photo

നെടുമങ്ങാട്: തദ്ദേശ തിരഞ്ഞെടുപ്പിൽ മലയോര മേഖലയിൽ വോട്ടർമാരുടെ കുത്തൊഴുക്ക്. നെടുമങ്ങാട് നഗരസഭയിലെ 45 ബൂത്തുകൾ ഉൾപ്പടെ താലൂക്ക് പരിധിയിലെ 814 പോളിംഗ് സ്റ്റേഷനുകളിലും വോട്ടിംഗ് ശതമാനം എഴുപത് കടന്നു. വോട്ടെടുപ്പ് ആരംഭിച്ചത് മുതൽ നീണ്ട നിരയാണ് മിക്കയിടങ്ങളിലും ദൃശ്യമായത്. സമയം അവസാനിച്ചിട്ടും ബൂത്തുകളുടെ മുന്നിൽ നിര പ്രകടമായിരുന്നു. നഗരസഭയിലെ മഞ്ച, തോട്ടുമുക്ക് ബൂത്തുകളിൽ ആൾക്കൂട്ടം തിക്കിത്തിരക്കി സംഘർഷത്തിന്റെ വക്കിലെത്തി. തോട്ടുമുക്ക് ബൂത്തിൽ വോട്ടെടുപ്പ് ഒരു മണിക്കൂറോളം നീണ്ടു. എൻ.ഇ.എസ് ബ്ലോക്കിൽ സി.പി.എം - ബി.ജെ.പി പ്രവർത്തകരും മന്നൂർക്കോണത്ത് സി.പി.എം - കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. നഗരസഭയിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ള വാണ്ട, പത്താംകല്ല്, തോട്ടുമുക്ക് ബൂത്തുകളിൽ രണ്ടു മണിക്കൂറോളം കാത്ത് നിന്നാണ് സ്ത്രീകളടക്കമുള്ള വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിച്ചത്. നെട്ട കാവോട്ടുമൂലയിൽ ബൂത്ത് ഒരുക്കവുമായി ബന്ധപ്പെട്ട് സി.പി.എം പ്രവർത്തകനെ കൈയേറ്റം ചെയ്ത നാല് ബി.ജെ.പിക്കാർക്കെതിരെ പൊലീസ് കേസെടുത്തു. മുൻ തിരഞ്ഞെടുപ്പുകളെ വെല്ലുന്ന തരത്തിലായിരുന്നു ആദ്യ മണിക്കൂറുകളിലെ പോളിംഗ് ശതമാനം. ഉച്ചയോടെ മന്ദഗതിയിലായി. മൂന്നരയോടെ വൻ ഒഴുക്കായിരുന്നു. നെടുമങ്ങാട് ഡിവൈ.എസ്.പി ഉമേഷിന്റയും ഇൻസ്‌പെക്ടർ രാജേഷ് കുമാറിന്റെയും നേതൃത്വത്തിൽ പോളിംഗ് സ്റ്റേഷനുകളിൽ പൊലീസ് ശക്തമായ നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. താലൂക്കിൽ 814 ബൂത്തുകളിലായി 2244 പോളിംഗ് ഉദ്യോഗസ്‌ഥരാണ് പോളിംഗ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്. നെടുമങ്ങാട് ബ്ലോക്കിൽ 208 ബൂത്തുകളും വാമനപുരത്ത് എട്ടു പഞ്ചായത്തുകളിലായി 275 ബൂത്തുകളും വെള്ളനാട് ബ്ലോക്കിൽ 264 ബൂത്തുകളും ക്രമീകരിച്ചിരുന്നു. 33 ബൂത്തുകൾ പ്രശ്ന ബാധിതമെന്ന് റിപ്പോർട്ടുണ്ടായിരുന്നുവെങ്കിലും അനിഷ്ടസംഭവങ്ങൾ ഉണ്ടായില്ല. വെമ്പായം ഗ്രാമപഞ്ചായത്തിൽ 42, കരകുളം 59, അരുവിക്കര 40, ആനാട് 39, പനവൂർ 28, വാമനപുരം ബ്ലോക്കിൽ വാമനപുരം ഗ്രാമപഞ്ചായത്ത് 30, പെരിങ്ങമ്മല 34, നന്ദിയോടും പാങ്ങോടും 36 വീതം, മാണിക്കൽ 43, നെല്ലനാട് 32 എന്നിങ്ങനെയാണ് പോളിംഗ് സ്റ്റേഷനുകൾ സജീകരിച്ചിരുന്നത്.

