തിരുവനന്തപുരം:തദ്ദേശ തിരഞ്ഞെടുപ്പിൽ കോർപറേഷനിലെ നൂറു വാർഡുകളിലേക്കുള്ള വോട്ടെടുപ്പ് പൂർത്തിയായപ്പോൾ വിധി പ്രവചനാതീതം. മൂന്നു മുന്നണികളും അഭിമാനപ്പോരാട്ടം നടത്തുന്ന കോർപറേഷനിലെ പോളിംഗ് ശതമാനം ആദ്യാവസാനം മാറിമറിഞ്ഞു. പ്രാഥമിക കണക്ക് പ്രകാരം 60ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 2015ൽ ഇത് 62.9 ശതമാനമായിരുന്നു. കൊവിഡ് പശ്ചാത്തലത്തിൽ പോളിംഗ് ശതമാനം കുത്തനെ കുറയുമെന്ന് കരുതിയെങ്കിലും മുൻവർഷത്തെ അപേക്ഷിച്ച് വലിയ കുറവുണ്ടാകാത്തതിൽ മുന്നണികൾ എല്ലാം ആശ്വാസത്തിലാണ്. നിലവിലെ സാഹചര്യം അനുകൂലമാണെന്ന കണക്കുകൂട്ടലിലാണ് മൂന്നു മുന്നണികളും. നഗരത്തിൽ 814 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജമാക്കിയിരുന്നത്. ഏഴുമണിയോടെ പോളിംഗ് ആരംഭിച്ചു. ആദ്യമണിക്കൂറിൽ നല്ല പോളിംഗാണ് വിവിധ വാർഡുകളിൽ രേഖപ്പെടുത്തിയത്. തിരുവനന്തപുരം കോർപറേഷനിൽ ആകെയുള്ള 8,02, 817 വോട്ടർമാരിൽ 48,793 പേർ ആദ്യ മണിക്കൂറിൽ സമ്മതിദാന അവകാശം വിനിയോഗിച്ചു. വട്ടിയൂർക്കാവ് വാർഡിലായിരുന്നു ആദ്യഘട്ടത്തിൽ ഉയന്ന പോളിംഗ് രേഖപ്പെടുത്തിയത്. ഇവിടെ 7,901 വോട്ടർമാരിൽ 960 പേർ എട്ട് മണിയോടെ വോട്ടുചെയ്തു.
രണ്ടു മണിക്കൂർ പിന്നിട്ടതോടെ ആകെ വോട്ടർമാരിൽ 5,55,875 പേർ വോട്ട് രേഖപ്പെടുത്തി. അപ്പോഴേക്കും വട്ടിയൂർക്കാവിനെ മറികടന്ന് ചന്തവിള പോളിംഗ് ശതമാനത്തിൽ മുന്നിലെത്തി.തൊട്ടുപിന്നിൽ ഞാണ്ടൂർക്കോണവും പൊന്നുമംഗലവും.ഉച്ചയ്ക്ക് ഒരുമണിയോടെ ആകെ പോളിംഗ് 45 ശതമാനം കടന്നു. 21 ട്രാൻസ് ജൻഡർമാരിൽ ഏഴുപേരും വോട്ട് രേഖപ്പെടുത്തി. രണ്ടു മണിയോടെ സി.പി.എമ്മിലെ സിറ്റിംഗ് കൗൺസിലർ സഫീറാബീഗവും ബി.ജെ.പിയുടെ കോർപറേഷൻ കക്ഷി നേതാവ് എം.ആർ.ഗോപനും ഏറ്രുമുട്ടുന്ന പൊന്നുമംഗലം വാർഡ് മുന്നിലെത്തി. സി.പി.എമ്മിലെ സിറ്റിംഗ് കൗൺസിലർ പുഷ്‌പലതയും ബി.ജെ.പി നേതാവ് കരമന അജിത്തും ബലാബലം പരീക്ഷിക്കുന്ന നെടുങ്കാടായിരുന്നു തൊട്ടു പിന്നിൽ. ബീമാപള്ളിയിലും നന്തൻകോട്ടുമാണ് പോളിംഗിൽ ഏറ്റവും പിന്നിൽ.പോളിംഗ് അവസാനിക്കാറായപ്പോൾ അഞ്ചരയോടെ നില വീണ്ടും മാറി. കഴിഞ്ഞ തവണ 28 വോട്ടിന് യു.ഡി.എഫിലെ ഓമന വിജയിച്ച മുല്ലൂർ 71.61 ശതമാനം പോളിംഗിൽ മുന്നിലെത്തി. പോളിംഗ് അവസാനിച്ചശേഷം രാത്രി 7.30ന് ചിത്രം വീണ്ടും മാറി ശക്തമായ ത്രികോണ മത്സരം നടക്കുന്ന പുഞ്ചക്കരി പോളിംഗിൽ മുന്നിലെത്തി 72.66 ശതമാനം.അപ്പോഴും 40.71 ശതമാനവുമായി നന്തൻകോടാണ് ഏറ്റവും പിന്നിൽ.വൈകിട്ട് ആറോടെ ബൂത്തുകളിൽ വോട്ടെടുപ്പ് നടപടികൾ പൂർത്തിയായപ്പോഴും തീരദേശ മേഖലകളിലടക്കം നീണ്ട നിര ദൃശ്യമായിരുന്നു. ആറു മണിക്ക് ക്യൂവിലുള്ളവർക്ക് പൊലീസ് ടോക്കൺ നൽകി. വൈകിയെത്തിവരെ പോളിംഗ് കേന്ദ്രത്തിൽ പ്രവേശിപ്പിക്കാത്തതിൽ പലയിടങ്ങളിലും പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റമായി.അഞ്ചുമണിക്ക് മുമ്പ് പോളിംഗ് ബൂത്തിലെത്തിയ കൊവിഡ് ബാധിതരുടെയും നിരീക്ഷണത്തിലുള്ളവരുടെയും വോട്ടെടുപ്പ് കൂടി പൂർത്തിയാക്കിയതോടെ രാത്രിയോടെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ സ്‌ട്രോംഗ് റൂമുകളിലേക്ക് മാറ്റി. നാലാഞ്ചിറ മാർ ഇവാനിയോസ് വിദ്യാനഗറിലെ സർവോദയ സ്കൂളിലാണ് യന്ത്രങ്ങൾ സൂക്ഷിക്കുന്നത്.