾ ഒരുമിച്ചെത്തിയത്. വിവാഹം നേരത്തെ നിശ്ചയിച്ചിരുന്നതാണ്. വിവാഹത്തിന്റെ തിരക്കിലും വോട്ടിടാൻ പോകണമെന്ന് വിയാനി പ്രതീഷിനോട് പറഞ്ഞിരുന്നു. വെട്ടുകാട്ടെ തന്റെ ബൂത്തിൽ വധുവിനൊപ്പം ചെന്ന് വോട്ടിട്ട ശേഷമേ വീട്ടിലേക്ക് പോകൂ എന്ന് പ്രതീഷ് പറഞ്ഞു.

ചർച്ചിൽ രാവിലെ 11നായിരുന്നു മിന്നുകെട്ട്. തുടർന്ന് സമീപത്തെ പാരിഷ് ഹാളിൽ നടന്ന ഭക്ഷണ സൽക്കാരവും കഴിഞ്ഞാണ് വൈകിട്ട് മൂന്നോടെ വിവാഹ വേഷത്തിൽ ദമ്പതികൾ പോളിംഗ് ബൂത്തിലെത്തിയത്. തിരക്ക് കുറവായിരുന്നതിനാൽ നവദമ്പതികൾക്ക് വോട്ടിടാൻ ഏറെനേരം കാത്തുനിൽക്കേണ്ടി വന്നില്ല.