വോട്ടിംഗ് മെഷീൻ വില്ലനായി

നെടുമങ്ങാട്: നഗരസഭയിലും സമീപ പഞ്ചായത്തുകളിലും പല ബൂത്തുകളിലും വോട്ടെടുപ്പ് യന്ത്രം തകരാറിലായത് മണിക്കൂറുകളോളം വോട്ടെടുപ്പ് നിറുത്തി വയ്ക്കാൻ ഇടയാക്കി. തകരാറിലായ യന്ത്രങ്ങൾ ശരിയാക്കി പുതിയവ സ്ഥാപിക്കാൻ ഒന്നര മണിക്കൂറോളം വേണ്ടി വന്നു. സ്ത്രീകളടക്കമുള്ളവർ പൊരിവെയിലത്ത് ഇത്രയും സമയം കാത്തു നിന്നാണ് വോട്ട് രേഖപ്പെടുത്തിയത്. നഗരസഭാ പേരയത്തുകോണം വാർഡിലെ കർഷക സഹായി ഗ്രന്ഥശാല ഹാളിൽ രാവിലെ എട്ടരയോടെ തകരാറിലായ വോട്ടിംഗ് യന്ത്രം മാറ്റി പകരം സ്ഥാപിക്കാൻ രണ്ടു മണിക്കൂറെടുത്തു.
കണ്ണാറങ്കോട് വാർഡിൽ രാവിലെ മുതൽ വോട്ടെടുപ്പ് മന്ദഗതിയിലായിലായിരുന്നു. രാവിലെ വോട്ട് രേഖപ്പെടുത്തി ജോലിക്ക് പോകാൻ എത്തിയവർ വിഷമവൃത്തത്തിലായി. കാത്തുനിന്ന് മടുത്ത പലരും വോട്ട് രേഖപ്പെടുത്താതെ മടങ്ങി. വിവരം അറിഞ്ഞ് ഇലക്‌ഷൻ രജിസ്‌ട്രേഷൻ ഓഫീസർ എത്തി ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയ ശേഷമാണ് വോട്ടെടുപ്പ് കുറേയെങ്കിലും വേഗത്തിലാക്കാൻ കഴിഞ്ഞത്. ആനാട് പഞ്ചായത്തിലെ ചന്ദ്രമംഗലം ഒന്നാം ബൂത്തായ എസ്.എൻ.വി.എച്ച്.എസ്.എസിൽ രാവിലെ തകരാറിലായ വോട്ടിംഗ് യന്ത്രം ശരിയാക്കി വോട്ടിംഗ് പുനരാരംഭിക്കാൻ ഒരു മണിക്കൂറെടുത്തു. ആനാട് ഗവ .എൽ.പിഎസിൽ നെട്ടറകോണം വാർഡിലെ ബൂത്തിൽ തുടക്കത്തിൽ തന്നെ യന്ത്രം തകരാറിലായി. മറ്റൊരു യന്ത്രം സ്ഥാപിച്ച് വോട്ടിംഗ് പുനരാരംഭിച്ചപ്പോൾ ഒമ്പതരയായി. പനവൂർ പഞ്ചായത്തിലെ മൊട്ടക്കാവ് വാർഡ് അങ്കണവാടി ബൂത്തിൽ രാവിലെ എട്ടര കഴിഞ്ഞതോടെ വോട്ടിംഗ് യന്ത്രം തകരാറിലായി. ഇവിടെയും വോട്ടർമാർക്ക് ഏറെ സമയം കാത്ത് നിൽക്കേണ്ടിവന്നു.